മെഡിക്കല്‍ കോളജില്‍ രോഗിക്ക് മരുന്ന് മാറി നല്കി; നഴ്സിന് സസ്പെന്ഷന്
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സാംക്രമിക രോഗ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രോഗിക്ക് മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. സംഭവത്തെത്തുടര്‍ന്ന് ഡ്യൂട്ടി നഴ്സിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമികാന്വേഷണത്തെ തുടര്‍ന്നാണ് നഴ്സിനെ സസ്പെന്‍ഡ് ചെയ്തത്. നഴ്സ് രോഗിക്ക് മരുന്ന് മാറി നല്‍കിയത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഡോക്ടറെ അറിയിക്കുകയും വയറ് കഴുകുകയും വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്തു. കൂടുതല്‍ നിരീക്ഷണത്തിനും തുടര്‍ ചികിത്സയ്ക്കുമായി രോഗിയെ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിലേക്ക് മാറ്റി.
രോഗി പൂര്‍ണമായും അപകടനില തരണം ചെയ്തിട്ടുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നുണ്ടെങ്കിലും സംഭവത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്താണ് അന്വേഷണം നടത്തി നഴ്സിനെ സസ്പെന്‍ഡ് ചെയ്തത്. ആര്.എം.ഒ, മെഡിസിന് വിഭാഗം മേധാവി, ഫാര്‍മക്കോളജി വിഭാഗം മേധാവി, നഴ്സിങ് ഓഫിസര്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടരന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, മരുന്നു മാറി നല്കിയ രോഗിയുടെ ചികിത്സാ ചെലവും തുടര്‍ ചികിത്സാ ചെലവും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശ പ്രകാരം സൗജന്യമായി നല്‍കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."