പെട്രോള്‍ വില വര്‍ധനവ്: ഉത്തരവാദി സംസ്ഥാന സര്‍ക്കാരുകളെന്ന് കേന്ദ്ര മന്ത്രി
തൃശൂര്‍: പെട്രോള്‍ വില വര്‍ധനവിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരുകളെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ ചുമത്തുന്ന ഉയര്‍ന്ന നികുതി നിരക്കാണ് വില വര്‍ധനവിന് കാരണം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനൊന്നും ചെയ്യാനാവില്ല. പെട്രോളിയം വില വര്‍ധനവ് സംബന്ധിച്ച കാര്യങ്ങള്‍ ജി.എസ്.ടി കൗണ്‍സിലിന്റെ പരിഗണനയില്‍ വരേണ്ടതാണ്.
ക്രൂഡ് ഓയിലിന്റെ വിലയെ അടിസ്ഥാനപ്പെടുത്തിയാണ് പെട്രോളിന്റെ വില വര്‍ധനവെന്ന തെറ്റിദ്ധാരണ ജനങ്ങള്‍ക്കിടയിലുണ്ട്. മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍ വില വര്‍ധനവില്‍ നേടിയ വരുമാനം ഇന്‍ഫ്രാ സ്ട്രക്ചര്‍ ഡവലപ്‌മെന്റിന് ഉപയോഗിക്കാത്തതിനാലാണ് അന്ന് വില വര്‍ധനവിനെ എന്‍.ഡി.എ എതിര്‍ത്തതെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അന്ന് ടുജി സ്‌പെക്ട്രവും കോമണ്‍വെല്‍ത്തും അടക്കമുള്ള അഴിമതികളായിരുന്നു നടമാടിയത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ബി.ജെ.പി കേരളത്തിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയാകും. ഇതിനായി പ്രാദേശിക പാര്‍ട്ടികളെ കൂടെക്കൂട്ടും. കാസര്‍കോട്, ചാലക്കുടി, തൃശൂര്‍, കോഴിക്കോട്, പാലക്കാട് ലോക്‌സഭാ മണ്ഡലങ്ങളിലെ ബി.ജെ.പി നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് മന്ത്രി തൃശൂരിലെത്തിയത്. വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പി നേതാക്കളായ കെ. സുരേന്ദ്രന്‍, വി. മുരളീധരന്‍, ജില്ലാ പ്രസിഡന്റ് എ. നാഗേഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."