ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പര: പാണ്ഡ്യയുടെ മികവില്‍ ഇന്ത്യ
ചെന്നൈ: ഇടയ്ക്ക് പെയ്ത മഴയ്ക്കും ഇന്ത്യയുടെ വിജയക്കുതിപ്പിന് തടയിടാന്‍ സാധിച്ചില്ല. ആസ്‌ത്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 26 റണ്‍സ് വിജയം. ഡെക്ക്‌വര്‍ത്ത് ലൂയീസ് നിയമപ്രകാരമാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തു. ഇന്ത്യയുടെ ബാറ്റിങ് കഴിഞ്ഞതിന് പിന്നാലെ മഴയെത്തി. മഴ മാറി ആസ്‌ത്രേലിയയുടെ വിജയം പുനര്‍നിര്‍ണയിച്ചു. 21 ഓവറില്‍ 164 റണ്‍സായിരുന്നു അവര്‍ക്ക് മുന്നിലുള്ള ലക്ഷ്യം. 21 ഓവറില്‍ ഓസീസ് ബാറ്റിങ് നിര ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെന്ന നിലയില്‍ പോരാട്ടം അവസാനിപ്പിച്ചു. ബാറ്റിങിലും ബൗളിങിലും തിളങ്ങി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഹര്‍ദിക് പാണ്ഡ്യയാണ് കളിയിലെ കേമന്‍.
മഴയെ തുടര്‍ന്ന് കുതിര്‍ന്ന പിച്ചില്‍ ഇന്ത്യയുടെ പേസ്- സ്പിന്‍ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന പന്തുകള്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാരെ വെട്ടിലാക്കി. മൂന്ന് വിക്കറ്റുകളുമായി യുസ്‌വേന്ദ്ര ചഹല്‍ മുന്നില്‍ നിന്നപ്പോള്‍ കുല്‍ദീപ് യാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ഭുവനേശ്വര്‍ കുമാര്‍ ബുമ്‌റ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 18 പന്തില്‍ നാല് സിക്‌സും മൂന്നും ഫോറുമടക്കം 39 റണ്‍സ് വാരി ഇന്ത്യയെ വിറപ്പിച്ച മാക്‌സ്‌വെല്ലാണ് ഓസീസ് ടോപ് സ്‌കോറര്‍. ഓപണര്‍ വാര്‍ണര്‍ 25 റണ്‍സില്‍ പുറത്തായി. വാലറ്റത്ത് ഫോക്‌നര്‍ പുറത്താകാതെ നേടിയ 32 റണ്‍സ് ഇന്ത്യന്‍ വിജയം വൈകിപ്പിച്ചു. മറ്റൊരാള്‍ക്കും രണ്ടക്കം കടക്കാനും സാധിച്ചില്ല.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 87 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യയുടെ അഞ്ച് മുനിര ബാറ്റ്‌സ്മാന്‍മാര്‍ കൂടാരം കയറി. രഹാനെ (അഞ്ച്), രോഹിത് (28) എന്നിവരും പിന്നാലെ എത്തിയ കോഹ്‌ലി, മനീഷ് പാണ്ഡെ എന്നിവര്‍ സംപൂജ്യരായും മടങ്ങി. മധ്യനിരയും വാലറ്റവും ജാഗ്രതയോടെ കളിച്ചാണ് ഇന്ത്യക്ക് പൊരുതാവുന്ന ടോട്ടല്‍ സമ്മാനിച്ചത്. 66 പന്തില്‍ അഞ്ച് വീതം സിക്‌സും ഫോറും പറത്തി ഹര്‍ദിക് പാണ്ഡ്യ 83 റണ്‍സ് വാരി ഇന്ത്യയുടെ ടോപ് സ്‌കോററായി. മികച്ച ഫോമില്‍ നില്‍ക്കുന്ന ധോണി ഹര്‍ദികിന് പൂര്‍ണ പിന്തുണ നല്‍കിയതോടെ ഇന്ത്യ ട്രാക്കിലായി. ധോണി നാല് ഫോറും രണ്ട് സിക്‌സും തൂക്കി 79 റണ്‍സ് കണ്ടെത്തി. കേദാര്‍ ജാദവ് (40), ഭുവനേശ്വര്‍ കുമാര്‍ (പുറത്താകാതെ 32) എന്നിവരും ഇന്ത്യന്‍ ഇന്നിങ്‌സിലേക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കി.
രണ്ട് വിക്കറ്റുകളെടുത്ത സ്റ്റോയിനിസ്, മൂന്ന് വിക്കറ്റെടുത്ത കോള്‍ടര്‍നെയ്ല്‍ എന്നിവരുടെ ബൗളിങാണ് ഇന്ത്യയെ കുഴക്കിയത്. ഫോക്‌നര്‍, സാംപ എന്നിവര്‍ ഓരോ വിക്കറ്റും പിഴുതു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."