സോളാര്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി മന്ത്രിസഭയില്‍ ഭിന്നത
തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനിടെ ഇന്നലെ മന്ത്രിസഭയില്‍ ഭിന്നസ്വരം. തുടരന്വേഷണത്തിന് ഉത്തരവിറക്കാതെ പുതിയ നിയമോപദേശം തേടാന്‍ തീരുമാനിച്ചതിനെതിരേ മന്ത്രിമാരായ എ.കെ. ബാലന്‍, ഇ.ചന്ദ്രശേഖരന്‍, മാത്യു ടി തോമസ് എന്നിവരാണ് എതിരഭിപ്രായം പറഞ്ഞത്.
നിയമോപദേശം തേടാനുള്ള തീരുമാനം സര്‍ക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുമെന്നും അതിനാല്‍ നിയമോപദേശം ഇപ്പോള്‍ തേടേണ്ടതില്ലെന്നുമായിരുന്നു നിയമമന്ത്രി എ.കെ ബാലന്റെ അഭിപ്രായം.
പ്രതിപക്ഷത്തിന് അവസരം കൊടുക്കാതെ പഴുതടച്ചുള്ള അന്വേഷണമാണ് വേണ്ടതെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും മന്ത്രി മാത്യു ടി തോമസും ആവശ്യപ്പെട്ടു. എന്നാല്‍ പ്രഖ്യാപിച്ച തുടരന്വേഷണം നടക്കട്ടെയെന്നും ഒന്‍പതിന് നിയമ സഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയെന്നുമായിരുന്നു ഭൂരിപക്ഷാഭിപ്രായം. പ്രതിപക്ഷം ആരോപിക്കുന്ന പോലെ അഡ്വക്കറ്റ് ജനറലും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ഇടതുപക്ഷക്കാരാണെന്നുള്ളതും സുപ്രിംകോടതിയില്‍ പോയി അന്വേഷണത്തെ തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചാല്‍ അത് സര്‍ക്കാരിന് നാണക്കേടുണ്ടാക്കുമെന്നും അതുകൊണ്ട് സുപ്രിംകോടതി ജഡ്ജി തന്നെ നിയമോപദേശം നല്‍കട്ടെയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."