കളിച്ചത് മാലി ജയിച്ചത് ബ്രസീല്‍ സ്‌പോര്‍ട്‌സ് ലേഖകന്‍
കൊല്‍ക്കത്ത: മൂന്നാമനാകാനുള്ള പോരില്‍ മാലിയെ ഓടിച്ച് തളര്‍ത്തി രണ്ടടിയില്‍ വീഴ്ത്തി ബ്രസീല്‍ വിജയം സ്വന്തമാക്കി. രണ്ട് ഗോളിനാണ് ലൂസേഴ്‌സ് ഫൈനലില്‍ മാലിയെ ബ്രസീല്‍ മറികടന്നത്. കളിച്ചത് മാലിയെങ്കിലും ജയിച്ചത് ബ്രസീലായി. 55ാം മിനുട്ടില്‍ അലനും 88ാം മിനുട്ടില്‍ യൂറി ആല്‍ബര്‍ട്ടോയും സമ്മാനിച്ച ഗോളിനാണ് ബ്രസീല്‍ മാലിയെ കീഴ്ടക്കി കൗമാര ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായത്.
ആദ്യ പകുതിയില്‍ കളി മാലിയുടെ നിയന്ത്രണത്തിലായിരുന്നു. കാനറികള്‍ക്ക് നേരിയ മുന്‍തൂക്കം ലഭിച്ചത് പന്തടക്കത്തില്‍ മാത്രം. കാനറികളുടെ ചിറകടിയെ ആഫ്രിക്കന്‍ വന്യതയുടെ പ്രതിരോധ വലയില്‍ വീഴ്ത്തിയ മാലി എതിരാളികളെ അമ്പരപ്പിച്ചു. ഗോള്‍ മുഖത്തേക്ക് നടത്തിയ കൃത്യതയുള്ള മുന്നേറ്റം മഞ്ഞപ്പടയെ വിറപ്പിച്ചു. ഗോളെന്ന് ഉറപ്പിച്ച ഒന്നിലേറെ ശ്രമങ്ങള്‍ ഫിനിഷിങിലെ പോരായ്മ കൊണ്ട് മാത്രമാണ് മാലിക്ക് നഷ്ടമായത്. ബ്രസീല്‍ പ്രതിരോധത്തെ കീറിമുറിച്ചു നടത്തിയ മാലി ആക്രമണം ഗോളി ഗബ്രിയേല്‍ ബ്രാസോയുടെ മികവ് കൊണ്ടു മാത്രമാണ് വലയില്‍ കയറാതിരുന്നത്.
ആദ്യ പകുതിയില്‍ നാല് തവണയാണ് ബ്രാസോയുടെ മികവ് കാനറികള്‍ക്ക് തുണയായത്. അതിനിടെ ബ്രസീലിന്റെ ഗോള്‍ ശ്രമങ്ങള്‍ മാലി പ്രതിരോധത്തില്‍ തട്ടി മടങ്ങിക്കൊണ്ടിരുന്നു. കാനറികളെ നിലംതൊടാനനുവിക്കാതെ മാലിയുടെ മുന്നേറ്റത്തിന് കരുത്തേകി ആദ്യ പകുതിക്ക് ഗോള്‍രഹിത പരിസമാപ്തി.
മാലിയുടെ മുന്നേറ്റത്തോടെയായിരുന്നു രണ്ടാം പകുതിയുടെ തുടക്കവും. 55ാം മിനുട്ടില്‍ സാള്‍ട്ട്‌ലേക്കിലെ ഗാലറി കാത്തിരുന്ന ആദ്യ ഗോള്‍ എത്തി. കളിച്ച് മുന്നേറിയ മാലിയെ പിടിച്ചുകെട്ടിയ ബ്രസീലിന്റെ ഗോള്‍ പിറന്നു. മാലി ഗോളിയുടെ പിഴവ്. മാലി പ്രതിരോധം വരുത്തിയ പിഴവില്‍ നിന്ന് ലഭിച്ച പന്ത് അലന്‍ പോസ്റ്റിലേക്ക് തൊടുത്തു. ദുര്‍ബലമായ ഷോട്ട്. അനായാസം കൈപ്പിടിയില്‍ ഒതുക്കേണ്ടി യിരുന്ന പന്ത് ഗോളി യൂസഫ് കൊയ്റ്റയുടെ കൈകളില്‍ നിന്ന് വഴുതി ഗോള്‍ വലയിലേക്ക്. സ്‌കോര്‍ 1-0. കളിയില്‍ കൂടുതല്‍ അധ്വാനിക്കാതെ ബ്രസീല്‍ വിജയം കൊതിച്ചു തുടങ്ങിയ നിമിഷങ്ങള്‍. ഒരു ഗോളിന് പിന്നിലായതോടെ പഴയ താളത്തില്‍ തന്നെ മാലി തിരിച്ചടിച്ചു തുടങ്ങി. നിരന്തരം ബ്രസീല്‍ ഗോള്‍ മുഖത്തേക്ക് ആക്രമണത്തിന്റെ കെട്ടഴിച്ചുവിട്ടു. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററാകാന്‍ മോഹിച്ച ലസന്ന എന്‍ഡ്യായയും മുഹമ്മദ് കമാറയും നിരന്തരം ബ്രസീല്‍ ബോക്‌സില്‍ ഭീഷണി സൃഷ്ടിച്ചു. ലക്ഷ്യത്തിലേക്ക് തൊടുക്കാന്‍ കഴിയാതെ വന്നതും ബ്രസീല്‍ ഗോളിയുടെ കഠിനാധ്വാനവുമാണ് വിലങ്ങുതടിയായത്.
കളി അവസാന സമയത്തിലേക്ക് കടക്കവേ ബ്രസീലിന്റെ രണ്ടാം ഗോളെത്തി. ലിങ്കന് പകരം കളത്തിലിറങ്ങിയ യൂറി ആല്‍ബര്‍ട്ടോയാണ് മാലിയുടെ അന്ത്യം കുറിച്ചത്. ബ്രസീല്‍ കൗമാരം നടത്തിയ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ബ്രന്നറിലൂടെ പന്ത് യൂറി ആല്‍ബര്‍ട്ടോയിലേക്ക്. ബോക്‌സിനുള്ളില്‍ ആവശ്യത്തിന് സമയം എടുത്ത് ആല്‍ബര്‍ട്ടോ തൊടുത്ത ക്ലോസ് റേഞ്ചിന് മുന്നില്‍ മാലി ഗോളി വിറങ്ങലിച്ചു നിന്നു.
സ്‌കോര്‍ 2- 0. ഇഞ്ച്വറി ടൈമിലും മാലി തിരിച്ചടിക്കാന്‍ ശ്രമം നടത്തിയെങ്കിലും ലക്ഷ്യത്തിലേക്കുള്ള ദൂരം അകലെയായിരുന്നു. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ മൂന്നാം സ്ഥാനക്കാരായി ബ്രസീലും നാലാം സ്ഥാനം കൊണ്ടു തൃത്പിപ്പെട്ടു മാലിയും സാള്‍ട്ട്‌ലേക്കിലെ പുല്‍ത്തകിടിയില്‍ നിന്ന് മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."