മോദിയുടെ ഗുജറാത്ത് മോഡലെന്നത് തട്ടിപ്പ് സംസ്ഥാനത്തിന്റെ മാര്‍ഗദര്‍ശി സര്‍ദാര്‍ പട്ടേല്‍: രാഹുല്‍
ജാംനഗര്‍: മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരേ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് പ്രചാരണം. മോദിയുടെ ഗുജറാത്ത് മോഡല്‍ എന്നത് തട്ടിപ്പാണെന്നും ഗുജറാത്തിന്റെ എക്കാലത്തെയും മാര്‍ഗദര്‍ശി ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലാണെന്നും വ്യക്തമാക്കി.
പട്ടേല്‍ സമുദായക്കാരുടെയും പിന്നോക്ക വിഭാഗക്കാരുടെയും ശക്തികേന്ദ്രമായ സൗരാഷ്ട്ര കേന്ദ്രീകരിച്ച് രാഹുല്‍ നടത്തുന്ന പ്രചാരണത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ജാംനഗര്‍, മോര്‍ബി എന്നിവിടങ്ങളിലെ സ്വീകരണ യോഗങ്ങളിലാണ് അദ്ദേഹം മോദിക്കെതിരേ ആഞ്ഞടിച്ചത്. രാജ്യത്തിന് വലിയ സംഭാവന നല്‍കിയ നേതാവായിരുന്നു സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. ഗുജറാത്ത് രാജ്യത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവനയായിരുന്നു അദ്ദേഹം. രാജ്യത്തെ ഉന്നതിയിലേക്ക് എത്തിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമത്തെയും രാഹുല്‍ പ്രകീര്‍ത്തിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്നത് ഗുജറാത്ത് മോഡലിന്റെ നായകനെന്ന നിലയിലാണ്. എന്നാല്‍ മോദിയുടെ ഗുജറാത്ത് മോഡല്‍ പൂര്‍ണ പരാജയമായിരുന്നു. അതിനു പകരം ചൂണ്ടിക്കാണിക്കാവുന്നത് അമുല്‍ മോഡലാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും മോദി അസ്ഥിരപ്പെടുത്തുകയാണ് ചെയ്തത്. അമുല്‍ മോഡല്‍ സംസ്ഥാനത്തിന്റെ വികസനത്തിനാണ് പ്രയോജനപ്പെട്ടതെന്ന കാര്യം വിസ്മരിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുജറാത്ത് സഹകരണ മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ സ്വന്തം ബ്രാന്‍ഡ് ആണ് അമുല്‍. ക്ഷീരോല്‍പാദകരെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാനായി 1946ല്‍ തുടങ്ങിയ ഈ സംഘം യഥാര്‍ഥത്തില്‍ രാജ്യത്ത് നടപ്പാക്കിയ ധവള വിപ്ലവം അവഗണിക്കാന്‍ കഴിയാത്തതാണ്. രാജ്യത്തെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ പാല്‍ ഉല്‍പാദകരാണ് അമുല്‍. മോദിയുടെ ഗുജറാത്ത് മോഡലില്‍ എന്താണ് സംസ്ഥാനത്തിനുണ്ടാക്കാന്‍ കഴിഞ്ഞത്. ജോലിയിലും വിദ്യാഭ്യാസത്തിനും സംവരണം ആവശ്യപ്പെട്ട് സമരം ചെയ്ത 14 പട്ടേല്‍ സമുദായ യുവാക്കളെയാണ് പൊലിസ് വെടിവച്ചുകൊന്നത്. സമുദായത്തിന്റെ ആവശ്യം ഉന്നയിച്ച അവര്‍ക്ക് ബി.ജെ.പി നല്‍കിയത് വെടിയുണ്ടകളായിരുന്നു. ഇത്തരത്തിലുള്ള നിലപാട് കോണ്‍ഗ്രസിനില്ല. എല്ലാവരെയും തുല്ല്യരായി കാണുകയെന്നതാണ് കോണ്‍ഗ്രസിന്റെ നയം.
സംസ്ഥാനത്ത് തൊഴിലില്ലായ്മയും കാര്‍ഷികമേഖലയിലെ അസ്ഥിരതയും വര്‍ധിക്കുകയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മൂന്നു ദിവസത്തെ പ്രചാരണത്തിനായാണ് രാഹുല്‍ ഗാന്ധി ഗുജറാത്തിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."