ഐക്യ ഫലസ്തീന്‍: ഫതഹുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് ഹമാസ്
ഗാസ: ഐക്യ ഫലസ്തീന് സന്നദ്ധത അറിയിച്ച് ഹമാസ്. ഫലസ്തീനില്‍ ഐക്യ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചക്ക് തയാറാണെന്ന് ഹമാസ് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.
ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ പാര്‍ട്ടിയായ ഫതഹും ഹമാസും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന ശത്രുത അവസാനിക്കുമെന്ന ശുഭ സൂചനയാണ് ഹമാസിന്റെ പ്രസ്താവനയിലൂടെ പുറത്ത്‌വന്നത്. ഐക്യ ഫലസ്തീന്‍ രൂപീകരിക്കാനായി കഴിഞ്ഞയാഴ്ച ഈജിപ്ത് അധികൃതര്‍ ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ്യയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഐക്യ പ്രസ്താവനയെന്ന് ഹമാസ് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു.
ഐക്യ ഫലസ്തീന്‍ രൂപീകരണത്തിനായി ഫതഹ് പാര്‍ട്ടി നേരത്തെ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഹമാസ് അറിയിച്ചു. 2007 മുതല്‍ ഹമാസ് ഭരിക്കുന്ന ഗാസ പ്രദേശം ഫലസ്തീനില്‍ ലയിക്കണമെന്ന ആവശ്യമാണ് ഫതഹ് പ്രധാനമായും മുന്നോട്ട് വച്ചത്.
ഗാസയില്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ ശക്തമായ ഉപരോധമാണ് ഫലസ്തീനിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. വൈദ്യുതി അടക്കമുള്ള അവശ്യസൗകര്യങ്ങള്‍ ഇവിടെ ലഭ്യമാകാതായിട്ട് മാസങ്ങളായി.
ഇസ്‌റാഈലിന്റെ നേതൃത്വത്തില്‍ ഗാസ ഉപരോധിക്കാന്‍ തുടങ്ങിയിട്ട് ഒരു ദശകത്തോളമായി. സമീപ രാജ്യങ്ങളായ ഈജിപ്തും ഗാസയിലേക്കുള്ള വഴികള്‍ പലതും അടച്ചതോടെ ഇവിടങ്ങളിലെ ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്. 20 ലക്ഷത്തോളം വരുന്ന ഗാസയിലെ ജനങ്ങള്‍ തൊഴിലില്ലായ്മയില്‍ വളരെ മുന്‍പന്തിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."