ആറാട്ടുകടവില്‍ സര്‍വിസ് സ്‌റ്റേഷന്‍ തുടങ്ങുന്നതിനെതിരേ നാട്ടുകാര്‍
വാഹനങ്ങള്‍ കഴുകുമ്പോള്‍ അതില്‍നിന്ന് ഒഴുകുന്ന ഓയിലും മറ്റ് വസ്തുക്കളും പുഴവെള്ളത്തില്‍ കലരാനിടയാകും
ചെറുപുഴ: ആറാട്ടുകടവില്‍ പുതുതായി ആരംഭിക്കുന്ന സര്‍വിസ് സ്‌റ്റേഷന്‍ കടുത്ത പാരിസ്ഥിതിക പ്രശ്‌നവും ചെറുപുഴ പുഴയെ മലിനമാക്കുമെന്നും പരാതി. ചിറ്റാരിക്കാല്‍ പാലത്തിന് സമീപം പുഴയിറമ്പിലാണ് നിര്‍മാണം. പുഴയില്‍ നിന്ന് ഏകദേശം 50 മീറ്റര്‍ പോലും സര്‍വിസ് സ്‌റേഷനിലേക്ക് ദൂരം ഉണ്ടാവില്ല. മറ്റൊരുഭാഗത്ത് ചക്കച്ചാംകല്ല് തോടും. ഈ റോഡരികിലാണ് സിമെന്റ് കട്ട അടുക്കി വച്ച ഒരു വാട്ടര്‍ ടാങ്കും തൊട്ടടുത്തായി ചെറിയ കുളവുമുള്ളത്. ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലം ലീസിനെടുത്താണ് നിരവധി സര്‍വിസ് സ്‌റ്റേഷനുകള്‍ ഉള്ള വ്യക്തി ഇവിടെയും കേന്ദ്രം തുടങ്ങുന്നത്. പഞ്ചായത്ത് അധികൃതരും മലിനീകരണ നിയന്ത്രണ ബോര്‍ഡും സ്ഥലം സന്ദര്‍ശിച്ചതിനു ശേഷമാണ് തങ്ങള്‍ നിര്‍മാണം ആരംഭിച്ചത് എന്നാണ് ഇയാള്‍ പറയുന്നത്. പുഴയോരത്തെ നീരുറവകള്‍ ഉള്ളിടത്തോളം സര്‍വിസ് സ്‌റ്റേഷനുകള്‍ അനുവദിക്കാന്‍ പാടില്ല എന്ന നിയമം നിലനില്‍ക്കെയാണിത്. വാഹനങ്ങള്‍ കഴുകുമ്പോള്‍ അതില്‍നിന്ന് ഒഴുകുന്ന ഓയിലും മറ്റ് വസ്തുക്കളും വെള്ളത്തില്‍ കലരാനിടയാകും. ഈ പുഴയിലെ ജലമാണ് ഏഴിമല നാവിക അക്കാദമിയലേക്കും പെരിങ്ങോം സി.ആര്‍.പി.എഫ് ക്യാംപിലേക്കും പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ഈസ്റ്റ് എളേരി ജലനിധി പദ്ധതിയിലേക്കും കൊണ്ടുപോകുന്നത്. ചെറുപുഴ പഞ്ചായത്ത് ഇതുവരെയും അനുമതി നല്‍കിയിട്ടില്ല എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സ്ഥലം സന്ദര്‍ശിച്ചവര്‍ വാക്കാലെങ്കിലും അനുമതി നല്‍കാതെ ലക്ഷങ്ങള്‍ മുടക്കാന്‍ ഇവര്‍ തയാറാവില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."