ആര്‍.ഡി.ഒക്ക് റിപ്പോര്‍ട്ട് നല്‍കും
ദേശമംഗലം: കറ്റുവട്ടൂരില്‍ സ്വകാര്യ വ്യക്തികള്‍ ഭാരതപ്പുഴയുടെ ഒന്നര ഏക്കര്‍ സ്ഥലം കൈയേറി ഇടിച്ചു നിരത്തി സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി കാണിച്ച് കൊണ്ട് സുപ്രഭാതം പുറത്ത് വിട്ട വാര്‍ത്തയെ തുടര്‍ന്ന് റവന്യൂ വകുപ്പിന്റെ ഇടപെടല്‍.
ദേശമംഗലം വില്ലേജ് ഓഫിസര്‍ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഇന്നലെ കൈയേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. കൈയേറ്റമുണ്ടെന്ന് ബോധ്യപ്പെട്ട ഉദ്യോഗസ്ഥ സംഘം ഇത് സംബന്ധിച്ച് ആര്‍.ഡി.ഒക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് അറിയിച്ചു. സ്വകാര്യ വ്യക്തികള്‍ വന്‍തോതില്‍ പുഴ പ്രദേശങ്ങള്‍ കൈയേറുകയും പുഴ സംരക്ഷണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളും, പരിസ്ഥിതി സ്‌നേഹികളും നട്ട് പിടിപ്പിച്ച് സംരക്ഷിച്ച് വന്നിരുന്ന ലക്ഷകണക്കിന് രൂപയുടെ മരങ്ങള്‍ വെട്ടിമാറ്റി വിറ്റഴിച്ചതായും കണ്ടെത്തി. മരങ്ങളുടെ കടഭാഗങ്ങളും, മറ്റ് അവശിഷ്ടങ്ങളും പുഴയില്‍ തള്ളി. ഇത് മൂലം പുഴയുടെ നീരൊഴുക്ക് തന്നെ തടസപ്പെട്ട നിലയിലാണ്. തീരം ഇടിച്ച് നിരത്തി സ്വന്തമാക്കാനും ശ്രമം നടത്തിയിട്ടുണ്ട്. നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയപ്പോള്‍ റവന്യൂ അധികൃതരുടെ അനുമതിയോടെയാണ് സ്ഥലം കെട്ടി സംരക്ഷിക്കുന്നതെന്ന് പറഞ്ഞ് ജനങ്ങളെ മടക്കി വിട്ടുവത്രെ. ദേശമംഗലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ എന്ന പരിസ്ഥിതി സംഘടന പ്രശ്‌നത്തില്‍ ഇടപെട്ടതോടെയാണ് വന്‍ കൈയേറ്റം പുറം ലോകം അറിയുന്നത്. മരം മുറിച്ച് വിറ്റവര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."