ലഹരിയില്‍ മുങ്ങി കാസര്‍കോട്
കാസര്‍കോട്: ലഹരി വസ്തുക്കളുടെ കടത്തലും ഉപയോഗവും ജില്ലയില്‍ വ്യാപകമാകുന്നു. ഒരു മാസത്തിനിടെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നു ഒരു ക്വിന്റലിനടുത്തു കഞ്ചാവു മാത്രം പിടിച്ചെടുത്തിരുന്നു. ഇതിലും എത്രയോ അധികം പാന്‍മസാല ഉല്‍പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ദിവസേന രണ്ടുപേരെങ്കിലും ലഹരി ഉല്‍പന്നങ്ങള്‍ കടത്തലിന്റെ പേരില്‍ പിടിയിലാവുന്നുണ്ടെന്നതു ഞെട്ടിക്കുന്നതാണെന്ന് എക്‌സൈസ് ഉദ്യേഗസ്ഥര്‍ പറയുന്നു.
മംഗളൂരുവില്‍ നിന്നാണു വന്‍തോതില്‍ കഞ്ചാവും ലഹരി ഉല്‍പന്നങ്ങളും അതിര്‍ത്തി കടന്നു കേരളത്തിലെത്തുന്നത്. കാസര്‍കോടെത്തിക്കുന്ന ലഹരി ഉല്‍പന്നങ്ങള്‍ കേരളത്തിലെ വിവിധ ജില്ലകളിലേക്കു കടത്തുന്നതിനു പുറമെ കാസര്‍കോട് ജില്ലയിലും വ്യാപകമായി വിറ്റഴിയുന്നുണ്ട്. ബേക്കല്‍, കുമ്പള, മഞ്ചേശ്വരം, കാസര്‍കോട് പൊലിസ് സ്റ്റേഷന്‍ പരിധികളില്‍ ഇടക്കിടെ കഞ്ചാവു വേട്ട നടക്കുന്നുണ്ട്. പാന്‍മസാലയുടെ വലിയ ശേഖരമാണ് ദിനംപ്രതി കാസര്‍കോടെത്തുന്നത്.
ഇതുകൂടാതെ കര്‍ണാടക നിര്‍മിത വിദേശമദ്യവും ഒഴുകുന്നുവെന്നു മാത്രമല്ല വനമേഖലയില്‍ വന്‍ തോതില്‍ വ്യാജചാരായ നിര്‍മാണവും നടക്കുന്നുണ്ട്. വ്യാഴാഴ്ച മാത്രം കാസര്‍കോട്, കുമ്പള പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നു രണ്ടു കേസുകളിലായി നാലു കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. പൊലിസ് പരിശോധന നടക്കാത്ത അതിര്‍ത്തി ചെക്കുപോസ്റ്റുകള്‍ വഴിയും ബസുകളിലുമാണു വന്‍ തോതില്‍ കഞ്ചാവും ലഹരി വസ്തുക്കളും കടത്തുന്നത്.
കാസര്‍കോട് വിറ്റഴിയുന്ന പാന്‍ ഉല്‍പന്നങ്ങളുടെ വൈവിധ്യം എക്‌സൈസ്-പൊലിസ് സംഘത്തെ അമ്പരപ്പിച്ചിട്ടുണ്ട്. കഞ്ചാവിനു പുറമെ ചരസ് അടക്കമുള്ള മാരക മയക്കുമരുന്നും കാസര്‍കോട് വിപണിയില്‍ കിട്ടും. പാന്‍ മസാല കടത്തിനു പിന്നില്‍ ഇതരസംസ്ഥാന തൊഴിലാളികളാണെന്നും ട്രെയിന്‍ മാര്‍ഗം വലിയ തോതിലുള്ള പാന്‍മസാല കടത്താണ് നടക്കുന്നതെന്നും സൂചനയുണ്ട്. കര്‍ണാടകത്തില്‍ വലിയ വിലക്കുറവില്‍ ലഭിക്കുന്ന പാന്‍ മസാലകള്‍ക്കും കഞ്ചാവിനും കേരളത്തില്‍ ലഭിക്കുന്ന വലിയ വിലയാണ് കള്ളകടത്തുകാര്‍ക്ക് പ്രോത്സാഹനമാകുന്നത്. ലഹരി കടത്തുകാരെ പിടികൂടുന്നതിനായി ജില്ലയിലെ എക്‌സൈസ് സം ഘം നിതാന്ത ജാഗ്രതയിലാണ്.
ഹോട്ടലില്‍ നിന്നു നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടി
തൃക്കരിപ്പൂര്‍: പടന്ന മൂസഹാജി മുക്കിലെ ഹോട്ടലില്‍ നിന്നു നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടി. രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണു രണ്ടു പേര്‍ പൊലിസ് പിടിയിലായത്. മംഗളൂവില്‍ നിന്നു പച്ചക്കറിയോടൊപ്പം ലഹരി വസ്തുക്കളും കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നാരായണന്‍ എന്നയാളെയാണു ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആദ്യം പിടികൂടിയത്.
പച്ചക്കറി വില്‍പനയുടെ മറവില്‍ ലഹരി വസ്തുക്കളും എത്തിക്കുന്നതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. ഇയാള്‍ പറഞ്ഞ വിവരമനുസരിച്ചാണു പടന്നയിലെ ഇസ്മായില്‍ എന്നയാള്‍ നടത്തുന്ന ഹോട്ടല്‍ പരിശോധിക്കുകയായിരുന്നു.
രണ്ടു പേരെയും പൊലിസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥികള്‍ അടക്കമുളളവര്‍ക്ക് രഹസ്യമായി ലഹരി വസ്തുക്കള്‍ വില്‍ക്കുന്നതായി മുമ്പും പടന്നയിലെ ഈ ഹോട്ടലിനെതിരേ പരാതി ഉയര്‍ന്നിരുന്നു.
വിദേശത്തേക്കു ചരസു കടത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്കു വേണ്ടി തിരച്ചില്‍
കാസര്‍കോട്: വിദേശയാത്രക്കൊരുങ്ങുകയായിരുന്ന യുവാവു മുഖേന ചരസ് കടത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്കു വേണ്ടി തിരച്ചില്‍ ഊര്‍ജിതം. കേസിലെ പ്രതി നിസാമിനെ പിടികൂടുന്നതിനായുള്ള തിരച്ചിലാണ് അന്വേഷണസംഘം ഊര്‍ജിതമാക്കിയിരിക്കുന്നത്.
മറ്റൊരു പ്രതി അറാഫത്ത് ഇപ്പോള്‍ വിദേശത്താണ്.
തളങ്കര ബാങ്കോട് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്‍ റസാഖ് സനാഫിന്റെ പരാതിയില്‍ പൊലിസ് മൂന്നു പേര്‍ക്കെതിരേ കേസെടുത്തിരുന്നു. വിദേശത്തേക്കു പോകാനൊരുങ്ങിയ സനാഫിന്റെ കൈവശം അയാളറിയാതെ ചരസ് കടത്താനായിരുന്നു നീക്കം.
വിദേശത്തുള്ള അറാഫത്തിനു കൊടുക്കണമെന്നു പറഞ്ഞാണു പ്രതികള്‍ വസ്ത്രത്തിനിടയില്‍ തിരുകിയ ചരസ് യുവാവിനെ ഏല്‍പ്പിച്ചത്.
തുടര്‍ന്നാണ് സനാഫ് പരാതി നല്‍കിയത്. സംഭവത്തില്‍ മുഖ്യപ്രതിയായ ഹബീബ് ബാവ എന്ന ഹബീബിനെ പൊലിസ് അറസ്റ്റ് ചയ്തിരുന്നു.
പുകയില ഉല്‍പന്നങ്ങളുമായി
നാലുപേര്‍ പിടിയില്‍
കുമ്പള: പുകയില ഉല്‍പന്നങ്ങളുമായി നാലുപേര്‍ പിടിയില്‍. നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കൈവശം വച്ച ദര്‍ബാര്‍കട്ടയിലെ മോഹന ഷെട്ടി (37), അച്ച്യൂത പൈ (52) എന്നിവരെ കുമ്പള പൊലിസും ഷിരിബാഗിലു പുളിക്കാറിലെ അബ്ദുല്ല കുഞ്ഞി (37) ചെങ്കള ബേര്‍ക്കയിലെ ബി മൊയ്തു (42) എന്നിവരെയാണു കാസര്‍കോട് വിദ്യാനഗര്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
270 പാക്കറ്റ് പാന്‍ ഉല്‍പന്നങ്ങളുമായി
വ്യാപാരി പിടിയില്‍
ബേക്കല്‍: കീഴൂര്‍ ജങ്ഷനിലെ കടയില്‍ നിന്നു 270 പാക്കറ്റ് പാന്‍ മസാലകള്‍ പൊലിസ് പിടികൂടി. വ്യാപാരിയെ പൊലിസ് അറസ്റ്റ് ചെയ്തു. കീഴൂര്‍ കടപ്പുറത്തെ മുഹമ്മദ് കുഞ്ഞിയുടെ കടയില്‍ നിന്നാണു പാന്‍ മസാല ശേഖരം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇതരസംസ്ഥാന തൊഴിലാളികള്‍ മുഖേനയാണു പാന്‍ മസാലകള്‍ ഇവിടെയെത്തുന്നതെന്നു തെളിഞ്ഞിട്ടുണ്ട്. ബേക്കല്‍ എസ്.ഐ വിപിനനും സംഘവുമാണു റെയ്ഡ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."