അമിത വൈദ്യുതിപ്രവാഹം; നിരവധി വീടുകള്‍ക്ക് നാശനഷ്ടം
പേരാമ്പ്ര: അമിത വൈദ്യുതിപ്രവാഹം കാരണം നിരവധി വീടുകള്‍ക്ക് നാശനഷ്ടം. പേരാമ്പ്ര സില്‍വര്‍ കോളജിനു സമീപം കണിയാംകണ്ടി റസാഖിന്റെ വീട്ടിലെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വന്‍നഷ്ടമുണ്ടായി. ടെലിവിഷന്‍, വാഷിങ് മെഷീന്‍ തുടങ്ങി മറ്റു ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിക്കുകയും വീടിന്റെ ചുമര്‍, വാര്‍പ്പ് എന്നിവക്ക് വിള്ളലുണ്ടാവുകയും ചെയ്തു. അടുക്കളയില്‍ സൂക്ഷിച്ച നിരവധി ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. പേരാമ്പ്രയില്‍നിന്നു രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സും പൊലിസും എത്തിയാണ് തീയണച്ചത്.
അമിതമായ വൈദ്യുതിപ്രവാഹത്തെ തുടര്‍ന്ന് പ്രദേശത്തെ നിരവധി വീടുകളിലെ വൈദ്യുതി ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. കണിയാംകണ്ടി ഫാത്തിമ, കണിയാംകണ്ടി അനസ്, കുന്നോത്ത്‌പൊയില്‍ ടി. പ്രദീപന്‍ എന്നിവരുടെ വീടിന്റെ ചുമരുകള്‍ക്ക് വിള്ളല്‍ വീഴുകയും ഇലക്ട്രിക് ഉപകരണങ്ങളും വയറിങ്ങും നശിക്കുകയും ചെയ്തു. പുക നിറയുകയും വൈദ്യുതി തടസപ്പെടുകയും ചെയ്തതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ സാധിച്ചിട്ടില്ല. കേടുപാടുകള്‍ സംഭവിച്ച നിരവധി വീടുകള്‍ ഈ പരിസരത്തുണ്ട്. പല വീടുകളിലുള്ളവരും അവധി ദിവസമായതിനാല്‍ ബന്ധുവീട്ടില്‍ വിരുന്നു പോയിരിക്കുകയായിരുന്നു. ഇവര്‍ തിരിച്ചെത്തിയാലെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച കുടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു. നിരന്തരമായി ഉണ്ടാകുന്ന ഈ ദുരവസ്ഥ പരിഹരിക്കണമെന്ന അപേക്ഷ അധികൃതര്‍ ചെവിക്കൊള്ളാത്തതാണ് വീണ്ടും അപകടമുണ്ടാകാന്‍ ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."