കനത്ത മഴയില്‍ വെള്ളത്തിലായി; ജില്ല നിരവധി വീടുകളില്‍ വെള്ളം കയറി; വ്യാപക കൃഷി നാശം
ആലപ്പുഴ /കുട്ടനാട്: രണ്ടു ദിവസമായി തുടരുന്ന മഴയില്‍ ജില്ല വെള്ളത്തിലായി.താഴ്ന്ന പ്രദേശങ്ങളിലെ ജനജീവിതം ദുരിതത്തിലാണ്.ജില്ലയിലെ നൂറുകണക്കിന് വീടുകള്‍ വെള്ളത്തിലായതോടെ ആളുകള്‍ ബന്ധുവീടുകളില്‍ അഭയം തേടുകയാണ്.
വിവിധ പ്രദേശങ്ങളില്‍ കാറ്റിലും മഴയിലും വ്യാപക കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
കുട്ടനാട്ടിലെ ജലാശയങ്ങളിലെ ജലനിരപ്പുയരുന്നുണ്ട്. മഴ തുടര്‍ന്നാല്‍ വീണ്ടും കുട്ടനാട്ടില്‍ വെള്ളപ്പൊക്കത്തിന് സാധ്യത. നിലവില്‍ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്.
പമ്പാ, മണിമല നദികളിലെ ജലനിരപ്പുയര്‍ന്നതോടെ ചെറുതോടുകള്‍ കവിഞ്ഞ് വെള്ളം കയറുന്ന സ്ഥിതിയാണുള്ളത്. ആലപ്പുഴ ചങ്ങനാശേരി പാതയില്‍ മാമ്പുഴക്കരി ജങ്ഷനില്‍ വെള്ളക്കെട്ടായിട്ടുണ്ട്. പാതയില്‍ നിരവധി ഭാഗത്ത് വെള്ളക്കെട്ടുണ്ടെങ്കിലും ഗതാഗതത്തെ ബാധിച്ചിട്ടില്ല. കുട്ടനാട്ടിലെ ഇട റോഡുകളും മുട്ടാര്‍കിടങ്ങറ, വേഴപ്രതായങ്കരി, എടത്വാമങ്കോട്ടച്ചിറ, മങ്കൊമ്പ് ക്ഷേത്രം റോഡ് എന്നിവിടങ്ങളില്‍ വെള്ളം കയറി.മുട്ടാര്‍കിടങ്ങറ റോഡില്‍ ജലനിരപ്പുയര്‍ന്നാല്‍ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടും. പച്ചയില്‍ മരം വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ശക്തമായ കാറ്റില്‍ താലൂക്കിലെ മിക്കയിടങ്ങളിലും വൈദ്യുതി വിതരണവും തടസ്സപ്പെട്ടിട്ടുണ്ട്.
മങ്കൊമ്പ്, പുളിങ്കുന്ന്, കാവാലം, രാമങ്കരി, വെളിയനാട്, മുട്ടാര്‍, തലവടി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി.
ഭൂരിഭാഗം പാടങ്ങളിലും രണ്ടാംകൃഷിയില്ലാത്തതും പുഞ്ചക്കൃഷിക്കായുള്ള പമ്പിങ് ആരംഭിക്കാത്തതും കുട്ടനാട്ടില്‍ ജലനിരപ്പുയരുവാന്‍ കാരണമാകുന്നു.
കുട്ടനാട്ടില്‍ രണ്ടാം കൃഷിയുള്ള പാടശേഖരങ്ങളിലും വെള്ളം കയറുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. എടത്വാ, തകഴി, വീയപുരം കൃഷിഭവന്‍ കീഴില്‍ വരുന്ന മിക്ക പാടത്തും വിളവെടുപ്പിന് തയ്യാറായ നെല്‍ച്ചെടികള്‍ വീണ നിലയിലാണ്. മങ്കോട്ടച്ചിറ, എരവുകരി, ചുങ്കം, ഇടചുങ്കം പാടശേഖരങ്ങളില്‍ ഏക്കറുകണക്കിന് നെല്ല് വീണിട്ടുണ്ട്. പാടത്ത് വെള്ളക്കെട്ടായതിനാല്‍ കൊയ്ത്ത യന്ത്രം താഴുന്ന അവസ്ഥയയായതിനാല്‍ നെല്ല് കൊയ്‌തെടുക്കുവാന്‍ കഴിയാത്ത സ്ഥിതിയാണ്.
മഴ തോര്‍ന്ന് നെല്ലു കൊയ്‌തെടുക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാകും. കനത്ത മഴയിലാണ് പോളത്തുരുത്ത് മുണ്ടുതോട് പാടത്തെ വിളവെടുപ്പ് പൂര്‍ത്തിയാക്കിയത്. ഇവിയെ വിളവെടുത്ത നെല്ല് റോഡരികിലാണ് സംഭരിച്ചിരിക്കുന്നത്. പുഞ്ചക്കൃഷിക്കായി പമ്പിങ് ആരംഭിച്ചിട്ടുള്ള പാടശേഖരങ്ങളില്‍ ജലനിരപ്പില്‍ കാര്യമായ വ്യത്യാസമില്ലാത്തത് വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ വര്‍ധിപ്പിക്കുന്നു.
കനത്ത മഴയില്‍ കായംകുളത്തെ കൃഷ്ണപുരം ദേവികുളങ്ങര കണ്ടല്ലൂര്‍, മുതുകുളം, പത്തിയൂര്‍ പ്രദേശങ്ങള്‍ വെള്ളത്തിലാണ്.മഴ തുടര്‍ന്നാല്‍ ഈ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകും. നഗരത്തിന് കിഴക്ക് മലയന്‍ കനാല്‍ കരകവിഞ്ഞൊഴുകുന്നു. കൃഷ്ണപുരം ആറുകടമ്പ് തോട്, ഐക്യ ജംഗ്ഷനു സമീപം മുണ്ടകത്തില്‍ തോട്, ഇല്ലിക്കുളത്ത് തോട് എന്നിവയും നിറഞ്ഞിട്ടുണ്ട് .ഐക്യ ജംഗ്ഷന്‍,കണ്ണംപള്ളി ഭാഗം എന്നിവിടങ്ങളില്‍ നൂറോളം വീടുകളില്‍ വെള്ളം കയറി. ഇതിനെ തുടര്‍ന്ന് പലരും ബന്ധുവീടുകളിലേക്ക് താമസം മാറിയിരിക്കുകയാണ്. പല വീടുകളില്‍ അടുക്കളയില്‍ വെള്ളം കയറിയതിനാള്‍ അഹാരംപാചകം ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്.
കരിപ്പുഴ തോടിന്റെ ചില ഭാഗങ്ങള്‍ കരകവിഞ്ഞൊഴുകുന്ന സ്ഥിതിയിലാണ്. ദേവികുളങ്ങര, കൃഷ്ണപുരം, നഗരസഭതിര്‍ത്തിയിലെ വിളയില്‍ വയല്‍ഭാഗം ,പുള്ളിക്കണക്ക് പ്രദേശങ്ങളില്‍ ഇരുന്നുറോളം വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ചെറിയ തോടുകളും ഇടറോഡുകളും വെള്ളത്തില്‍ മുങ്ങി.വെള്ളം ഒഴുകി പോകുന്ന ഓടകളും കനാലുകളും സ്വകാര്യ വ്യക്തികള്‍ അടച്ച് വെച്ചതാണ് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.കാറ്റിലും മഴയിലും മാരാരിക്കുളം വടക്ക്കഞ്ഞിക്കുഴി പഞ്ചായത്തുകളില്‍ വ്യാപക കൃഷി നാശം. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ശക്തമായ മഴയില്‍ നെല്‍ ചെടികളും വിവിധയിനം പച്ചക്കറികളും നിലംപൊത്തി. കഞ്ഞിക്കുഴി പഞ്ചായത്തിലെ ജൈവ കര്‍ശകന്‍ ജ്യോതിഷിന്റെ കൃഷിയിടത്തില്‍ വിളവെടുപ്പിന് പാകമായ ഇളവന്‍,വെള്ളരി,ചീര,മത്തന്‍,പാവല്‍,പടവലം,വെണ്ട തുടങ്ങിയ വിവിധയിനം പച്ചക്കറികളാണ് നശിച്ചത്.
സുജിത്ത്,സാലുമോന്‍,ഭാഗ്യരാജ് തുടങ്ങിയവരുടെ പച്ചക്കറി തോട്ടങ്ങളും വെള്ളത്തിലാണ്. വെള്ള കെട്ട് ഒഴിവായില്ലെങ്കില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ നഷ്ടമുണ്ടാകും.വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ മറ്റു പല കര്‍ഷകരുടെയും പച്ചക്കറികള്‍ പാകമാകുന്നതിന് മുമ്പേ വിളവെടുക്കേണ്ടി വന്നു. മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ കരപ്രദേശത്തെ നെല്‍ ചെടികളും വെള്ളം കയറിയ നിലയിലാണ്. പത്ത് ഏക്കറോളം വയലുകളിലാണ് കൃഷി നാശമുണ്ടായത്.
വടക്കന്‍ മേഖലയും
വെള്ളത്തില്‍
രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ജില്ലയുടെ വടക്കന്‍ മേഖലയിലെ തീരദേശ പ്രദേശങ്ങളും വെള്ളത്തില്‍.പല വീടുകളുടെയും മുറ്റം കവിഞ്ഞ് മഴവെള്ളം വീടിനകത്ത് വരെ എത്തി. ഇനിയും മഴ ശക്തമായാല്‍ വീടുകള്‍ വിട്ട് പോകേണ്ട അവസ്ഥയാണ്.
വേമ്പനാട്ടു കായലിനോടു ചേര്‍ന്നു കിടക്കുന്ന പള്ളിപ്പുറം, പൂച്ചാക്കല്‍, തൈക്കാട്ടുശേരി,പെരുമ്പളം, അരുക്കുറ്റി ഫെറി എന്നിവിടങ്ങളിലാണ് കൂടുതലായും വെള്ളക്കെട്ട് അനുഭവിക്കുന്നത്.ഈ പ്രദേശങ്ങള്‍ കൂടുതലും താഴ്ന്ന സ്ഥലങ്ങളാണ്.സാധാരണ വേലി ഇറക്കത്തിന് കായലിലെ വെള്ളം കുറയുന്നതനുസരിച്ച് തോടുകളിലെയും വെള്ളം കുറയുന്നതാണ്. എന്നാല്‍ തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ വെള്ളം ഒഴുകി പോകാന്‍ സാധിക്കാതെ വരുന്നു. ശക്തിയായി പെയ്യുന്ന മഴയേക്കാള്‍ നിലയ്ക്കാതെ പെയ്യുന്ന ചാറ്റല്‍ മഴയാണ് ജനങ്ങള്‍ക്ക് പേടി.പല സ്ഥലങ്ങളിലും കൃഷി നാശം സംഭവിച്ചിട്ടുണ്ട്.
ഉളവയ്പ്പ് പ്രദേശത്തെ പാടശേഖരങ്ങള്‍ പകുതിയോളം വെള്ളത്തിനടിയിലാണ്. മഴക്കെടുതി തുടര്‍ന്നാല്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്ന് പാണാവള്ളി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.അതേ സമയം മഴക്കെടുതി നേരിടാന്‍ താലൂക്കുകളിലും കളക്ടറേറ്റിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കളക്ടറേറ്റ്: 0477 2238630, ചേര്‍ത്തല: 0478 2813103, അമ്പലപ്പുഴ: 0477 2253771, കുട്ടനാട്: 0477 2702221, കാര്‍ത്തികപ്പള്ളി: 0479 2412797, മാവേലിക്കര: 0479 2302216, ചെങ്ങന്നൂര്‍: 0479 2452334.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."