ബി.ജെപി പ്രവര്‍ത്തകന്റെ വീടിന് ബോംബേറ്
പേരാമ്പ്ര: പേരാമ്പ്ര, നൊച്ചാട് പഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശമായ കൈതക്കല്‍ കടുക്കാടുമ്മല് ഭാഗത്ത് ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനു നേരെ സ്റ്റീല്‍ ബോംബെറിഞ്ഞു. നമ്പൂടികണ്ടി വത്സന്റെ വീടിനു നേരെയാണ് അക്രമമുണ്ടായത്.
നേരത്തെ സി.പി.എം പ്രവര്‍ത്തകനായിരുന്ന വത്സന് കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയിലാണ് സംഭവം.
ശബ്ദം കേട്ട് ഉറക്കമുണര്‍ന്ന വീട്ടുകാര്‍ വീടിന്റെ വരാന്തയിലെ ടൈല്‍ ചെയ്ത ഭാഗവും ജനലിന്റെ ഭാഗവും തകര്‍ന്നതായി കണ്ടു. തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്ന് പൊലിസ് സ്ഥലത്ത് എത്തി അന്യേഷണം നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. നേരത്തെ മരുതേരിയില്‍ സി.പി.എം, ബി.ജെപി സംഘര്‍ഷം നടന്നിരുന്നു. ബി.ജെ.പി പ്രവര്‍ത്തകനായ കുഞ്ഞികൃഷ്ണന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം റീത്ത് വെച്ച സംഭവവും ഉണ്ടായി.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. നാദാപുരം ഡിവൈ.എസ്.പി വി.കെ രാജു. കുറ്റ്യാടി സി.ഐ എന്‍. സുനില്‍ കുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. പേരാമ്പ്ര എസ്.ഐയുടെ നേതൃത്വത്തില്‍ പൊലിസ് സേന സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ബോ ബ് സ്കോഡും ഡോഗ് സ്കോഡും പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."