സൗത്ത് വല്ലം പ്രദേശത്ത് മോഷണം പെരുകുന്നതായി പരാതി
പെരുമ്പാവൂര്‍: സൗത്ത് വല്ലം പ്രദേശത്ത് മോഷണം വര്‍ദ്ധിച്ചതോടെ രാത്രി കാലങ്ങളിലെ പൊലീസ് നൈറ്റ് പെട്രോളിംഗ് ശക്തമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്.
പ്രദേശത്ത് മോഷണവും മോഷണ ശ്രമങ്ങളും ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം സൗത്ത് വല്ലം വടക്കേകുടി വീട്ടില്‍ അബ്ദുല്‍ റഹ്മാന്റെ വീട്ടില്‍ നിന്നും 6000 രൂപയും സമീപത്തെ മൂക്കട വീട്ടില്‍ കൊച്ചുണ്ണിയുടെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണും 800 രൂപയും മോഷ്ടാക്കള്‍ അപഹരിച്ചിരുന്നു. ഇത് കൂടാതെ നിരവധി മോഷണങ്ങളാണ് പ്രദേശത്ത് നടന്നിട്ടുള്ളത്. മലേക്കുടി വീട്ടില്‍ നിസാം എന്നയാളുടെ വീട്ടില്‍ മോഷ്ടാക്കള്‍ കടന്നെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ ശ്രയം വിജയിച്ചില്ല. കൂടാതെ നിരവധി പേരുടെ വീടുകളില്‍ വാതില്‍ തുറക്കാനുള്ള ശ്രമങ്ങള്‍ നടന്നതായും നാട്ടുകാര്‍ പറയുന്നു.
കൂടാതെ ജനല്‍ വഴി മൊബൈല്‍ ഫോണ്‍, പേഴ്‌സ് തുടങ്ങിയ സാധനങ്ങള്‍ മോഷ്ടാക്കള്‍ അപഹരിക്കുന്നത് പതിവായിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തെ ഒരു വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിന്റെ കഴുത്തിലെ മാല ജനല്‍വഴി മോഷ്ടാക്കള്‍ പൊട്ടിച്ചെടുത്തു. വീട്ടകാര്‍ ഉണര്‍ന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
കൂടാതെ പ്രദേശത്തെ മദ്രസവക ഭണ്ഡാരത്തില്‍ നിന്നും കമ്പിയില്‍ പശ തേച്ച് നോട്ടുകള്‍ കവരാനുള്ള ശ്രമങ്ങളും നടന്നിരുന്നു. മോഷണങ്ങള്‍ക്ക് പിന്നില്‍ ഇതരസംസ്ഥാനക്കാരെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
എന്നാല്‍ പൊലീസ് ഇത് പൂര്‍ണ്ണമായും അംഗീകരിച്ചിട്ടില്ല. മുടിക്കല്‍ ഭാഗത്ത് കൂട്ടമായി താമസിക്കുന്ന ഇതരസംസ്ഥാനക്കാരില്‍ സംശയം തോന്നിയവരെ പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥ പ്രതികള്‍ ഇതുവരേയും വലയിലായിട്ടില്ല. സംഭവത്തില്‍ പെരുമ്പാവൂര്‍ പൊലീസിന് നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാലും പ്രദേശത്ത് നൈറ്റ് പെട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."