ഫെയ്സ്ബുക്ക് ചിത്രം തെളിവായി; പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം റദ്ദാക്കി
ന്യൂഡല്‍ഹി: ഫെയ്സ്ബുക്ക് ചിത്രം തെളിവായി പരിഗണിച്ച് പെണ്‍കുട്ടിയുടെ ശൈശവ വിവാഹ ബന്ധം കോടതി റദ്ദാക്കി. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത രഹസ്യവിവാഹത്തിന്റെ ചിത്രങ്ങളാണ് കോടതി തെളിവായി പരിഗണിച്ചത്.
രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ നിന്നുള്ള സുശീല വിഷ്നോനി എന്ന പത്തൊമ്പതുകാരിയാണ് വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന് പ്രവര്‍ത്തകരുടെ സഹായത്തോടെ രാജസ്ഥാന് കോടതിയെ സമീപിച്ചത്.
എന്നാല്‍ പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ ഭര്‍ത്താവ് നിഷേധിച്ചു. വിവാഹ നിശ്ചയം മാത്രമേ കഴിഞ്ഞിട്ടുള്ളൂവെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം.
എന്നാല്‍ ഭര്‍ത്താവിന്റെ ഫെയ്സ്ബുക്കില്‍ നിന്നുള്ള ചിത്രങ്ങള്‍ പെണ്‍കുട്ടി കോടതിയില്‍ ഹാജരാക്കി. വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഭര്‍ത്താവിനെ സുഹൃത്തുക്കള്‍ അഭിനന്ദിക്കുന്ന സന്ദേശങ്ങളും സുശീല കോടതിയില്‍ സമര്‍പ്പിച്ചു.
പഠിക്കണമെന്ന് ആഗ്രഹിച്ചിരുന്ന തന്നെ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്ന് സുശീലയുടെ പരാതിയില്‍ പറയുന്നു. മദ്യപാനിയായ ഒരാളുടെ കൂടെയുള്ള ജീവിതം മരണത്തിന് തുല്യമായിരുന്നെന്നും പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ സത്യമാണെന്നും പെണ്‍കുട്ടിയുടെ അപേക്ഷയില്‍ കഴമ്പുണ്ടെന്നും കണ്ടെത്തിയ കോടതി വിവാഹം റദ്ദ് ചെയ്യുന്നതായി ഉത്തരവിടുകയായിരുന്നു.
2010ലായിരുന്നു സുശീലയുടെ വിവാഹം. നിയമപരമായ പ്രശ്ന സാധ്യതയെ തുടര്‍ന്ന് രഹസ്യമായി ബാര്‍മര്‍ ജില്ലയിലെ ഗ്രാമത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. സുശീലയ്ക്കും ഭര്‍ത്താവിനും 12 വയസ്സ് മാത്രമായിരുന്നു അന്ന് പ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."