ചാടിവീഴാന്‍ മടിച്ച് പ്രതിപക്ഷം; യുവനേതാക്കള്‍ക്കു പ്രതിഷേധം
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ വന്‍ വിവാദമായി കത്തിപ്പടര്‍ന്നിട്ടും സര്‍ക്കാരിനെതിരായ ആക്രമണത്തിലേക്കു ചാടിവീഴാന്‍ മടിച്ച് പ്രതിപക്ഷം. വേങ്ങര ഉപതെരഞ്ഞെടുപ്പ് കാലമായിട്ടും ചില നേതാക്കളുടെ മാത്രം പ്രസ്താവനകള്‍ക്കപ്പുറത്തേക്ക് വിഷയത്തെ കൊണ്ടുപോകാന്‍ ഇതുവരെ പ്രതിപക്ഷത്തിനായിട്ടില്ല.
മന്ത്രിയുടെ നിയമലംഘനങ്ങളിലേക്കു വിരല്‍ ചൂണ്ടുന്ന വാര്‍ത്തകള്‍ ദിനംപ്രതി പുറത്തുവന്നിട്ടും വിഷയം ഏറ്റെടുത്ത് പ്രചാരണായുധമാക്കാന്‍ യു.ഡി.എഫ് തയാറായിട്ടില്ല. കോണ്‍ഗ്രസില്‍നിന്ന് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തുവന്ന മുതിര്‍ന്ന നേതാക്കള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനും മുന്‍ പ്രസിഡന്റ് വി.എം സുധീരനും മാത്രമാണ്. എന്നാല്‍, കോണ്‍ഗ്രസ് മൊത്തത്തില്‍ ഈ നിലപാടിലാണെന്ന പ്രതീതി ഉണ്ടായിട്ടില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള പ്രമുഖര്‍ പരസ്യമായി നിലപാട് വ്യക്തമാക്കിയിട്ടില്ല. ആലപ്പുഴ ജില്ലയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ നടത്തിയ സമരം പിന്നീട് മുന്നോട്ടു പോയിട്ടുമില്ല. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കള്‍ പ്രസ്താവന നടത്തിയിട്ടുണ്ടെങ്കിലും അവരും സമരരംഗത്തു വന്നിട്ടില്ല. പാര്‍ട്ടി നേതൃത്വത്തിലുള്ള അവ്യക്തത കാരണമാണ് അവരും രംഗത്തിറങ്ങാത്തതെന്നാണ് സൂചന.
മുന്നണിയിലെ രണ്ടാം കക്ഷിയായ മുസ്‌ലിം ലീഗില്‍നിന്നും കാര്യമായൊരു പ്രതികരണവും ഉണ്ടായിട്ടില്ല. മറ്റു ഘടകകക്ഷികളും സര്‍ക്കാരിനെതിരേ രംഗത്തുവന്നിട്ടില്ല. യു.ഡി.എഫ് വിട്ട് പ്രത്യേക ബ്ലോക്കായി പ്രതിപക്ഷത്തിരിക്കുന്ന കേരള കോണ്‍ഗ്രസ് (എം) വിഷയം അറിഞ്ഞ ഭാവമില്ല. പാര്‍ട്ടി നേതാവ് കെ.എം മാണി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്‍.ഡി.എയിലെയും പാര്‍ട്ടിയിലെയും ആഭ്യന്തര പ്രശ്‌നങ്ങളിലകപ്പെട്ട ബി.ജെ.പിയും വിഷയം കാര്യമായി ഏറ്റെടുത്തിട്ടില്ല. സംസ്ഥാന പ്രസിഡന്റ് പ്രസ്താവന ഇറക്കുകയും ചില നേതാക്കള്‍ ചാനലുകളില്‍ സംസാരിക്കുകയും ചെയ്തതല്ലാതെ കാര്യമായ പ്രതികരണമൊന്നും പാര്‍ട്ടിയില്‍ നിന്നോ സംഘ് പരിവാര്‍ സംഘടനകളില്‍ നിന്നോ ഉയര്‍ന്നിട്ടില്ല. എന്നാല്‍, പ്രധാന പ്രതിപക്ഷ കക്ഷികളുടെ യുവ നേതാക്കള്‍ക്ക് പാര്‍ട്ടി നേതൃത്വങ്ങള്‍ മടിച്ചുനില്‍ക്കുന്നതില്‍ പ്രതിഷേധമുണ്ട്. അവരില്‍ ചിലര്‍ അക്കാര്യം അറിയിച്ചിട്ടുമുണ്ട്.
യു.ഡി.എഫ് ആക്രമണത്തിനിറങ്ങിയാല്‍ തന്നെയും പ്രതിരോധിക്കാന്‍ ആയുധങ്ങള്‍ കൈയിലുണ്ടെന്നാണ് ഭരണപക്ഷത്ത പ്രമുഖ നേതാക്കളുടെ നിലപാട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പല മന്ത്രിമാര്‍ക്കെതിരേയും സമാനമായ ആരോപണങ്ങളുയര്‍ന്നിരുന്നു. മാണിക്കും കെ. ബാബുവിനുമെതിരേയൊക്കെ ആരോപണങ്ങളുയര്‍ന്ന് ത്വരിതാന്വേഷണത്തിന്റെ ഘട്ടത്തിലെത്തിയിട്ടു പോലും അവര്‍ മന്ത്രിസ്ഥാനം രാജിവച്ചിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതും മന്ത്രി തോമസ് ചാണ്ടിയുമായുള്ള രാഷ്ട്രീയ ചേരിക്കതീതമായ ബന്ധങ്ങളും പ്രതിപക്ഷ നിലപാടിനു കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."