കോടികള്‍ മുടക്കിയ ആയഞ്ചേരി-വേളം കോള്‍നില വികസന പദ്ധതി പാതിവഴിയില്‍: പൊലിഞ്ഞത് കര്‍ഷകരുടെ സ്വപ്‌നം
ആയഞ്ചേരി: കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷ സമ്മാനിച്ച് തുടങ്ങിയ പദ്ധതി. കോടികള്‍ വകയിരുത്തുകയും കോടികള്‍ പൊടിക്കുകയും ചെയ്തു. എട്ടാണ്ടു പിന്നിട്ടിട്ടും എവിടെയുമെത്തിയില്ല. ജില്ലയിലെ ആയഞ്ചേരി, വേളം പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള കോള്‍നില വികസന പദ്ധതിയുടെ കഥയാണിത്.
ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരുന്ന കോള്‍നില വികസന പദ്ധതി തുടങ്ങി എട്ടു വര്‍ഷം കഴിഞ്ഞിട്ടും പാതിവഴിയില്‍ തന്നെ നില്‍ക്കുകയാണ്. മൂന്നരക്കോടി രൂപ തുടക്കത്തില്‍ നീക്കിവച്ച് നെല്‍കൃഷി വികസനത്തിനായി ജില്ലാ പഞ്ചായത്ത് നബാര്‍ഡിന്റെ സഹായത്തോടെ ആവിഷ്‌കരിച്ചതാണ് ആയഞ്ചേരി-വേളം കോള്‍നില വികസന പദ്ധതി. ഇതിന്റെ ഭാഗമായുള്ള തോട് വികസനം, ഫാം റോഡ് നിര്‍മാണം, തടയണ നിര്‍മാണം എന്നിവ ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല.
നെല്‍കൃഷിക്ക് പ്രസിദ്ധമായ ആയഞ്ചേരി, വേളം പഞ്ചായത്തുകളില്‍ കാര്‍ഷിക വികസനം ലക്ഷ്യമിട്ടാണ് പദ്ധതി തയാറാക്കിയത്. ഇവിടെ വയലുകളില്‍ എത്തുന്ന കനാല്‍ വെള്ളവും മഴവെള്ളവും ഒഴിഞ്ഞുപോകാതെ വയലില്‍ തന്നെ കെട്ടിക്കിടക്കുന്നതു കാരണം കര്‍ഷകര്‍ നെല്‍കൃഷിയില്‍നിന്ന് പിന്‍വാങ്ങാന്‍ തുടങ്ങിയിരുന്നു. ഏക്കര്‍ കണക്കിന് പുഞ്ച കൃഷിയാണ് ഇതുവഴി മുടങ്ങിയത്. വയലുകള്‍ തരിശിടാന്‍ തുടങ്ങിയതോടെ അട്ട ശല്യവും വര്‍ധിച്ചു. കൃഷിപ്പണിക്ക് തൊഴിലാളികളെ കിട്ടാത്ത അവസ്ഥയും വന്നുചേര്‍ന്നു. കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് കൊയ്ത്തിനും അനുബന്ധ ജോലികള്‍ക്കും കൂടുതല്‍ സാമ്പത്തിക ബാധ്യതയുമുണ്ടായി. ഇതോടെ ആയഞ്ചേരി തുലാറ്റുംനടയുടെ ഇരുഭാഗങ്ങളിലും കണ്ണെത്താദൂരം പരന്നുകിടക്കുന്ന വയലില്‍ കൃഷി മുടങ്ങുകയായിരുന്നു.
ഇതിനൊരു പരിഹാരം എന്ന നിലയിലാണ് ജില്ലാ പഞ്ചായത്ത് കോള്‍നില വികസന പദ്ധതി ആവിഷ്‌കരിച്ചത്. വയലിലെ നീര്‍ക്കെട്ട് പരിഹരിക്കാന്‍ തുലാറ്റുംനട മുതല്‍ മീന്‍പാലം വരെ മുന്‍പുണ്ടായിരുന്ന തൂര്‍ന്നുപോയ തോട് വീതിയും ആഴവും കൂട്ടാനായിരുന്നു പദ്ധതി. ഇതനുസരിച്ച് തോടിന് ആഴവും വീതിയും കൂട്ടുന്ന ജോലി ഏതാണ്ട് പൂര്‍ത്തിയായി.
എന്നാല്‍ മിക്കയിടത്തും തോടിന്റെ ഇരുവശത്തും കരിങ്കല്‍ ഭിത്തി നിര്‍മിക്കുന്ന പ്രവൃത്തി പാതിവഴിയിലാണ്. നിര്‍മാണം പൂര്‍ത്തിയായ ഭാഗത്താകട്ടെ ഭിത്തി തകരാനും തുടങ്ങിയിട്ടുണ്ട്. നിര്‍മാണത്തിലെ അപാകതയാണ് ഇതിനു കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഫാം റോഡ് നിര്‍മാണത്തിനായി തുലാറ്റുംനട ഭാഗത്ത് മണ്ണ് ഇറക്കിയെങ്കിലും പൂര്‍ത്തിയാക്കാനായിട്ടില്ല. കൃഷി ഭൂമിയിലേക്ക് യന്ത്രങ്ങളും വാഹനങ്ങളും എത്തിക്കാനും കര്‍ഷകരുടെ അധ്വാനം കുറയ്ക്കാനുമാണ് ഫാം റോഡ് നിര്‍മിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. വേനല്‍ക്കാലത്ത് കൃഷിയിടങ്ങളിലേക്കു വെള്ളമെത്തിക്കാന്‍ തടയണ നിര്‍മിക്കുന്ന ജോലിയും പൂര്‍ത്തിയായിട്ടില്ല. കരാറുകാരന്‍ പണി പൂര്‍ത്തിയാക്കാത്തതിനാല്‍ ജില്ലാ പഞ്ചായത്ത് രണ്ടു വര്‍ഷം മുന്‍പ് കോള്‍നില വികസന പദ്ധതി പിന്‍വലിച്ചു.
നബാര്‍ഡുമായി ഉണ്ടാക്കിയ ധാരണ പ്രകാരം നിശ്ചിതസമയത്ത് നിര്‍മാണം പൂര്‍ത്തിയാകാത്തതാണ് പദ്ധതിക്കു തടസമായത്. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പദ്ധതിക്കായി കഴിഞ്ഞ ബജറ്റില്‍ തുക നീക്കി വച്ചിരുന്നെങ്കിലും പ്രവൃത്തി തുടങ്ങിയില്ല. ഇതോടെ വികസനത്തിനായി കൃഷിഭൂമി വിട്ടുനല്‍കിയ കര്‍ഷകരും വെട്ടിലായി. തോട് വീതികൂട്ടാന്‍ സൗജന്യമായാണ് ഇവര്‍ സ്ഥലം നല്‍കിയത്. അതേസമയം തോടിന് ആഴം വര്‍ധിച്ചതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളില്‍ വെള്ളം വറ്റിത്തുടങ്ങി.
ഇതോടെ നാട്ടുകാര്‍ക്കു പദ്ധതിയോട് എതിര്‍പ്പുണ്ടാവുകയും ചെയ്തു. കടുത്ത വേനലിലും വറ്റാത്ത കിണറുകളാണ് വേനലിന്റെ തുടക്കത്തില്‍ തന്നെ വറ്റിത്തുടങ്ങിയത്. കൂടാതെ തോട് വികസിപ്പിച്ചപ്പോള്‍ കണ്ടല്‍ക്കാടുകളും കൈതച്ചെടികളും നശിപ്പിക്കപ്പെട്ടു. ഇതോടെ പാരിസ്ഥിതികമായ പ്രശ്‌നങ്ങളും ഉയര്‍ന്നുവന്നു. ഇപ്പോള്‍ കോടികള്‍ ചെലവ് ചെയ്ത പദ്ധതി ആര്‍ക്കും ഒരു പ്രയോജനവുമില്ലാതെ പാതിയില്‍ കിടക്കുകയാണ്. പ്രതിഷേധവും കാര്യമായുണ്ടായില്ല.
കര്‍ഷകരുടെ കണ്ണീരൊപ്പുന്നവരാണെന്ന് പറയുന്ന സംഘടനകളും മൗനത്തിലാണ്. കോടികളുടെ പദ്ധതി ആവിയായിപ്പോകുന്ന അവസ്ഥ. കോള്‍നില പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."