ഐ.ഐ.ടി വിദ്യാര്‍ഥികള്‍ ആദ്യമായി വിമാനം കണ്ടു പിടിച്ച ഇന്ത്യക്കാരെ കുറിച്ച് പഠിക്കട്ടെ- കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ഐ.ഐ.ടി വിദ്യാര്‍ഥികള്‍ ആദ്യമായി വിമാനം കണ്ടു പിടിച്ച ഇന്ത്യക്കാരെ കുറിച്ചും പുരാണ സാങ്കേതിക വിദ്യകളേയും കുറിച്ച് പഠിക്കട്ടെ എന്ന് കേന്ദ്ര സഹമന്ത്രി സത്യപാല്‍ സിങ്. രാജ്യത്തുടനീളമുള്ള എഞ്ചിനീയറിങ് കോളജുകളില്‍ ഐതിഹ്യങ്ങളും പുരാണങ്ങളും പഠനവിഷയമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റൈറ്റ് സഹോദരന്‍മാര്‍ക്കു മുമ്പ് ഇന്ത്യക്കാരനായ ശിവശങ്കര്‍ താല്‍പതെയാണ് വിമാനം കണ്ടു പടിച്ചതെന്ന കാര്യം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കാത്തതെന്തു കൊണ്ടാണ്- സത്യപാല്‍ ചോദിച്ചു. റൈറ്റ് സഹോദരന്‍മാര്‍ക്ക് എട്ടു വര്‍ഷം മുമ്പ് ശിവശങ്കര്‍ വിമാനം കണ്ടു പിടിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ നമ്മുടെ ഐ.ഐ.ടികളില്‍ പഠിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും പഠിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഒരു അവാര്‍ഡ് നല്‍കുന്ന ചടങ്ങിനിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
വിശ്വകര്‍മയെ കുറിച്ചും എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ പഠിക്കേണ്ടതുണ്ട്. രാമായണത്തില്‍ പരാമര്‍ശിക്കുന്ന പുഷ്പക വിമാനം പാഠ്യപദ്ധതിയുടെ ഭാഗമാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുരാതന കാലത്തെ കണ്ടു പിടുത്തങ്ങളും മറ്റും വിദ്യാര്‍ഥികള്‍ മനസ്സിലാക്കണം. ശാസ്ത്രലോകത്ത് ഇന്ന് ഇന്ത്യ ഇഴഞ്ഞു നീങ്ങുകയാണ്. എന്നാല്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ മേഖലയില്‍ ഇന്ത്യഏറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഇക്കാര്യം വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണമെന്ന് സത്യപാല്‍ ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."