ഐ.എസ് ബന്ധം: കണ്ണൂരില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍
കണ്ണൂര്‍: അന്താരാഷ്ട്ര തീവ്രവാദസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്നാരോപിച്ചു കണ്ണൂരില്‍ രണ്ടു പേര്‍ കൂടി അറസ്റ്റിലായി. തലശ്ശേരി സ്വദേശികളായ ഹംസ, മനാഫ് എന്നിവരെയാണ് വളപ്പട്ടണം പൊലിസ് ഇന്ന് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം മൂന്നുപേരെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. ചക്കരക്കല്‍ സ്റ്റേഷന്‍ പരിധിയിലെ മുണ്ടേരി ബൈത്തുല്‍ ഫര്‍സാനയിലെ കെ.സി മിദ്‌ലാജ് (26), മുണ്ടേരി ചെക്കിക്കുളം പള്ളിയത്തു പണ്ടാരവളപ്പില്‍ കെ.വി അബ്ദുള്‍ റസാഖ് (24), ചക്കരക്കല്‍ പടന്നോട്ട് മൊട്ട എം.വി ഹൗസില്‍ എം.വി റാഷിദ് (23) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.
ഇന്നു അറസ്റ്റിലായ ബിരിയാണി ഹംസയാണ് ഇവരെ ഐ.എസിലേയ്ക്കു റിക്രൂട്ട് ചെയ്തതെന്നാണു പൊലിസ് പറയുന്നത്.
ഐ.എസില്‍ ചേരുന്നതിനു സിറിയയിലേയ്ക്കു കടക്കാനുള്ള ശ്രമം പരാജയപ്പെട്ടു തിരിച്ചുവന്നവരാണ് ഇവരെന്നു പൊലിസ് പറഞ്ഞു. മതിയായ രേഖകളില്ലാതെ സിറിയയിലേക്കു പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ തുര്‍ക്കി പൊലിസാണ് ഇവരെ പിടികൂടി ഡല്‍ഹിയിലേക്ക് അയച്ചത്. നാലുമാസം മുന്‍പ് നാട്ടിലെത്തിയ ഇവരുടെ പ്രവര്‍ത്തനം പൊലിസ് നിരീക്ഷിച്ചുവരികയായിരുന്നു.
പലപ്പോഴായി നടന്ന ചോദ്യം ചെയ്യലിലെ പ്രതികരണത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്നു വിശദമായി ചോദ്യം ചെയ്തു. ഇതിനെതുടര്‍ന്നാണ് ഐ.എസ് ബന്ധം വ്യക്തമായതെന്നു പൊലിസ് പറഞ്ഞു. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന വിവരമുണ്ട്. ദേശവിരുദ്ധ പ്രവര്‍ത്തനത്തിനും ഭീകരസംഘടനകളുമായി ബന്ധം പുലര്‍ത്തിയതിനും യു.എ.പി.എ 38,39 വകുപ്പു പ്രകാരവുമാണു കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."