കൊച്ചി അഴിമുഖത്ത് കപ്പല്‍ ചാലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി കപ്പല്‍ ഗതാഗതം തടസപ്പെട്ടു
മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി. പുറംകടലില്‍ തകരാറിലായ ബോട്ട് ഫിഷറീസ് വകുപ്പിന്റെ ബോട്ടില്‍ കെട്ടിവലിച്ച് കൊണ്ട് വരവേ ഇന്നലെ രാവിലെ എട്ടേമുക്കാലോടെയാണ് അപകടം നടന്നത്. ഇന്നലെ പുലര്‍ച്ചെ തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട പള്ളുരുത്തി സ്വദേശി യേശുദാസിന്റെ ഉടമസ്ഥതയിലുള്ള നീതിമാന്‍ എന്ന ബോട്ടാണ് കപ്പല്‍ ചാലില്‍ മുങ്ങി താഴ്ന്നത്. ഇതോടെ ഇതുവഴിയുള്ള കപ്പല്‍ ഗതാഗതം തടസപ്പെട്ടു. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളായ അമ്പലപ്പുഴ സ്വദേശികളായ ഫൈസല്‍, അനുമോന്‍, മധു, സലീം, പ്രദീപ്, നിബു എന്നിവരെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റല്‍ പൊലിസും ചേര്‍ന്ന് കരയ്‌ക്കെത്തിച്ചു.
ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് ബോട്ട് പുറം കടലില്‍ യന്ത്രം നിലച്ച് ഒഴുകി നടക്കുന്നതായുള്ള വിവരം കോസ്റ്റല്‍ പൊലിസിനെ തൊഴിലാളികള്‍ അറിയിച്ചത്. തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഫിഷറീസ് വകുപ്പിന്റെ ബോട്ടിലെത്തി തകരാറിലായ ബോട്ടിനെ കെട്ടിവലിച്ച് കൊണ്ട് വരികയായിരുന്നു. ബോട്ട് വൈപ്പിന്‍ ജെട്ടിക്ക് സമീപത്ത് എത്തിയപ്പോള്‍ പെട്ടെന്ന് മറിഞ്ഞ് മുങ്ങിത്താഴുകയായിരുന്നു. ആ സമയം തകരാറിലായ ബോട്ടിനെ നിയന്ത്രിക്കാനുള്ള രണ്ട് തൊഴിലാളികള്‍ മാത്രമേ മുങ്ങിയ ബോട്ടിലുണ്ടായിരുന്നുള്ളൂ. ഇവര്‍ ഉടന്‍ വെള്ളത്തിലേക്ക് ചാടുകയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ ലൈഫ് ബോയ നല്‍കി ഇവരെ രക്ഷപ്പെടുത്തുകയുമായിരുന്നു.
ബോട്ട് മുങ്ങിയതോടെ ഫിഷറീസ് വകുപ്പിന്റെ ബോട്ടിലെ കയര്‍ അഴിച്ച് മാറ്റി. മൂന്ന് മിനിറ്റുനുള്ളില്‍ ബോട്ട് മുങ്ങി താഴുകയായിരുന്നു. 2000 ത്തില്‍ നിര്‍മിച്ച ബോട്ട് കാലപഴക്കം മൂലം തുള വീണ് വെള്ളം കയറിയതാകാം മുങ്ങാന്‍ കാരണമായതെന്നാണ് നിഗമനം. ബോട്ടിന് ലൈസന്‍സോ രജിസ്‌ട്രേഷനോയില്ലന്നാണ് സൂചന. ഏകദേശം അമ്പത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. നേവിയുടേയും പോര്‍ട്ടിന്റേയും വിദഗധര്‍ ചേര്‍ന്ന് ഇന്നലെ വൈകിട്ടോടെയാണ് മുങ്ങി താഴ്ന്ന ബോട്ട് കിടക്കുന്ന സ്ഥലം കണ്ടെത്തിയത്.
ബോട്ട് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഉടമക്ക് പോര്‍ട്ട് കത്ത് നല്‍കിയിട്ടുണ്ട്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിബു കുമാര്‍, എസ്.ഐ രാജീവ്, എ.എസ്.ഐ അബ്ദുല്‍ റഹ്മാന്‍, കോസ്റ്റല്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എം വര്‍ഗീസ്, എസ്.ഐ.റഹീം എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സംഭവത്തില്‍ ഹാര്‍ബര്‍ പൊലീസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."