കഥയുടെ കടലിരമ്പുന്ന മനസുമായി കെ.പി രാമനുണ്ണി
അഴിത്തല: തന്റെ നോവലിനു പശ്ചാത്തലമായ അഴിത്തല കടപ്പുറത്തു വീണ്ടുമെത്തിയപ്പോള്‍ നോവലിസ്റ്റ് കെ.പി രാമനുണ്ണിയുടെ മനസില്‍ ഓര്‍മയുടെ കടലിരമ്പി. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നോവല്‍ 'ജീവിതത്തിന്റെ പുസ്തക'ത്തിനു പശ്ചാത്തലമായതും നോവലിന്റെ വിവിധ അധ്യായങ്ങള്‍ എഴുതിയതും അഴിത്തലയിലും തൈക്കടപ്പുറത്തും നിന്നാണ്. യാന്ത്രികമായ സന്തോഷരഹിത ലോകത്തു നിന്നു ബദല്‍ ലോകത്തിലേക്കു പോകാനുള്ള ത്വരയാണ് തന്നെ ഇവിടെയെത്തിച്ചതെന്ന് രാമനുണ്ണി പറഞ്ഞു. നീലേശ്വരത്തിനടുത്ത പടന്നക്കാട് നടന്ന ട്രെയിനപകടവും തുടര്‍ന്നു നായകനായ ഗോവിന്ദ വര്‍മയുടെ ജീവിതത്തിലുണ്ടായ പരിണാമങ്ങളുമാണു നോവലിന്റെ പ്രമേയം.
നോവലെഴുതാനുള്ള ആലോചന നടക്കുമ്പോള്‍ തന്റെ മനസില്‍ അഴിത്തല കടപ്പുറവും അജാനൂര്‍ കടപ്പുറവും ഉണ്ടായിരുന്നില്ലെന്നും സാംസ്‌കാരിക വൈവിധ്യം തേടിയുള്ള യാത്രയാണു തന്നെ ഇവിടെ എത്തിച്ചതെന്നും രാമനുണ്ണി പറഞ്ഞു. ഇവിടങ്ങളിലെ മുക്കുവരുടെ ജീവിതം നിഷ്‌കളങ്കമാണെന്നതും തന്നെ സ്വാധീനിച്ചതായും അദ്ദേഹം സൂചിപ്പിച്ചു. നോവലിന്റെ രചനയ്ക്കായി അഞ്ചു മാസത്തോളം രാമനുണ്ണി ഇവിടെ വന്നും പോയുമിരുന്നിരുന്നു. സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട്, നെയ്തല്‍ പ്രവര്‍ത്തകന്‍ കെ. പ്രവീണ്‍ കുമാര്‍, മത്സ്യത്തൊഴിലാളിയായ സദു തുടങ്ങി നിരവധി പേര്‍ തന്റെ സഹായത്തിനായി ഉണ്ടായിരുന്നതായും അദ്ദേഹം ഓര്‍ത്തെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."