പടന്ന ഓരിക്കടവില് പൂഴി വിതരണം വീണ്ടും തുടങ്ങി
പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാര്‍ച്ചില്‍ സംസ്ഥാനത്തൊട്ടുക്കും സൊസൈറ്റി വഴിയുള്ള വിതരണം നിര്‍ത്തിവച്ചിരുന്നു
തൃക്കരിപ്പൂര്‍: സര്‍ക്കാറിന്റെ പുതിയ ഉത്തരവു പ്രകാരം ഓരിക്കടവില് നിലവില്‍ പൂഴി തൊഴിലാളി സൊസൈറ്റി മുഖേന നടത്തിവന്നിരുന്ന ഡ്രഡ്ജിങ് പഞ്ചായത്തിന്റെ അധീനതയില്‍ പുനരാംരംഭിക്കുന്നതിനു നടപടിയായി. പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാര്‍ച്ചില്‍ സംസ്ഥാനത്തൊട്ടുക്കും സൊസൈറ്റി വഴിയുള്ള വിതരണം നിര്‍ത്തിവച്ചിരുന്നു.
ഇതു സംബന്ധമായി പുതിയ വെബ്സൈറ്റ് സജ്ജമാകാത്തതിനാല്‍ വിതരണം പുനരാരംഭിക്കല്‍ വൈകിയതിനെ തുടര്‍ന്നു പൂഴി തൊഴിലാളികള്‍ നേരിടുന്ന പ്രയാസം മനസിലാക്കി ജില്ലാ കലക്ടറുടെയും തുറമുഖ വകുപ്പിന്റെയും നിര്‍ദേശ പ്രകാരം താല്കാലികമായി പൂഴി വിതരണം പുനരാരംഭിക്കുവാന്‍ പടന്ന പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. ജില്ലയില്‍ കഴിഞ്ഞ മാസം ചെറുവത്തൂര്‍ പഞ്ചായത്തിലെ കടവുകളില്‍ ഇതേ മാതൃകയില്‍ പുനരാരംഭിച്ചിരുന്നു.
ഈ പദ്ധതി നടപ്പാക്കുന്ന ജില്ലയിലെ രണ്ടാമത്തെ പഞ്ചായത്താണ് പടന്ന. പോര്‍ട്ട് ഓഫിസ് വൈബ്സൈറ്റ് വഴി മണല്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച മുതല്‍ മണല്‍ അപേക്ഷിച്ചവര്‍ക്ക് വിതരണം ചെയ്യും. യോഗത്തില്‍ പ്രസിഡന്റ് പി.സി ഫൗസിയ അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് ടി.കെ സുബൈദ, സ്ഥിരം സമിതി ചെയര്മാന് പി.വി മുഹമ്മദ് അസ്ലം, പഞ്ചായത്തംഗങ്ങളായ കെ. അസൈനാര്‍ കുഞ്ഞി, ടി.പി മുഹമ്മദ് കുഞ്ഞി, കെ.രമേശന് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ മനോജ് കുമാര്‍, സൂപ്രവൈസര്‍ എം. റിജു, ചന്തേര എ.എസ്.ഐ വി.കെ മോഹനന്, വില്ലേജ് അസിസ്റ്റന്റ് സി അരുണ്‍, തൊഴിലാളി പ്രതിനിധികളായ ടി.വി രവി, പി.വി രാജന്, കെ കൃഷ്ണന്, പഞ്ചായത്ത് സെക്രട്ടറി എന്‍.എം അനില്‍ കുമാര്‍, എച്ച്.സി വിനയരാജ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."