കനത്ത മഴ; മലയോര മേഖല ആശങ്കയില്‍
അടിമാലി: ഇടുക്കിയില്‍ ഹൈറേഞ്ചിലുള്‍പ്പെടെ മഴശക്തം. തുടര്‍ച്ചയായി രണ്ടാം ദിവസവും കനത്ത മഴ തുടരുന്നതിനിടെ മലയോര മേഖലകളില്‍ ആശങ്ക പടരുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനേത്തുടര്‍ന്ന് കല്ലാര്‍കുട്ടി, മലങ്കര, ലോവര്‍പെരിയാര്‍ ഡാമുകള്‍ തുറന്നുവിട്ടു.
കല്ലാര്‍കുട്ടി ഡാം പൂര്‍ണമായും മലങ്കര ഡാമിന്റെ 5 ഷട്ടറുകളുമാണ് തുറന്നുവിട്ടിരിക്കുന്നത്. പെരിയാറിന്റെഇരുകരകളിലുമുള്ളവരോട് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.ഹൈറേഞ്ച് മേഖലയായ കുമളിയില്‍ ഇന്നലെ മണ്ണിടിച്ചില്‍ ഉണ്ടായി. മൂന്നാറിലെ രണ്ടാം മൈലിലും മണ്ണിടിച്ചില്‍ ഉണ്ടായി. ഇവിടെ അഗ്‌നിശമന സേനയെത്തി ഗതാഗതം പുനസ്ഥാപിച്ചു.
ഉടുമ്പന്‍ചോല താലൂക്കിലെ മുണ്ടിയെരുമയില്‍ കല്ലുമേല്‍ക്കല്ലില്‍ രാജീവ് ഭവനില്‍ രാജീവിന്റെ വീടിന്റെ സംരക്ഷണ ഭിത്തിതകര്‍ന്ന് വീടിന് ഭാഗീകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. വീടിന്റെ ഭിത്തിക്ക് വിള്ളല്‍ വീഴുകയും മേച്ചില്‍ തകരുകയും ചെയ്തു. റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി ഇവരെ സമീപത്തുള്ള മറ്റൊരു വീട്ടിലേക്ക് മാറ്റി. പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിക്കഴിഞ്ഞു. അറക്കുളം ചേറാടിയില്‍ കട്ടിപ്പുരയ്ക്കല്‍ സജീവിന്റെ വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന് വീണതായി കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചു. ഒറ്റപ്പെട്ട സ്ഥലമായ കൂവപ്പിള്ളിപൂഞ്ചിറ ഭാഗത്ത് കനത്തമഴയെ തുടര്‍ന്ന് ഗതാഗതം നിലച്ചു. ചെറുതോണി അണക്കെട്ടില്‍ നിന്നും ഇടുക്കി ആര്‍ച്ചു ഡാമിലേയ്ക്കുള്ള റോഡില്‍ വൈശാലി ഗുറയ്ക്ക് സമീപം റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.
മഴ തുടരുന്ന സാഹചര്യത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. മഴയെത്തുടര്‍ന്ന് ഇടുക്കിയിലേക്ക് വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."