മാനസികമായിപ്പോലും പീഡിപ്പിക്കപ്പെട്ടില്ല: ഫാദര്‍ ടോം ഉഴുന്നാലില്‍
പേടിപ്പിക്കുന്ന സ്വപ്നങ്ങള്‍ പോലും കണ്ടില്ല
2016 മാര്‍ച്ച് നാലിന് തന്റെ കണ്‍മുന്നില്‍ നടന്ന സംഭവങ്ങള്‍ ഒരിക്കലും മറക്കാനാവാത്തതും വേദനിക്കുന്നതുമായിരുന്നു. പിന്നീടുള്ള ജീവിതത്തില്‍ തനിക്ക് യാതൊരു ഭയവുമുണ്ടായിരുന്നില്ല. ദൈവം അറിയാതെ നമ്മുടെ ഒരു തലമുടി പോലും താഴെ വീഴില്ലെന്ന ബൈബിള്‍ വചനം എനിക്ക് കരുത്തായിരുന്നു. അതുകൊണ്ടു തന്നെ ഭീകരവാദികളായവര്‍ക്കിടയില്‍ കഴിച്ചുകൂട്ടുമ്പോഴും നന്മയുടെ വശം മാത്രമേ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ.
മോചിതനായി നാട്ടിലെത്തി കഴിയുമ്പോഴും എന്റെ ദൗത്യം നന്മയും ദൈവപ്രീതി കാംക്ഷിച്ചുള്ള സേവനവും പ്രാര്‍ഥനയും മാത്രമാണ്. തുടര്‍ന്നുള്ള ജീവിതവും അങ്ങനെ തന്നെ. യമന്‍ പോലൊരു സംഘര്‍ഷപ്രദേശത്ത് എന്റെ സേവനം ആവശ്യമായിരുന്നുവെന്നത് ദൈവപ്രേരണയായിരുന്നു.
മറ്റൊരു കാര്യം, എന്റെ യമന്‍ വിസയുടെ കാലാവധി അവസാനിച്ചിരുന്നില്ല. അതുപോലെ തന്നെ അവിടത്തെ മദര്‍ തെരേസ സിസ്‌റ്റേഴ്‌സിന് തന്റെ സേവനം ആവശ്യമാണെന്ന തിരിച്ചറിവുമാണ് വീണ്ടും യമനിലേക്ക് പോകാന്‍ പ്രേരിപ്പിച്ചത്. അതാണ് പിന്നീട് ഒന്നരവര്‍ഷം നീണ്ട തടങ്കല്‍ ജീവിതത്തിലേക്ക് പരീക്ഷിക്കപ്പെട്ടത്.
ഭീകരരിലും ദൈവത്തിന്റെ നന്മ
മനുഷ്യന്‍ ദൈവനിര്‍മിതമാണല്ലോ. അതുകൊണ്ടുതന്നെ എത്ര ഭീകരനായാലും അവനില്‍ ദൈവത്തിന്റെ നന്മയുടെ ഒരു അംശം ഉണ്ടാകും. അത് എപ്പോഴെങ്കിലും പുറത്തുവരുകയും ചെയ്യും. അതുകൊണ്ടായിരിക്കാം എന്നോടവര്‍ക്ക് സഹിഷ്ണുതയോടെ പെരുമാറാന്‍ കഴിഞ്ഞത്. 2016 മാര്‍ച്ച് 14ന് രാവിലെ യമനിലെ ഏദനില്‍ പ്രാര്‍ഥനയും പ്രാതലും കഴിഞ്ഞു നില്‍ക്കുമ്പോഴാണ് പെട്ടെന്നൊരു ബഹളം പുറത്തു കേള്‍ക്കുന്നത്.
പുറത്തേക്ക് ചെല്ലുമ്പോള്‍ മുന്നില്‍ കണ്ടത് തോക്കുധാരികളായ സംഘത്തെയാണ്. വെടിയേറ്റ് സെക്യൂരിറ്റിക്കാരനും സഹായിയും മരിച്ചുകിടക്കുന്നു. പിന്നീട് തന്റെ മുന്നില്‍ മരിച്ചുവീഴുന്ന നിസ്സഹായരെയാണ് കാണാന്‍ കഴിഞ്ഞത്. ഇതിനിടയില്‍ ഒരു തോക്കുധാരി എന്റെ സമീപത്തേക്കു വന്നപ്പോള്‍ വായില്‍ ആദ്യം വന്നത് ഞാനൊരു ഇന്ത്യനാണെന്നാണ്. ഉടന്‍ അയാള്‍ മുസ്‌ലിം ആണോയെന്ന് ചോദിച്ചു. അല്ല ക്രിസ്ത്യന്‍ എന്ന് മറുപടി പറഞ്ഞപ്പോള്‍ പൂന്തോട്ടത്തിലെ ഷെഡിലെ കസേരയില്‍ പോയി ഇരിക്കാന്‍ ആവശ്യപ്പെട്ടു.
താന്‍ നിസ്സഹായനായി നോക്കിനില്‍ക്കെ അവിടെയുണ്ടായിരുന്ന കന്യാസ്ത്രികളെയും വെടിവച്ചു വീഴ്ത്തി. പിന്നീട് എന്റെ ഊഴമായിരിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും തന്നെ ഒരു വാഹനത്തില്‍ കണ്ണുകള്‍ തുണികൊണ്ട് കെട്ടി ബന്ധനസ്ഥനാക്കി കയറ്റി. മണിക്കൂറുകള്‍ നീണ്ട യാത്രയ്‌ക്കൊടുവിലാണ് അജ്ഞാത കേന്ദ്രത്തില്‍ എത്തിപ്പെട്ടത്. ഇടയ്ക്ക് മറ്റൊരു സംഘത്തിന് എന്നെ കൈമാറി. അവരാണ് രഹസ്യസങ്കേതത്തിലേക്ക് കൊണ്ടുപോയത്. പിന്നീടുള്ള 18 മാസം നാലു കേന്ദ്രങ്ങളിലായിരുന്നു പാര്‍പ്പിച്ചത്. രണ്ടു കേന്ദ്രങ്ങള്‍ ജനവാസമേഖലയും രണ്ടെണ്ണം മലയടിവാരത്തുള്ള വിജനമായ പ്രദേശവുമായിരുന്നു. ആദ്യം എത്തപ്പെട്ടത് ജനവാസകേന്ദ്രത്തിലെ ഒരു വീട്ടിലായിരുന്നു.
അവര്‍ ഇംഗ്ലീഷില്‍ സ്വാഗതം പറഞ്ഞു. പിന്നെ വിവരങ്ങള്‍ ആരാഞ്ഞു. വളരെ സൗമ്യവും മാന്യവുമായിട്ടാണ് പെരുമാറിയത്. തന്നെ തടങ്കലില്‍ വച്ചിരിക്കുന്നത് പണത്തിനാണെന്നും അത് ആവശ്യപ്പെടാനുള്ളവരുടെ ഫോണ്‍നമ്പര്‍ നല്‍കാനും ആവശ്യപ്പെട്ടു. എന്റെ ഓര്‍മയില്‍ ഫോണ്‍ നമ്പറുകള്‍ ഇല്ലാതിരുന്നതിനാല്‍ പറയാന്‍ കഴിഞ്ഞില്ല. പിന്നീട് നിങ്ങളുടെ രാജ്യമോ ബിഷപ്പോ മോചനത്തിനായി ഇടപെടുമോയെന്ന് ചോദിച്ചു.
അബൂദബിയിലെ ബിഷപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഇടപെടുമായിരിക്കുമെന്ന് അറിയിച്ചു. പിന്നീട് അവര്‍ ഞാനുമായി കൂടുതലൊന്നും ബന്ധപ്പെട്ടിരുന്നില്ല. അവര്‍ക്ക് ഇംഗ്ലീഷ് അറിയുകയില്ല, ചിലര്‍ക്ക് മാത്രമാണ് കുറച്ച് അറിയാവുന്നത്. എനിക്കാണെങ്കില്‍ അറബി ഭാഷയും അറിയില്ല. പണം ലഭിക്കാനുള്ള സാധ്യതകള്‍ കാണാതെ വന്നപ്പോഴും അവര്‍ എന്നെ ഭീഷണിപ്പെടുത്തുകയോ തോക്കുചൂണ്ടി സംസാരിക്കുകയോ ചെയ്തില്ല.
എന്നെ ശാരീരികമായി മാത്രമല്ല,മാനസികമായും പീഡിപ്പിച്ചില്ല. ബന്ധനസ്ഥനാണെന്ന മാനസികവിഷമം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവരില്‍ ഒളിഞ്ഞിരിക്കുന്ന നന്മയായിരിക്കും എന്നോട് അത്തരത്തില്‍ പെരുമാറാന്‍ കാരണമായതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ ഞാന്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടിയും കൊന്നവര്‍ക്കു വേണ്ടിയും പ്രാര്‍ഥിക്കുന്നു.
ഒളിക്കാനില്ലാത്തതിനാല്‍ തുറന്നുപറയുന്നു
ലോകം മുഴുവന്‍ ഭീതിയോടെ കാണുന്ന ഭീകരവാദികളെക്കുറിച്ച് എങ്ങനെ സഹിഷ്ണുതയോടെ പറയാന്‍ കഴിയുന്നൂവെന്ന് ചോദിച്ചാല്‍, എനിക്ക് ഒന്നും ഒളിച്ചുവെയ്ക്കാനില്ലെന്ന് മാത്രമാണ് മറുപടി.
തടവില്‍ കഴിഞ്ഞ കാലത്ത് അനുഭവിച്ച കാര്യങ്ങള്‍ മാത്രമാണ് പറയുന്നത്. എന്നെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ചത് ഇസ് ലാമിക് സ്റ്റേറ്റ് ആണെന്ന് പോലും എനിക്ക് അറിയില്ല. എന്റെ പേരില്‍ നാട്ടില്‍ എന്തെല്ലാം പ്രചരിച്ചുവെന്നും എനിക്കറിയില്ല. കാരണം എനിക്ക് പുറംലോകവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. ദുഃഖവെള്ളി ദിനത്തില്‍ എന്നെ ക്രൂശിക്കാന്‍ പോകുന്നുവെന്ന പ്രചാരണം ആരുടേതാണെന്ന് എനിക്കറിയില്ല.
അവര്‍ പണത്തിന് വേണ്ടി കാത്തിരുന്നു മടുത്തപ്പോള്‍ വിഡിയോ ദൃശ്യങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. അതെല്ലാം അവരുടെ അഭിനയമായിരുന്നു. അപ്പോഴത്തെ സാഹചര്യത്തില്‍ അവരുടെ നിര്‍ബന്ധത്തിന് വഴങ്ങാതെ നിര്‍വാഹമില്ലായിരുന്നു. എനിക്ക് എല്ലാ ദിവസവും ഒരുപോലെയായിരുന്നു. ആദ്യമെല്ലാം അവര്‍ കണ്ണു മൂടിക്കെട്ടി. പിന്നീട് ഒഴിവാക്കി.
എന്നോട് അവരെ നോക്കരുതെന്ന് മാത്രമായിരുന്നു നിര്‍ദേശം. ഒരിക്കല്‍ കാവല്‍ നില്‍ക്കുന്നയാള്‍ മറ്റുള്ളവര്‍ ഇല്ലാത്തപ്പോള്‍ ഓടിരക്ഷപ്പെട്ടോളാന്‍ പറഞ്ഞു. അങ്ങനെ രക്ഷപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞു. അത് എന്നെ പരീക്ഷിക്കാനായിരുന്നുവെന്ന് പിന്നീട് മനസിലായി. അതോടെ അവര്‍ എന്റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തി. എനിക്ക് അസുഖം വന്നപ്പോള്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കി. മുറിയിലിരുന്ന് പ്രാര്‍ഥിക്കാന്‍ അനുവദിച്ചു. അവര്‍ പ്രാര്‍ഥിക്കുമ്പോള്‍ ഞാനും പ്രാര്‍ഥനയില്‍ മുഴുകുമായിരുന്നു. അവര്‍ കഴിക്കുന്ന ഭക്ഷണമെല്ലാം നല്‍കി. പ്രമേഹമുള്ളതിനാല്‍ മധുരം അധികം കഴിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു. അതോടെ പ്രമേഹത്തിനുള്ള മരുന്നും ലഭ്യമാക്കി.
ഭക്ഷണം കഴിക്കുമ്പോള്‍ ഞങ്ങളെ നോക്കരുത് ഭക്ഷണത്തില്‍ മാത്രം നോക്കുക. ഞങ്ങള്‍ വരുമ്പോള്‍ കണ്ണുകള്‍ കൈകൊണ്ട് പൊത്തുക എന്നിങ്ങനെ അവര്‍ നിര്‍ദേശിച്ചിരുന്നു. അത് എനിക്ക് ശീലവുമായി. അവരുടെ മുഖം കാണുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയത് അവരുടെ മുഖത്ത് നിന്ന് നന്മയുടെ അംശം താന്‍ തിരിച്ചറിയുമോയെന്ന് ഭയക്കുന്നതുകൊണ്ടായിരിക്കാം.
മുസ്‌ലിം സമൂഹത്തിന്റെ പ്രാര്‍ഥന, ഒമാന്റെ സഹായം
ഭീകരവാദികളുടെ തടങ്കലില്‍ നിന്ന് എനിക്ക് ലഭിച്ച മോചനം എല്ലാവരുടെയും പ്രാര്‍ഥനയുടെ ഫലമാണ്. ക്രിസ്തുമത വിശ്വാസികള്‍ മാത്രമല്ല എന്റെ മോചനത്തിനായി പ്രാര്‍ഥിച്ചത്. മുസ്‌ലിംകളും ഹിന്ദുക്കളുമെല്ലാം പ്രാര്‍ഥിച്ചിട്ടുണ്ട്.
സഭയുടെ ഇടപെടലുകളും സര്‍ക്കാരുകളുടെ നയതന്ത്ര ഇടപെടലുകളുമുണ്ടായി. അതിനേക്കാളുപരി ഗള്‍ഫ് രാജ്യങ്ങളുടെ ഇടപെടല്‍. ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഒരു അനുഭവമായിരുന്നു. ഒമാന്റെ കാര്യക്ഷമമായ ഇടപെടലാണ് മോചനത്തിലേക്ക് വഴിതെളിച്ചത്. ഒരുദിവസം സംഘത്തിലൊരാള്‍ വന്നു നിങ്ങളുടെ മോചനം സാധ്യമാകുകയാണെന്ന് അറിയിച്ചു. കുളിച്ചുവരാന്‍ ആവശ്യപ്പെട്ട ശേഷം ഒരു ജോടി വസ്ത്രങ്ങള്‍ നല്‍കി. കണ്ണുകെട്ടി ഏതാനും മണിക്കൂര്‍ യാത്ര ചെയ്ത ശേഷം ഒരു സ്ഥലത്ത് കാത്തിനിന്നു. പിന്നീട് വീണ്ടും പഴയതാവളത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. രാത്രിയാണ് കണ്ണുകെട്ടി യാത്ര തുടര്‍ന്നത്. പിറ്റേന്ന് വൈകീട്ട് മൂന്നരയോടെ മറ്റൊരു സംഘത്തിന് കൈമാറി. അര്‍ധരാത്രി പിന്നിട്ടപ്പോള്‍ ഒമാനിലെത്തിയെന്ന് അവരിലൊരാള്‍ പറഞ്ഞു. പിന്നെ വിമാനത്താവളത്തിലെത്തുകയും മസ്‌ക്കറ്റിലേക്ക് തിരിക്കുകയും ചെയ്തു.
മതമല്ല കുഴപ്പമുണ്ടാക്കുന്നത്
എല്ലാ മതങ്ങളും നന്മയാണ് ഉപദേശിക്കുന്നത്. മതത്തിന്റെ പേരിലാണ് സംഘര്‍ഷമെന്നത് എങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നുവെന്നത് അറിയില്ല. ഇസ്‌ലാം മതവും ക്രിസ്തുമതവുമെല്ലാം സഹവര്‍ത്തിത്വവും സമാധാനവുമാണ് നിര്‍ദേശിക്കുന്നത്. മതത്തിന്റെ പേരില്‍ ഭീകരവാദം അറിയപ്പെട്ടതെങ്ങനെ എന്നു ചോദിച്ചാല്‍ അറിയില്ല. എന്നെ തടങ്കലില്‍ പാര്‍പ്പിച്ചവരുടെയും ആവശ്യം പണമായിരുന്നുവെന്നാണ് അവര്‍ പറഞ്ഞത്. ആശയപരമായ സംഘര്‍ഷമായിരുന്നെങ്കില്‍ അവര്‍ എന്നോട് ഇത്തരത്തില്‍ പെരുമാറുമായിരുന്നോ. ക്രിസ്മസിനും പെരുന്നാളിനും വിഭവസമൃദ്ധമായ ഭക്ഷണം തന്നു. ക്രിസ്മസാണെന്ന് അറിയുന്നത് തന്നെ കൂടുതല്‍ വിഭവങ്ങള്‍ അടങ്ങിയ ഭക്ഷണം തന്നപ്പോഴാണ്. പിന്നെ വെടിയുതിര്‍ത്ത് വരുന്നവനെയും ചിന്തിപ്പിക്കാന്‍ തോന്നുന്നതാണ് ഇന്ത്യക്കാരന്‍ എന്നത് എനിക്ക് സന്തോഷം നല്‍കുന്നതായിരുന്നു. ഇന്ത്യക്കാരുടെ സേവനം യമനില്‍ ഏറെ നന്മയോടെ കണ്ടിരിക്കുന്നത് കൊണ്ടാകാം അവര്‍ കൂടുതല്‍ സഹിഷ്ണുതയോടെ പെരുമാറിയതെന്നാണ് ഞാന്‍ കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."