സമസ്തയുടെ ഉറ്റതോഴന്‍
ടി. ആലിബാവ:
മുഖവുര ആവശ്യമില്ലാത്ത നാമധേയം.
ഒരു പുരുഷായുസ്സ് മുഴുവന്‍ സമസ്തയെ സ്‌നേഹിച്ച നിഷ്‌കളങ്കന്‍.
ആലിമീങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ഇഷ്ടതോഴന്‍.അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു.
ഏതാണ്ട് ഒരു വര്‍ഷമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നുവെങ്കിലും ഇത്രപെട്ടെന്ന് യാത്രയാകുമെന്നു കരുതിയിരുന്നില്ല. എല്ലാം റബ്ബിന്റെ വിധിയാണല്ലോ.
1980 മുതല്‍ സമസ്തകേരളാ ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ഓഫിസില്‍ സേവനം ചെയ്തുവരുന്ന ആലിബാവ സമസ്തയുടെ സമകാലിക ചരിത്രങ്ങളുടെ സമവാക്യം കൂടിയാണ്. സംഭവബഹുലമായ നിരവധി ചരിത്രങ്ങള്‍ക്കു സാക്ഷിയായിട്ടുണ്ട് അദ്ദേഹം. കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമാ തുടങ്ങി നിരവധി പണ്ഡിതരുടെ പ്രിയപ്പെട്ടവനാകാന്‍ ആലിബാവയ്ക്ക് കഴിഞ്ഞു.
പ്രതിസന്ധി ഘട്ടത്തില്‍ സമസ്തയ്ക്ക് ആലിബാവയുടെ ബുദ്ധിയും കഴിവും ഒട്ടേറെ പ്രയോജനം ചെയ്തിട്ടുണ്ട്. ചേളാരിയിലെ സമസ്താലയത്തില്‍ എത്തുന്ന ഏതൊരാള്‍ക്കും അത്താണിയായിരുന്നു ആലിബാവ. 1989ല്‍ സമസ്തയില്‍ നിന്ന് വിഘടിച്ചുപോയവര്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ പാഠപുസ്തകങ്ങള്‍ ശിവകാശിയില്‍ നിന്നു വ്യാജമായി അച്ചടിച്ച് വിതരണത്തിന് കൊണ്ടുവന്ന വിവരമറിഞ്ഞ് ആലിബാവ അവിടെ ഓടിയെത്തുകയും പുസ്തകം കണ്ടുകെട്ടാന്‍ നിയമനടപടി സ്വീകരിക്കുകയും ചെയ്തു.
സമസ്തകേരളാ ജംഇയ്യത്തുല്‍ ഉലമായുടെ സര്‍വ വ്യവഹാരങ്ങള്‍ നടത്തിയിരുന്നതും റിക്കാര്‍ഡുകള്‍ കൈകാര്യം ചെയ്തിരുന്നതും അദ്ദേഹമായിരുന്നു. നാട്ടുമധ്യസ്ഥനായും നിയമജ്ഞനായും അറിയപ്പെട്ട ആലിബാവയുടെ മുന്നില്‍ തീരാത്ത പ്രശ്‌നങ്ങളുണ്ടാകാറില്ല.
സമസ്തകേരളാ ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് മാനേജറായി ചാര്‍ജെടുത്തതു മുതലാണ് എനിക്ക് ആലിബാവയുമായി അടുത്തിടപെടാന്‍ അവസരമുണ്ടായത്. ആലിബാവ ഓഫിസില്‍ ഉണ്ടായാല്‍ ഒരു കാര്യത്തിനും ടെന്‍ഷന്‍ ഉണ്ടാകാറില്ല. റിക്കാര്‍ഡുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ആലിബാവയുടെ മിടുക്ക് പ്രത്യേകം ചര്‍ച്ചചെയ്യപ്പെടാറുണ്ട്.
തിരുവനന്തപുരം സമസ്ത ജൂബിലിസ്മാരക ബില്‍ഡിങ് നിര്‍മാണം, സമസ്തകേരളാ ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആസ്ഥാനമന്ദിര നിര്‍മാണം, സമസ്തയുടെ മറ്റു കാര്യാലയങ്ങളുടെ നിര്‍മാണം എല്ലാം ആലിബാവയുടെ മേല്‍നോട്ടത്തിലായിരുന്നു നടന്നത്. കൃത്യനിഷ്ഠയും വിനയവും ഒത്തിണങ്ങിയ ഒരു ഒന്നാന്തരം അഡ്മിനിസ്‌ട്രേറ്റര്‍. പ്രവര്‍ത്തനരംഗത്ത് മാതൃകയായിരുന്ന പ്രിയപ്പെട്ട ആലിബാവയ്ക്ക് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും പ്രധാനം ചെയ്യട്ടെ! (ആമീന്‍)
(സമസ്തകേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജന.മാനേജറാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."