ആനയിറങ്കല്‍ അണക്കെട്ടില്‍ ബോട്ടിങ്ങിന് സഞ്ചാരികളുടെ തിരക്ക്
അടിമാലി: ശക്തമായ മഴയില്‍ അനയിറങ്കല്‍ ജലാശത്തില്‍ ജലനിരപ്പുയര്‍ന്ന് ബോട്ടിങ് പുനരാരംഭിച്ചതോടെ സഞ്ചാരികളുടെ ഒഴുക്കായി. ജലയാത്രയ്ക്കിടയില്‍ കാഴ്ച്ചയ്ക്ക് വിരുന്നൊരുക്കി കാട്ടാനക്കൂട്ടം പ്രത്യക്ഷപ്പെടുന്നതും സഞ്ചാരികളെ ഇവിടേക്കു കൂടുതലായി ആകര്‍ഷിക്കാന്‍ കാരണമായി.
ജില്ലയിലെ ഹൈഡല്‍ ടൂറിസം സെന്ററുകളില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന കേന്ദ്രമാണ് മൂന്നാര്‍-കുമളി റൂട്ടില്‍ ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന ആനയിറങ്കല്‍ ഹൈഡല്‍ ടൂറിസം സെന്റര്‍.
ഇത്തവണത്തെ കടുത്ത വരള്‍ച്ചയില്‍ ജലാശയത്തില്‍ ജലനിരപ്പ് ഗണ്യമായി താഴ്ന്നതോടെ ഇവിടുത്തെ ബോട്ട് സര്‍വിസ് നിര്‍ത്തിവച്ചിരുന്നു. ഇതോടെ ഇവിടേക്കുള്ള സഞ്ചാരികളുടെ കടന്നുവരവും നിലച്ചു. എന്നാല്‍ കഴിഞ്ഞ കുറച്ചാഴ്ച്ചകളായി ശക്തമായി പെയ്യുന്ന മഴയില്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഹൈഡല്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് വീണ്ടും ബോട്ടിങ് ആരംഭിക്കുകയായിരുന്നു. ഇതോടെ അവധി ദിവസങ്ങളിലടക്കം നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. പച്ചവിരിച്ച തേയിലക്കാടുകള്‍ക്കും മൊട്ടക്കുന്നുകള്‍ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ജലാശത്തിലൂടെയുള്ള ബോട്ട് യാത്ര ഏറെ ഹൃദ്യമാണ്.
നിലവില്‍ രണ്ട് സ്പീഡ് ബോട്ടുകളും ഒരു ഹൗസ് ബോട്ടും രണ്ട് കുട്ടവഞ്ചികളും രണ്ട് കയാക്കിങ് ബോട്ടുകളുമാണ് ഇവിടെയുള്ളത്. തിരക്കേറിയതോടെ മണിക്കൂറുകള്‍ കാത്തുനിന്നാണ് സഞ്ചാരികള്‍ ജലയാത്രനടത്തുന്നത്.
മറ്റ് ഹൈഡല്‍ ടൂറിസം സെന്ററുകളെ അപേക്ഷിച്ച് കൂടുതല്‍ ദൂരത്തില്‍ ജലയാത്ര നടത്തമെന്നതാണ് ഇവിടുത്തെ പ്രത്യേകത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."