കോംട്രസ്റ്റ് സംരക്ഷിക്കാന്‍ 19ന് കലക്ടറേറ്റ് ധര്‍ണ
കോഴിക്കോട്: ഭൂമാഫിയയെ നേരിട്ട് കോംട്രസ്റ്റ് ഭൂമി സംരക്ഷിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് കെ.സി അബു. പഴയതെല്ലാം മറന്ന് പഴിചാരല്‍ ഒഴിവാക്കാമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍. മാനാഞ്ചിറയിലെ കോംട്രസ്റ്റ് ഫാക്ടറിയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ സമരസഹായ സമിതി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സി.പി.എം നയം മാറ്റം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദം ചെലുത്തി പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനും യോഗത്തില്‍ തീരുമാനമായി. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍വകക്ഷിയുടെ ആഭിമുഖ്യത്തില്‍ 19ന് കലക്ടറേറ്റ് ധര്‍ണ നടത്താനും ഇന്ന് കോഴിക്കോട്ടെത്തുന്ന മുഖ്യമന്ത്രിയെ കണ്ട് നിലവിലെ സാഹചര്യം വിശദീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഭൂമാഫിയയെ ശക്തമായി നേരിട്ടുകൊണ്ട് സ്ഥാപനത്തെ സംരക്ഷിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് കെ.സി അബു പറഞ്ഞു. മുന്‍ കാലങ്ങളില്‍ ഇത്തരം നീക്കം നടത്തിയതിന്റെ ഫലമായാണ് കോംട്രസ്റ്റ് വിറ്റുപോകാതിരുന്നത്. നഗരത്തിലെ ഭരണാധികാരികള്‍ മുതല്‍ മേലോട്ടുള്ള രാഷ്ട്രീയ നേതൃത്വം വരെ കോംട്രസ്റ്റ് വില്‍പന നടത്താന്‍ ശ്രമിച്ചിരുന്നതായി കെ.സി അബു ചൂണ്ടിക്കാട്ടി. കോംട്രസ്റ്റിനു വേണ്ടി എല്ലാവരും ഒരുമിച്ച് ഒരേ വികാരത്തോടെ മുന്നോട്ടു പോകണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു. കഴിഞ്ഞ കാല കാര്യങ്ങളെപ്പറ്റി പറഞ്ഞ് പരസ്പരം പഴിചാരാതെ ഇനിയെന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടത്. നാടിന്റെ പൊതുആവശ്യം എന്ന നിലയില്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോംട്രസ്റ്റ് വിഷയത്തില്‍ ജാഗ്രതയോടെയുള്ള ഇടപെടല്‍ ഉണ്ടാകണമെന്ന് സമര സഹായ സമിതി യോഗത്തില്‍ സംസാരിച്ച സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടു പോകണം. വലിയ പ്രതിരോധം തീര്‍ത്തുകൊണ്ട് മാത്രമെ കോഴിക്കോടിന്റെ അഭിമാനമായ സ്ഥാപനത്തെ സംരക്ഷിക്കാന്‍ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്രസ്റ്റിനെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ച് നില്‍ക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഇ.സി സതീശന്‍ പറഞ്ഞു. തൊഴിലാളികളുടെ മാത്രം പ്രശ്‌നം എന്ന നിലയിലല്ല, മറിച്ച് കോഴിക്കോടിന്റെ പൈതൃക സ്ഥാപനത്തിന്റെ സംരക്ഷണം എന്ന നിലയില്‍ പ്രക്ഷോഭം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയണമെന്ന് ബി.ജെ.പി നേതാവ് പി. രഘുനാഥ് പറഞ്ഞു. യോഗത്തില്‍ തൊഴിലാളി സംഘടനാ നേതാക്കളായ കെ.സി രാമചന്ദ്രന്‍, പി.വി മാധവന്‍, ഇ.കെ ഗോപാലകൃഷ്ണന്‍, കെ.ടി വിപിന്‍, അഡ്വ. കെ.വി സുധീര്‍ സംസാരിച്ചു. കെ. ഗംഗാധരന്‍ അധ്യക്ഷനായി. പി. ശിവപ്രസാദ് സ്വാഗതവും പി. സജീവ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."