ക്രമസമാധാനപാലനം: കേരളം വീണ്ടും ഒന്നാമത്; ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പിന്നില്‍
തിരുവനന്തപുരം: കേരളം മൂന്നാംതവണയും ക്രമസമാധാനപാലനത്തില്‍ രാജ്യത്ത് ഒന്നാമത്. കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നുവെന്നും നിരവധിപേര്‍ കൊലക്കത്തിക്കും ബലാല്‍സംഗത്തിനും ഇരയാകുന്നുവെന്നും രാജ്യം മുഴുവന്‍ പ്രസംഗിക്കുന്ന സംഘ്പരിവാറിന് തിരിച്ചടിയായിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുകീഴിലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍.സി.ആര്‍.ബി) പുറത്തുവിട്ട കണക്കുകള്‍.
രക്തംപുരണ്ട കൈകളുമായി കണ്ണൂരിലിറങ്ങിയ യോഗി ആദ്യത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ മാത്രമല്ല ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ക്രമസമാധാനം തകര്‍ന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ പൊലിസ് സംവിധാനം ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നുവെന്നും കേസുകളില്‍ 77 ശതമാനവും തെളിയിക്കപ്പെടുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് തെളിയിക്കുന്ന കുറ്റങ്ങളുടെ ദേശീയ ശരാശരി 45 ശതമാനമാണെന്നും കേസ് രജിസ്റ്റര്‍ചെയ്താല്‍ ഉടന്‍ കോടതിയിലേക്ക് നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. കേരളത്തില്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും പക്ഷപാതിത്വമില്ലാതെ നീതി ഉറപ്പാക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യാ ടുഡെ രണ്ടുതവണ കേരളത്തെ മികച്ച ക്രമസമാധാന സംസ്ഥാനമായി തെരഞ്ഞെടുത്തിരുന്നു.
എല്ലാ സംസ്ഥാനങ്ങളിലെയും ക്രമസമാധാന നില ഔദ്യോഗികമായി വിശകലനംചെയ്താണ് എന്‍.സി.ആര്‍.ബി റിപ്പോര്‍ട്ട് തയാറാക്കിയത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം ക്രൈം കേസുകള്‍, കൊലപാതകം, ബലാത്സംഗം, കലാപം തുടങ്ങിയവയുടെ കാര്യത്തില്‍ യു.പിക്കാണ് ഒന്നാംസ്ഥാനം. ഗുജറാത്തും രാജസ്ഥാനും മധ്യപ്രദേശും തൊട്ടുപിറകിലുണ്ട്. പരാതികളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും കേരളം മുന്നിലാണ്. 2017ല്‍ കേരളത്തില്‍ 4,86,958 കേസുകളില്‍ എഫ്.ഐ.ആര്‍ ഇട്ടപ്പോള്‍ യു.പിയില്‍ 3,94,160 കേസുകളില്‍ മാത്രമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. 2016ല്‍ യു.പിയില്‍ 4,86,165 കേസുകളില്‍ എഫ്.ഐ.ആര്‍ ഇട്ടിരുന്നു. ഗുജറാത്തിലാകട്ടെ 2016ല്‍ 4,46,178 കേസുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2017ലാകട്ടെ 2,49,960 കേസുകളില്‍ മാത്രമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെയും സ്ഥിതി ദയനീയമാണ്.
;;
കേരളത്തില്‍ 334 കൊലപാതകം നടന്നപ്പോള്‍ യു.പിയില്‍ 4,732ഉം മധ്യപ്രദേശില്‍ 2,339 ഉം രാജസ്ഥാനില്‍ 1,456 ഉം ഗുജറാത്തില്‍ 1,150 ഉം കൊലപാതകങ്ങള്‍ നടന്നു. ബാലാത്സംഗ കേസുകളുടെ കാര്യത്തിലാകട്ടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് റെക്കോര്‍ഡ്. മധ്യപ്രദേശില്‍ 4,391ഉം രാജസ്ഥാനില്‍ 3,644ഉം യു.പിയില്‍ 3,015ഉം ബാലാത്സംഗ കേസുകളുണ്ടായി. കേരളത്തിലിത് 1,256 ആണ്. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് യു.പിയില്‍ 11,999 കേസും ഗുജറാത്തില്‍ 2,108 കേസും രജിസ്റ്റര്‍ ചെയ്തു. കേരളത്തില്‍ ഇത്തരത്തിലുള്ള 271 കേസുകള്‍ മാത്രമാണുണ്ടായത്. ജാതികലാപത്തിന്റെ കാര്യത്തില്‍ കേരളം വട്ടപ്പൂജ്യമാണ്. യു.പിയില്‍ 724 ജാതികലാപം നടന്നപ്പോള്‍ മഹാരാഷ്ട്രയില്‍ 204ഉം ഗുജറാത്തില്‍ 141ഉം ജാതികലാപങ്ങള്‍ നടന്നു. കര്‍ഷക കലാപങ്ങളും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യു.പിയില്‍ 752ഉം ഗുജറാത്തില്‍ 126ഉം കര്‍ഷക കലാപം നടന്നു. സി.ബി.ഐയുടെ പുതിയ റിപ്പോര്‍ട്ട്പ്രകാരം അവര്‍ ഒരുകൊല്ലംകൊണ്ട് പൂര്‍ത്തിയാക്കിയത് 1,006 കേസുകളാണ്. അതില്‍ 635 കേസിലാണ് ശിക്ഷിച്ചത്. ഏകദേശം 63 ശതമാനം കേസുകളിലേ അവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിയുന്നുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."