അട്ടപ്പാടിയിലെ പ്രളയമഴ: രക്ഷകരായി പൊലിസ് സംഘം
അഗളി : തോരാതെ പെയ്യുന്ന മഴയും ഉരുള്‍പൊട്ടലും വഴിമുടക്കിയ അട്ടപ്പാടിയില്‍ രക്ഷകരായി രാവും പകലും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന പൊലിസ് സംഘത്തിന് ജനങ്ങളുടെ പ്രശംസ.
ഗതാഗത തടസ്സം നീക്കാനും ദുരിതാശ്വാസ ക്യാംപുകളില്‍ സഹായം എത്തിക്കുന്നതും പൊലിസ് സംഘങ്ങളാണ്. ഫയര്‍ഫോഴ്‌സ്, വനം വകുപ്പ് ജീവനക്കാര്‍ സഹായത്തിനു പൊലിസ് സംഘത്തിന്റെ കൂടെയുണ്ടെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് പൊലിസാണ്. ഇന്നലെ ജെല്ലിപ്പാറ, തൊട്ടിയാങ്കല്ലിലെ ക്യാംപില്‍ ഭക്ഷണമില്ലാതെ കുഞ്ഞുങ്ങള്‍ ഉള്‍പ്പടേയുള്ളവര്‍ക്ക് ഭക്ഷണമെത്തിച്ച പൊലിസിനുമുന്നില്‍ തൊഴുകയ്യോടെയാണ് നാട്ടുകാര്‍ നന്ദി പ്രകടിപ്പിച്ചത്. ക്യാംപില്‍ ഭക്ഷണമില്ലാതെ പ്രയാസപ്പെടുന്നതറിഞ്ഞ് അഗളിയിലെ പൊലിസ് മെസ്സില്‍ ഭക്ഷണം തയ്യാറാക്കി എത്തിക്കുകയായിരുന്നു. എ.എസ്.പി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് അട്ടപ്പാടിയില്‍ പൊലിസ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പ്രതികൂല കാലാവസ്ഥയിലും തങ്ങള്‍ക്കുവേണ്ടി പൊലിസ് നടത്തുന്ന സേവനത്തെ പുകഴ്ത്താന്‍ പ്രദേശത്തുകാര്‍ മത്സരിക്കുകയാണ്.
ഇതിനിടെ വിദൂരദിക്കുകളിലെ ആദിവാസികള്‍ക്കായി ആവശ്യമായ വിഭവങ്ങളൊരുക്കി അട്ടപ്പാടി ഐ.ടി.ഡി.പിയില്‍ ക്യാംപ് പ്രവര്‍ത്തനം ശക്തമാക്കി. രണ്ടും മൂന്നും പുഴകള്‍ കടന്നുവേണം തുടുക്കി, ഇടവാണി, ഗലസി എന്നിവിടങ്ങളിലേക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിക്കാന്‍. മഴ ശമിച്ചാല്‍ ഇവിടങ്ങളില്‍ ആവശ്യമായ സഹായങ്ങള്‍ എത്തിക്കുമെന്ന് ഐ.ടി.ഡി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."