പി.എസ്.സി തൊഴില്‍ തട്ടിപ്പ്: ആഭ്യന്തര വിജിലന്‍സ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: 2010ല്‍ നടന്ന പി.എസ്.സി തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ആഭ്യന്തര വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.
അന്ന് തട്ടിപ്പിലൂടെ തൊഴില്‍ നേടിയവര്‍ ഇപ്പോഴും സര്‍ക്കാര്‍ സര്‍വിസിലുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്.
2001 മുതല്‍ 2010 വരെ പി.എസ്.സി മുഖേന സര്‍വിസില്‍ കയറിയവരുടെ രേഖകളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. വയനാട് കലക്ടറേറ്റില്‍ യു.ഡി ക്ലര്‍ക്കായിരുന്ന അഭിലാഷ് വ്യാജ നിയമന ഉത്തരവുണ്ടാക്കി തിരുവനന്തപുരം, കൊല്ലം, വയനാട് ജില്ലകളിലുള്ള നിരവധിപേര്‍ക്ക് സര്‍ക്കാര്‍ സര്‍വിസില്‍ ജോലി തരപ്പെടുത്തി നല്‍കിയിരുന്നു.
അന്ന് നടത്തിയ അന്വേഷണത്തില്‍ എട്ടുപേര്‍ വ്യാജ രേഖയുണ്ടാക്കി സര്‍ക്കാര്‍ സര്‍വിസില്‍ കയറിയെന്ന് കണ്ടെത്തുകയും ഇവരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. 2001 മുതല്‍ 2010 വരെ പി.എസ്.സി വഴി സര്‍ക്കാര്‍ ജോലിയില്‍ കയറിയ മുഴുവന്‍ ജീവനക്കാരുടെയും സര്‍വിസ് ബുക്കും യോഗ്യതാ രേഖകളും ഹാജരാക്കാനാണ് ആഭ്യന്തര വിജിലന്‍സ് വിഭാഗം അഡിഷനല്‍ സെക്രട്ടറി പൊതുഭരണ വകുപ്പിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളും പരിശോധിക്കുന്നുണ്ട്. ജീവനക്കാര്‍ ഹാജരാക്കുന്ന രേഖകളും പി.എസ്.സിയിലെ രേഖകളും ഒത്തുനോക്കിയാണ് അന്വേഷണം നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."