ജലപാതാ വികസനം: പൊതുമേഖലാ കമ്പനിക്കായി പ്രാരംഭ പ്രവര്‍ത്തനം തുടങ്ങി
കണ്ണൂര്‍: സംസ്ഥാന ജലപാത പ്രവൃത്തികള്‍ക്ക് വേഗം വച്ചു. മാഹി-വളപട്ടണം ജലപാതാ വികസനത്തിനായി പൊതുമേഖലാ കമ്പനി രൂപീകരിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കൊല്ലം തുറമുഖത്ത് പാസഞ്ചര്‍ ടെര്‍മിനല്‍, ബേപ്പൂര്‍ തുറമുഖത്ത് വാര്‍ഫിന്റെ നീളം വര്‍ധിപ്പിക്കല്‍ പദ്ധതികളോടൊപ്പമാണ് മാഹി-വളപട്ടണം ജലപാതക്കായി മൂന്ന് അണ്‍കട്ട് ഭാഗങ്ങളുടെ നിര്‍മാണം ഉള്‍പ്പടെയുള്ള പ്രവൃത്തികള്‍ക്കായി സിയാലിന്റെ പങ്കാളിത്തതോടെ പൊതുമേഖലാ കമ്പനി രൂപീകരിക്കുന്നതിനായി സര്‍ക്കാര്‍ തീരുമാനിച്ചത്.
മാഹി-തലശ്ശേരി നിര്‍ദിഷ്ട ജലപാത ഇല്ലിക്കുന്നില്‍ എരഞ്ഞോളി പുഴയില്‍ ചേരുന്ന രൂപത്തിലാണ് പദ്ധതി. അഞ്ചരക്കണ്ടി പുഴയുമായി യോജിപ്പിക്കുന്നതിനായി ഒരുകിലോമീറ്റര്‍ കനാല്‍ നിര്‍മിക്കും. അഞ്ചരക്കണ്ടി പുഴ ഒഴുകുന്ന മമ്മാക്കുന്നില്‍നിന്ന് വളപട്ടണം പുഴയിലേക്ക് മറ്റൊരു കനാലും നിര്‍മിക്കും. തങ്കേക്കുന്ന്, മുണ്ടയാട്, കാഞ്ഞിരോട് എന്നിവിടങ്ങളിലൂടെ കക്കാട് പുഴയിലേക്കും തുടര്‍ന്ന് വളപട്ടണം പുഴയിലേക്കും പാതയെത്തും. ഒരു പുഴയില്‍ നിന്ന് മറ്റൊരു പുഴയിലേക്ക് കൃത്രിമ കനാലും നിര്‍മിക്കും.
അണ്ടലൂരില്‍ അഞ്ചരക്കണ്ടി പുഴയില്‍ ചേരുന്ന പാത കീഴല്ലൂര്‍ വരെ വികസിപ്പിച്ച് കണ്ണൂര്‍ വിമാനത്താവളത്തിലേക്കും വളപട്ടണം പുഴയില്‍ നിന്ന് ഇരിക്കൂര്‍, കുപ്പം വഴി ചപ്പാരപ്പടവ് എന്നിവിടങ്ങളിലേക്ക് അനുബന്ധപാതകള്‍ നിര്‍മിക്കുന്നതിനും ഭാവി പദ്ധതിയുണ്ട്. മാഹി മുതല്‍ വളപട്ടണം വരെയുള്ള 77 കി.മി ദൂരമാണ് വിഭാവനം ചെയ്തത്. ഇതില്‍ 26 കി.മി കനാല്‍ നിര്‍മിക്കേണ്ടിവരും. വളപട്ടണം പുഴക്കും കക്കാട് പുഴക്കും ചരക്കു നീക്കത്തില്‍ നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഈ മാതൃകയിലാണ് പദ്ധതി നടപ്പാക്കുക. ഇതോടെ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം കുറയും. പ്രകൃതി വാതകം, വളം, സിമന്റ് തുടങ്ങി നിരവധി വസ്തുക്കള്‍ പദ്ധതി നടപ്പാകുന്നതോടെ ജലപാത വഴി നീങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."