വയനാടിനോട് ചിറ്റമ്മനയം; പ്രത്യക്ഷ സമരങ്ങള്‍ക്കൊരുങ്ങി മുസ്‌ലിംലീഗ്
കല്‍പ്പറ്റ: വയനാട് നേരിടുന്ന സങ്കീര്‍ണ്ണമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ സംസ്ഥാന ഭരണകൂടവും, ജനപ്രതിനിധികളും സ്വീകരിക്കുന്ന നിഷേധാത്മക നിലപാടുകളില്‍ പ്രതിഷേധിച്ച് മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി പ്രത്യക്ഷ സമരങ്ങള്‍ക്കൊരുങ്ങുന്നു.
കോഴിക്കോട്-ബംഗളൂരു ദേശീയപാത കടന്നുപോകുന്നതും വയനാട്ടിലേക്കുള്ള പ്രവേശന കവാടവുമായ താമരശ്ശേരി ചുരവും, മാനന്തവാടി വഴിയുള്ള പക്രന്തളം ചുരവും നാശത്തിന്റെ വക്കിലാണ്.
ഇവിടെ ഗതാഗത തടസവും നിത്യസംഭവമായി മാറി.
ഈ സമയത്തും ആവശ്യമായ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതായി മുസ്‌ലിംലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയോഗം കുറ്റപ്പെടുത്തി.
ഇതിന് ശാശ്വത പരിഹാരമായി യു.ഡി.എഫ് സര്‍ക്കാര്‍ തുടക്കമിട്ട ബദല്‍പാതകള്‍ യാഥാര്‍ത്യമാക്കുന്നതില്‍ അധികൃതരുടെ ഭാഗത്തു നിന്നും തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും, സുരക്ഷിതമായ യാത്രാ സൗകര്യത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാണണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലയിലെ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരേയും നടപടി വേണം.
വന്യജീവി ശല്ല്യത്തിനെതിരേയും നടപടി കൈകൊള്ളണം.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ നിര്‍മാണവും നിലച്ചു.
ജനതയുടെ ജീവിതത്തേയും, ജീവനെയും ബാധിക്കുന്ന മുഴുവന്‍ കാര്യങ്ങളിലും നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അലംഭാവം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് പി.പി.എ കരീം അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. പി.കെ അബൂബക്കര്‍, കെ.സി മായന്‍ ഹാജി, എന്‍.കെ റഷീദ്, പി ഇബ്രാഹിം മാസ്റ്റര്‍, പടയന്‍ മുഹമ്മദ്, കെ നൂറുദ്ദീന്‍, റസാഖ് കല്‍പ്പറ്റ, നിസാര്‍ അഹമ്മദ് സംസാരിച്ചു. സെക്രട്ടറി സി മൊയ്തീന്‍കുട്ടി നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."