ജര്‍മനിയിലെ നവനാസി ഉദയം
ജര്‍മനിയില്‍ അപ്രതീക്ഷിതമായൊന്നും സംഭവിച്ചില്ല. തുടര്‍ച്ചയായി നാലാം തവണയും ജര്‍മന്‍ ചാന്‍സലര്‍ പദവിയിലേക്ക് ആംഗെലാ മെര്‍ക്കല്‍ എന്ന ഉരുക്കു വനിത തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പോപുലിസ്റ്റ്-വലതുപക്ഷ രാഷ്ട്രീയം ചുവടുറപ്പിക്കുന്ന പുതുരാഷ്ട്രീയക്രമത്തില്‍ ലോകം ഏറെ ഉറ്റുനോക്കിയിരുന്ന തെരഞ്ഞെടുപ്പായിരുന്നു ഫ്രാന്‍സില്‍ മാസങ്ങള്‍ക്കു മുന്‍പ് കൊടിയിറങ്ങിയത്. എന്നാല്‍, ജര്‍മനിയിലെ പൊതുതെരഞ്ഞെടുപ്പ് ലോകമാധ്യമങ്ങള്‍ വേണ്ടത്ര ഗൗരവത്തിലെടുക്കാത്തത് അവിടെ അപ്രതീക്ഷിതമായൊന്നും സംഭവിക്കാനില്ല എന്നതു കൊണ്ടുതന്നെയായിരുന്നു.
എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ജര്‍മനി(എസ്.പി.ഡി) തലവനും ചാന്‍സലര്‍ സ്ഥാനാര്‍ഥിയുമായിരുന്ന മാര്‍ട്ടിന്‍ ഷ്യുള്‍സ് പറഞ്ഞത് തെരഞ്ഞെടുപ്പ് ഫലം സത്യത്തില്‍ മെര്‍ക്കലിന്റെ പരാജയമാണെന്നായിരുന്നു. 33 ശതമാനം വോട്ട് നേടി മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയന്‍(സി.ഡി.യു)-ക്രിസ്ത്യന്‍ സെക്യുലര്‍ യൂനിയന്‍(സി.എസ്.യു) സഖ്യം ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് ഇത്തവണ കാഴ്ചവച്ചത്. ഷ്യൂള്‍സിന്റെ പാര്‍ട്ടിയുടെ അവസ്ഥയും മറിച്ചല്ല. എസ്.പി.ഡി നേടിയ 20.5 ശതമാനം വോട്ടും ആ പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ട് ശതമാനമാണ്. ആ വോട്ടുകളെല്ലാം പോയത് ജര്‍മന്‍ രാഷ്ട്രീയത്തില്‍ ശൈശവദശയിലുള്ള ഒരു പാര്‍ട്ടിക്കായിരുന്നു. നവനാസികളെന്ന വിളിപ്പേരുള്ള തീവ്രദേശീയ-വലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റിവ് ഫോര്‍ ജര്‍മനി(എ.എഫ്.ഡി) 12.6 ശതമാനം വോട്ട് സ്വന്തമാക്കി ജര്‍മന്‍ പാര്‍ലമെന്റായ ബുണ്ടെസ്റ്റാഗില്‍ അക്കൗണ്ട് തുറന്നതിനൊപ്പം രാജ്യത്തെ വലിയ മൂന്നാമത്തെ ഒറ്റ കക്ഷിയുമായതു തന്നെയാണ് ജര്‍മന്‍ തെരഞ്ഞെടുപ്പിന്റെ പേടിപ്പെടുത്തുന്ന ബാക്കിയിരിപ്പ്.
നാസിസം ജന്മനാട്ടിലേക്ക് തിരിച്ചുവരുമ്പോള്‍
'Bikinis Not Burqas', 'Stop Islamization'
ജര്‍മനിയിലെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ ബെര്‍ലിനിലും മ്യൂണിച്ചിലും ഫ്രാങ്ക്ഫര്‍ട്ടിലുമെല്ലാം ഉയരത്തില്‍ സ്ഥാപിച്ചിരുന്ന ആള്‍ട്ടര്‍നേറ്റിവ് ഫോര്‍ ജര്‍മനി(എ.എഫ്.ഡി)യുടെ ഭീമന്‍ പ്രചാരണ ഹോര്‍ഡിങുകളിലെ വാചകങ്ങളാണിത്. പശ്ചാത്തലത്തില്‍ ബിക്കിനി ധരിച്ച് സ്വാതന്ത്ര്യത്തിന്റെ കടല്‍ക്കരയിലൂടെ സഞ്ചരിക്കുന്ന യുവതികളുമുണ്ടായിരുന്നു. ഞായറാഴ്ച നടന്ന ജര്‍മനിയിലെ പൊതുതെരഞ്ഞെടുപ്പിന്റെ ദിശാസൂചികയായി വിലയിരുത്തപ്പെട്ട മേല്‍ പരസ്യവാചകങ്ങള്‍ ഒരു യാഥാര്‍ഥ്യമായിരിക്കുന്നു ഇന്ന്.
ജര്‍മന്‍ ദേശീയതയും യൂറോപ്യന്‍ സന്ദേഹവാദവും ഇസ്‌ലാം വിരോധവും ആശയാടിത്തറയാക്കി 2013ലാണ് ആള്‍ട്ടര്‍നേറ്റിവ് ഫോര്‍ ജര്‍മനി (എ.എഫ്.ഡി) രൂപീകൃതമാകുന്നത്. വെറും നാലുവര്‍ഷത്തെചരിത്രമുള്ള പാര്‍ട്ടി. മുസ്‌ലിം ലോകത്തുനിന്നടക്കമുള്ള കുടിയേറ്റക്കാരുടെ പ്രവാഹത്താല്‍ രൂപപ്പെട്ട സങ്കരസംസ്‌കാരം പാര്‍ട്ടിയുടെ ഉത്ഭവത്തിലേക്കു നയിച്ച ഒരു ഭീതിഘടകമായിരുന്നു. അഡോള്‍ഫ് ഹിറ്റ്‌ലര്‍ നിരന്തരം പ്രചോദിപ്പിച്ചുകൊണ്ടിരുന്ന കലര്‍പ്പില്ലാത്ത ജര്‍മന്‍ ദേശീയതാവാദം തന്നെയാണ് എ.എഫ്.ഡിയുടെയും അടിസ്ഥാന ആശയധാര. ജര്‍മന്‍ സാംസ്‌കാരിക പരമാധികാരവും ദേശീയാഭിമാനവും തിരിച്ചുപിടിക്കണമെന്നായിരുന്നു പാര്‍ട്ടിയുടെ സ്ഥാപകരായ അലക്‌സാണ്ടര്‍ ഗൗലന്ദും ഫ്രൗക്ക് പെട്രിയും വര്‍ഷങ്ങളായി നിരന്തരം പ്രസംഗിച്ചും എഴുതിയും കൊണ്ടിരുന്നത്.
സിറിയ, യമന്‍ അടക്കം ആഭ്യന്തര യുദ്ധം തകര്‍ത്ത പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് യൂറോപ്പിലേക്ക് ശക്തമായ അഭയാര്‍ഥി പ്രവാഹമുണ്ടായ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കല്‍ സ്വ ീകരിച്ച നയങ്ങള്‍ എ.എഫ്.ഡിക്കു ലഭിച്ച വീണുകിട്ടിയ അവസരങ്ങളായിരുന്നു. തുര്‍ക്കി വഴിയെത്തിയ അഭയാര്‍ഥികള്‍ക്കു മുന്‍പില്‍ സ്ലോവേനിയ, സെര്‍ബിയ, ക്രൊയേഷ്യ, മാസഡോണിയ എന്നീ നാല് ബാള്‍ക്കന്‍ രാജ്യങ്ങളും ഹംഗറിയുമെല്ലാം അതിര്‍ത്തി അടച്ചപ്പോള്‍ മെര്‍ക്കല്‍ അവരെ സ്വന്തം രാജ്യത്തേക്ക് സ്വീകരിച്ചാനയിച്ചു. ഇതിനെതിരേ എ.എഫ്.ഡിയുടെ നേതൃത്വത്തില്‍ നടന്ന രാജ്യവ്യാപകമായ പ്രതിഷേധങ്ങളോട് 'മുസ്‌ലിംകളും ജര്‍മനിയുടെ ഭാഗമാണ് ' എന്നു പറഞ്ഞായിരുന്നു മെര്‍ക്കല്‍ പ്രതിരോധിച്ചത്. എന്നാല്‍, മുസ്‌ലിംകള്‍ക്കും വിദേശികള്‍ക്കുമെതിരായ വിദ്വേഷം ജര്‍മന്‍ ജനതയ്ക്കുള്ളില്‍ കുത്തിവച്ചും തീവ്രദേശീയത പ്രചരിപ്പിച്ചും എ.എഫ്.ഡി തിടംവയ്ക്കുകയായിരുന്നു ഇക്കാലയളവില്‍.
ഇത്തവണ ജര്‍മന്‍ പാര്‍ലമെന്റിലേക്കുള്ള കന്നിയങ്കത്തില്‍ ഇതേ പ്രചാരണങ്ങളാല്‍ മുഖ്യധാരാ പാര്‍ട്ടി അണികളുടെ ദേശീയവികാരങ്ങള്‍ ഇളക്കിയാണ് എ.എഫ്.ഡി നേട്ടം കൊയ്തത്. 'നമ്മുടെ രാജ്യത്തെ തിരിച്ചുപിടിക്കാം', 'വിദേശി അധിനിവേശം നിര്‍ത്തലാക്കാം' എന്നൊക്കെയായിരുന്നു പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങള്‍. സി.ഡി.യുവിന്റെ പത്തു ലക്ഷം വോട്ടര്‍മാരും സോഷ്യലിസ്റ്റ്-ഇടതുപക്ഷ പാര്‍ട്ടികളുടെ അഞ്ചുലക്ഷത്തിലേറെ വോട്ടര്‍മാരും എ.എഫ്.ഡിക്ക് വോട്ട് ചെയ്തതായി ജര്‍മനിയിലെ പ്രമുഖ തെരഞ്ഞെടുപ്പ് ഗവേഷണ ഏജന്‍സി യായ ഇന്‍ഫ്രാടെസ്റ്റ് ഡിമാപ് പുറത്തുവിട്ട കണക്കില്‍ പറയുന്നു. കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷങ്ങളിലുണ്ടായ മുസ്‌ലിം കുടിയേറ്റക്കാരുടെ വരവും ജര്‍മന്‍ പൊതുജീവിതത്തില്‍ മുസ്‌ലിംകളുടെയും ബുര്‍ഖ, പള്ളി അടക്കമുള്ള ഇസ്‌ലാമിക ചിഹ്നങ്ങളുടെയും പരസ്യപ്പെടലുകളും കാരണം സാംസ്‌കാരിക അന്യതാത്വം അനുഭവപ്പെട്ട മുഖ്യധാരാ പാര്‍ട്ടിയിലെ അണികളാണ് ഈ വോട്ടര്‍മാരെല്ലാം. അഭിപ്രായ സര്‍വേ പ്രകാരം എ.എഫ്.ഡി വോട്ടര്‍മാരില്‍ 60 ശതമാനം പേരും മെര്‍ക്കലിന്റെ കുടിയേറ്റ നയങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ മറിച്ചുകുത്തിയവരായിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടന്‍ പാര്‍ട്ടി നേതാവ് അലക്‌സാണ്ടര്‍ ഗൗലന്ദ് പാര്‍ലമെന്റിലും അടുത്ത വര്‍ഷങ്ങളിലുമുള്ള പാര്‍ട്ടി നയം പ്രഖ്യാപിച്ചുകഴിഞ്ഞു. വിദേശികളുടെ സാംസ്‌കാരിക അധിനിവേശത്തില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ യുദ്ധം ചെയ്യുമെന്നായിരുന്നു ഗൗലന്ദിന്റെ പ്രഖ്യാപനം.
എന്നാല്‍, അതിലേറെ ഭീതിപ്പെടുത്തുന്നത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷമുള്ള മെര്‍ക്കലിന്റെ നയംമാറ്റമാണ്. എ.എഫ്.ഡി തട്ടിയെടുത്ത തങ്ങളുടെ വോട്ട് തിരിച്ചുപിടിക്കാന്‍ നയങ്ങളില്‍ മാറ്റം വരുത്തുമെന്ന് മെര്‍ക്കല്‍ പ്രഖ്യാപിച്ചത് രാജ്യത്തെ മുസ്‌ലിംകള്‍ക്കും കുടിയേറ്റക്കാര്‍ക്കും എന്തു സന്ദേശമാണ് നല്‍കുന്നതെന്നത് വരും നാളുകളില്‍ കാത്തിരുന്നു കാണണം. അതേസമയം, എ.എഫ്.ഡിക്കുള്ളില്‍ തന്നെ പിളര്‍പ്പ് ഉടലെടുത്തതായാണ് സ്ഥാപക നേതാവും മിതവാദ മുഖവുമായ ഫ്രൗക്ക് പെട്രി പാര്‍ട്ടിയുടെ പുതിയ നടപടി സൂചിപ്പിക്കുന്നത്. പാര്‍ട്ടിയുടെ തീവ്രനയങ്ങളില്‍ പ്രതിഷേധിച്ച് അവര്‍ പാര്‍ട്ടി വിട്ട് പാര്‍ലമെന്റില്‍ സ്വതന്ത്രമായി നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ, അവരുടെ രാജിക്കൊന്നും തടയാനാകാത്ത വിധം ജര്‍മന്‍ മനസില്‍ രൂപപ്പെട്ട വംശീയ വിഭജനം വരുംനാളുകളില്‍ രാജ്യത്തെ തന്നെ കീഴടക്കുമോ എന്നാണു പേടിക്കേണ്ട കാര്യം.
'ജമൈക്ക' സഖ്യത്തിന്റെ കെട്ടുറപ്പ്
കഴിഞ്ഞതവണ സി.ഡി.യു മുന്നണിക്കൊപ്പം നിന്ന എസ്.പി.ഡി ഇത്തവണ പ്രതിപക്ഷത്ത് ഇരിക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞതിനാല്‍ മറ്റു ഇടത്-ലിബറല്‍ പാര്‍ട്ടികളുടെ തുണവേണ്ടി വരും മെര്‍ക്കലിന് അധികാരത്തിലിരിക്കാന്‍. തീവ്ര ദേശീയവാദികളായ എ.എഫ്.ഡിയെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയാക്കാതിരിക്കാനാണ് എസ്.പി.ഡി പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ചത്.
ലിബറല്‍-ഇടതുകക്ഷികളായ എഫ്.ഡി.പി, ഗ്രീന്‍സ് പാര്‍ട്ടികളെ ചാക്കിലിടാനുള്ള ശ്രമങ്ങള്‍ സി.ഡി.യു മുന്നണി ആരംഭിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ മൂന്നു കക്ഷികളും ചേര്‍ന്നുള്ള കൂട്ടുകക്ഷി സര്‍ക്കാരായിരിക്കും വരാനിരിക്കുന്നത്. ഈ കക്ഷികളുടെ കൊടിനിറങ്ങള്‍ ചേര്‍ന്നാല്‍ ആഫ്രിക്കന്‍ രാജ്യമായ ജമൈക്കയുടെ ദേശീയപതാകയോടു സാമ്യമുള്ളതിനാല്‍ 'ജമൈക്കന്‍' കൂട്ടുകക്ഷി എന്ന പേര് ഈ സഖ്യകക്ഷി സര്‍ക്കാരിനു രാഷ്ട്രീയവൃത്തങ്ങള്‍ പതിച്ചുനല്‍കിയിട്ടുണ്ട്. എന്നാല്‍, യൂറോപ്യന്‍ യൂനിയനുമായി ബന്ധപ്പെട്ട സാമ്പത്തിക നയത്തില്‍ മെര്‍ക്കലില്‍നിന്നു വ്യത്യസ്തമായ അഭിപ്രായമുള്ള കക്ഷിയാണ് എഫ്.ഡി.പി. ഗ്രീന്‍സ് പാര്‍ട്ടിയുടെ പരിസ്ഥിതി നയങ്ങളും മെര്‍ക്കലിന്റെ നയങ്ങളോട് എത്രമാത്രം ഒത്തുപോകുമെന്നത് ചിന്തിക്കേണ്ട വിഷയം തന്നെയാണ്. രാജ്യത്ത് ശക്തിപ്പെടുന്ന വലതുപക്ഷ രാഷ്ട്രീയത്തെ ചെറുക്കുന്നതോടൊപ്പം സഖ്യകക്ഷികളെ കൂടെനിര്‍ത്തുക കൂടി വരുംനാളുകളില്‍ മെര്‍ക്കലിന് മുന്നിലുള്ള പ്രധാന വെല്ലുവിളികളാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."