ചൈനയെ വീണ്ടും ജിന്‍പിങ് നയിക്കും
ബെയ്ജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി ഷി ജിന്‍പിങ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബെയ്ജിങില്‍ ചേര്‍ന്ന 19ാമത് പാര്‍ട്ടി കോണ്‍ഗ്രസിലാണ് നിലവിലെ ചൈനീസ് പ്രസിഡന്റും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ഷി ജിന്‍ പിങിനെ വീണ്ടും തെരഞ്ഞെടുത്തത്. ഇതോടെ പാര്‍ട്ടി ചട്ടപ്രകാരം അടുത്ത അഞ്ചു വര്‍ഷത്തേക്ക് കൂടി 64 കാരനായ ജിന്‍പിങിന് പദവിയില്‍ തുടരാം.
ജനറല്‍ സെക്രട്ടറിക്കൊപ്പം പാര്‍ട്ടിയുടെ ഏഴംഗ പൊളിറ്റ് ബ്യൂറോയെയും തെരഞ്ഞെടുത്തിട്ടുണ്ട്. പ്രസിഡന്റ് ഷി ജിന്‍ പിങ്, പ്രധാനമന്ത്രി ലീ കെ ച്യാങ് എന്നിവരാണ് പൊളിറ്റ് ബ്യൂറോയിലെ പ്രമുഖര്‍. ലീ സാന്‍ഷു, വാങ് യാങ്, വാങ് ഹൂനിങ്, ഷാവോ ലെജി, ഹാന്‍ ഷെങ് എന്നിവരാണ് മറ്റ് പുതുമുഖ പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍. 2012 ലാണ് ഷി ജിന്‍പിങ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 2013ല്‍ ചൈനീസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
മാവോ സേതൂങിനു ശേഷമുള്ള കരുത്തുറ്റ നേതാവായി അഞ്ച് വര്‍ഷം കൊണ്ട് അദ്ദേഹം മാറിയതാണ് രണ്ടാമതും നേതൃസ്ഥാനത്തിരുത്താന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും മുന്‍ ഉപപ്രധാനമന്ത്രിയുമായ ഷി ഴോങ്‌സുന്റെ മകനാണ് ഷി ജിന്‍പിങ്. ഹെബെയ് പ്രവിശ്യയിലെ ലോക്കല്‍ സെക്രട്ടറിയായി പാര്‍ട്ടിയില്‍ പ്രവര്‍ത്തനമാരംഭിച്ച ജിന്‍പിങ് 2012ല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തി.
ജിന്‍പിങിന്റെ പേരും പ്രത്യയശാസ്ത്രവും ഉള്‍പ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്യാനും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. മാവോ സേതൂങിന്റെ പദവിയിലേക്കാണ് ജിന്‍പിങ് ഉയര്‍ന്നത്. പാര്‍ട്ടി സ്ഥാപകന്‍ മാവോ സേതൂങിന്റെയും മറ്റൊരു പ്രമുഖ നേതാവായ ഡെങ് സിയാവോ പിങിന്റെയും പേരുകള്‍ മാത്രമാണ് ഇതുവരെ ഭരണഘടനയില്‍ ഉണ്ടായിരുന്നത്. ചെയര്‍മാന്‍ സ്ഥാനം പുനസ്ഥാപിക്കുന്നതോടെ സമാനതകളില്ലാത്ത അധികാരമാവും ജിന്‍പിങിന് ലഭിക്കുക. ഇതിനിടെ മൂന്നാം തവണയും പദവിയില്‍ തുടരാന്‍ തക്കവണ്ണം അദ്ദേഹം ചട്ടഭേദഗതിക്കു ശ്രമിക്കുമെന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പിന്‍ഗാമി ആരായിരിക്കുമെന്ന കാര്യത്തിലും അവ്യക്തത ബാക്കിയാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."