83ാം വയസിലും സേവനരംഗത്ത് സജീവമായി ഇബ്രാഹീം ഹാജി
മാനന്തവാടി: ശക്തമായ മഴ ജില്ലയിലെ റോഡുകള്‍ വെള്ളക്കെട്ടുകളാക്കി. പ്രതിപക്ഷ പാര്‍ട്ടികള്‍ റോഡില്‍ വാഴ നട്ടും ചൂണ്ടയിട്ടും പ്രതിഷേധിച്ചു. വേറെയും പല തരത്തിലുള്ള പ്രതിഷേധങ്ങളും നടന്നു. പ്രതിഷേധിച്ചവരാരും വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഒരു ശ്രമവും നടത്തിയില്ല. പ്രതിഷേധ പരിപാടിയുടെ പ്രസംഗം കഴിഞ്ഞ് പിരിഞ്ഞുപോയി.
എന്നാല്‍ ഇവര്‍ക്കൊക്കെ മാതൃകയാവുകയാണ് എടവക പഞ്ചായത്തിലെ പാണ്ടിക്കടവ് കണിയാങ്കണ്ടി ഇബ്രാഹിം ഹാജി. കഴിഞ്ഞ മൂന്നുദിവസമായി പെയ്ത മഴയില്‍ ഓവുചാലുകള്‍ നിറഞ്ഞ് കവിയുകയും റോഡിലൂടെ വെള്ളം ഒഴുകുകയും ചെയ്തത് കണ്ടതോടെയാണ് ഇപ്പോള്‍ ഇബ്രാഹിം തുമ്പയുമായി റോഡില്‍ ഇറങ്ങിയത്. ഓവുചാലുകള്‍ കോരി വൃത്തിയാക്കുകയും റോഡിലൂടെ ഒഴുകുന്ന വെള്ളം ഓവുചാലുകളിലേക്ക് തിരിച്ച് വിടുകയും ചെയ്തു.
വിദ്യാര്‍ഥികള്‍ക്കും വാഹനങ്ങള്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞാണ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയതെന്ന് ഇബ്രാഹിം പറഞ്ഞു. എണ്‍പത്തിമൂന്നാം വയസിലും യുവത്വത്തിന്റെ ചുറുചുറുക്കോടെയാണ് ഒരു പ്രതിഫലവും ആഗ്രഹിക്കാതെ ഇബ്രാഹീം ഹാജി സാമൂഹ്യ സേവനം നടത്തുന്നത്. മാനന്തവാടിയില്‍നിന്നു എടവകയിലേക്കുള്ള യാത്രയില്‍ പാണ്ടിക്കടവ് റോഡരികില്‍ കാട് വെട്ടി തെളിച്ചും, ഓവ് ചാലുകള്‍ വൃത്തിയാക്കിയും റോഡിലെ കുഴികള്‍ അടച്ചും നിത്യാ കാഴ്ചയായി മാറിയിരിക്കുകയാണ് ഇബ്രാഹിം.
തന്റെ മഹല്ലില്‍ എവിടെയെങ്കിലും മരണം ഉണ്ടായാല്‍ ഏത് പാതിരാത്രിയിലും തന്റെ നിഴലായ തൂമ്പയുമായി ഇബ്രാഹിമും ഉണ്ടാകും ഖബര്‍ കുഴിക്കാന്‍ സജീവ സാന്നിധ്യമായി. പേരിനും പ്രശസ്തിക്കും വേണ്ടി മാത്രം സാമുഹ്യ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ഏറെയുള്ള ഇക്കാലത്ത് ഇത്തരക്കാര്‍ക്ക് മാതൃകയാവുകയാണ് ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."