പൊലിസിന്റെ നിസഹകരണം; ട്രാഫിക്ക് അവലോകന യോഗം അലങ്കോലമായി
ആലുവ: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി നടത്തിയ ട്രാഫിക്ക് അവലോകന യോഗത്തില്‍ നിന്നും പൊലിസ് വിട്ടുനിന്നതോടെ യോഗം അലങ്കോലമായി.
ആലുവ നഗരത്തില്‍ ഏറെ നാളായി തുടരുന്ന ഗതാഗത കുരുക്കഴിക്കാനായി, നഗരസഭാ അധ്യക്ഷ ഇന്നലെ ആലുവ പാലസില്‍ വിളിച്ചു ചേര്‍ത്ത യോഗമാണ് പൊലിസ് ബഹിഷ്‌കരിച്ചത്. നഗരത്തില്‍ രാപ്പകല്‍ തുടരുന്ന രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായി എം.എല്‍.എ അടുത്തിടെ ഉദ്യോഗസ്ഥരേയും വകുപ്പ് മേധാവികളേയും പങ്കെടുപ്പിച്ച് ജനകീയ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നലെയും ഉദ്യോഗസ്ഥയോഗം വിളിച്ചു ചേര്‍ത്തിരുന്നത്. എന്നാല്‍ യോഗത്തില്‍ എല്ലാ വകുപ്പ് തല ഉദ്യോഗസ്ഥരും ഹാജരായെങ്കിലും പൊലിസ് ഉദ്യോഗസ്ഥര്‍ യോഗം ബഹിഷ്‌കരിക്കുകയായിരുന്നു.
ഡിവൈ.എസ്.പി പങ്കെടുക്കേണ്ട യോഗത്തിലേക്ക് എത്തിയത് ആലുവ ട്രാഫിക്ക് സ്റ്റേഷനിലെ ഒരു എ.എസ്.ഐ മാത്രമായിരുന്നു. ഉത്തരവാദിത്വപ്പെട്ട പൊലിസ് ഉദ്യോഗസ്ഥര്‍ എത്താത്തതിനെ തുടര്‍ന്ന് ആലുവ തഹസില്‍ദാര്‍ ഡിവൈ.എസ്.പിയെ നിരന്തരമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഇദ്ദേഹം ഫോണെടുത്തില്ല.
ഡിവൈ.എസ്.പി ആലുവയില്‍ തന്നെ ഉണ്ടായിരുന്നെന്നും എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മനപ്പൂര്‍വം പങ്കെടുക്കാതിരുന്നതാണെന്നും ആക്ഷേപമുയര്‍ന്നിരുന്നു. പൊലിസിന്റെ നിസഹകരണം പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പൊലിസ് ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ യോഗം ഈ മാസം 25 ലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."