ഓണ്‍ലൈന്‍ തട്ടിപ്പ് വീണ്ടും; നഷ്ടമായത് 25,000 രൂപ
കട്ടപ്പന: ജില്ലാ ആസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി വീണ്ടും പണാപഹരണം. ബാങ്കില്‍ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ട് നമ്പറും പാസ്‌വേഡും മനസ്സിലാക്കി ചെറുതോണിയിലെ ദേശസാത്കൃത ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് 25000 രൂപ തട്ടിയെടുത്തതായി പരാതി.
വാഴത്തോപ്പിലെ മേസ്തിരി ജോലിക്കാരനായ ഇലവുങ്കല്‍ ജോണിയുടെ അക്കൗണ്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം രണ്ടു മണിക്കൂറിനിടയില്‍ മൂന്നു തവണയായി 25000 രൂപ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം മാറിയെടുത്തത്. ഫോണില്‍ പണം മാറിയ വിവരത്തിന് മെസേജ് എത്തിയപ്പോഴാണ് അക്കൗണ്ട് ഉടമ പണം നഷ്ടമായ വിവരം അറിയുന്നത്.
ഉടന്‍ തന്നെ ബാങ്കില്‍ എത്തിയെങ്കിലും ഇതിനോടകം പണം നഷ്ടമായിരുന്നു. ഇതോടെ അക്കൗണ്ട് മരവിപ്പിച്ച ജോണി ഇടുക്കി പൊലിസില്‍ പരാതി നല്‍കി. പൊലിസ് അന്വേഷണത്തില്‍ ബംഗാളില്‍ നിന്നാണ് ഓണ്‍ലൈനായി പണം മാറിയത് എന്നു കണ്ടെത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സംഭവത്തില്‍ ഇടുക്കി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. തട്ടിപ്പിനു മുമ്പായി അക്കൗണ്ട് ഉടമയെ ബാങ്കില്‍ നിന്നാണെന്നും റിസര്‍വ് ബാങ്കിനു കൈമാറാനാണെന്നും പറഞ്ഞ് മൊബൈല്‍ ഫോണില്‍ വിളിച്ചാണ് തട്ടിപ്പുകാര്‍ അക്കൗണ്ട് നമ്പറും പാസ്‌വേഡും മനസ്സിലാക്കിയത്.
ഇംഗ്ലിഷ് അറിയില്ലാത്തതിനാല്‍ ജോണി ജോലി ചെയ്തിരുന്ന വീട്ടുകാരുടെ സഹായത്തോടെ ആയിരുന്നു വിവരങ്ങള്‍ കൈമാറിയത്. ഏതാനും മാസം മുന്‍പ് സമാനമായ രീതിയില്‍ മരിയാപുരം സ്വദേശിയുടെ രണ്ട് അക്കൗണ്ടുകളില്‍ നിന്നായി 40000 രൂപ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം മാറിയെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."