റോഡ് കൈയേറ്റം; ബിനാമികളെ പിടികൂടാന്‍ വിജിലന്‍സ് അന്വേഷണത്തിന് വകുപ്പ് മന്ത്രിയുടെ നിര്‍ദേശം
ആലപ്പുഴ: 140 മണ്ഡലങ്ങളിലെയും റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 300 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചുവെന്നും മെയ് 15നാരംഭിച്ച മഴ തുടരുന്നതാണ് സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് തടസ്സമാകുന്നതെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. റോഡുകള്‍ നാല് വരിയായത് കൊണ്ട് മാത്രം സഞ്ചാരസൗകര്യം വര്‍ധിക്കുകയില്ല. റോഡ് കൈയേറ്റങ്ങള്‍ പൂര്‍ണമായി ഒഴിവാക്കണം. റോഡ് കൈയേറി കച്ചവടം നടത്തുന്നവരില്‍ പലരും ബിനാമികളാണ്.ഇത്തരക്കാരെ കണ്ടെത്തി ഒഴിപ്പിക്കാന്‍ വ്യാപാരി വ്യവസായി സംഘടനകള്‍ മുന്‍കൈയെടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
റോഡ് കൈയേറി കച്ചവടം നടത്തുന്ന ബിനാമികളെ പിടികൂടാന്‍ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.ചേര്‍ത്തല-കഴക്കൂട്ടം നാല് വരിപ്പാതയുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.അടുത്തിടെ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച ഉറപ്പ് ലഭിച്ചതായി അദ്ദേഹം പറഞ്ഞു.പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ എട്ട് മാസത്തോളം വൈകിപ്പിച്ചത് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ്.പുനലൂര്‍-മുവാറ്റുപുഴ കെ.എസ്.ടി.പി റോഡിന് ലോക ബാങ്കിന്റെ അംഗീകാരം ലഭിച്ചിട്ടില്ലെന്ന വസ്തുത മനസ്സിലാക്കാതെയാണ് കോണ്‍ഗ്രസ് സമരം നടത്തിയത്.
സംസ്ഥാനത്തെ മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ മഴ മാറിയാലുടന്‍ നടത്തും.നോക്കുകൂലി വിഷയത്തില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല.മുഖ്യമന്ത്രി കൂടി ഈ വിഷയത്തില്‍ ഇടപെട്ടതോടെ പ്രശ്‌നം കൂടുതല്‍ ചര്‍ച്ചയായിട്ടുണ്ട്.ആലപ്പുഴയിലാണ് നോക്കുകൂലി പ്രശ്‌നം കൂടുതലായുള്ളത്.ഇപ്പോള്‍ ഇതിന് മാറ്റം വന്നിട്ടുണ്ടെന്നും നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.പൊതുമരാമത്ത് റെസ്റ്റ്ഹൗസുകളില്‍ ഒരു വി.ഐ പിക്കും സ്ഥിരമായ മുറിയില്ലെന്ന് മന്ത്രി പറഞ്ഞു.ആലപ്പുഴ റെസ്റ്റ്ഹൗസില്‍ നിന്ന് മന്ത്രി തോമസ് ഐസക്കിനെ ഒഴിപ്പിച്ചെന്ന തരത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാനമില്ലാത്തതാണ്.തോമസ് ഐസക്ക് മികച്ച ധനമന്ത്രിയാണ്.അദ്ദേഹം ഒട്ടേറെ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.പൊതുമരാമത്ത് വകുപ്പിന് എത്ര വേണമെങ്കിലും ഫണ്ട് നല്‍കാമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
അതേ സമയം സംസ്ഥാനത്തെ 150ഓളം വരുന്ന റെസ്റ്റ്ഹൗസുകളുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണ്.ഇത് കാര്യക്ഷമമാക്കുകയും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.പല റെസ്റ്റ്ഹൗസുകളും ക്രിമിനല്‍ സംഘങ്ങളുടെ താവളമാണ്.ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് ഇത് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."