മേളക്കാലം
പാദവാര്‍ഷിക പരീക്ഷ കഴിയുന്നതോടെ സ്‌കൂളുകളില്‍ കലോത്സവങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഒന്നാംതരം മുതല്‍ പന്ത്രണ്ടാം തരം വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്.
സ്‌കൂള്‍തല വിജയികള്‍ക്ക് ഉപജില്ലയിലും ജില്ലയിലും തുടര്‍ന്ന് സംസ്ഥാനതലത്തിലും മത്സരിക്കാനാവും. എങ്കിലും എല്‍.പി തല മത്സരം ഉപജില്ലയിലും യു.പി തലം ജില്ലയിലും അവസാനിക്കും. സെക്കന്‍ഡറിയും ഹയര്‍ സെക്കന്‍ഡറിയുമാണ് സംസ്ഥാനതലത്തില്‍ മത്സരിക്കുക.
തുടക്കം
ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായി അറിയപ്പെടുന്ന സ്‌കൂള്‍ കലോത്സവത്തിന്റെ തുടക്കം 1957ലാണ്. ജനുവരി 24 മുതല്‍ 26 വരെ എറണാകുളം ഗവ. ഗേള്‍സ് ഹൈസ്‌കൂളിലായിരുന്നു പ്രഥമമേള നടന്നത്. സ്‌കൂളുകളില്‍നിന്നുനേരിട്ട് തിരഞ്ഞെടുക്കപ്പെട്ട 400ഓളം കുട്ടികള്‍ ഈ മേളയില്‍ പങ്കാളികളായി. 340 ആണ്‍കുട്ടികളും 60 പെണ്‍കുട്ടികളും.
കലാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി മേളയിലേക്ക് കൊണ്ടുവരണമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രധാന അധ്യാപര്‍ക്ക് സര്‍ക്കുലര്‍ അയക്കുകയായിരുന്നു. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.സി.എസ് വെങ്കിടേശ്വരനും ഉപ ഡയറക്ടര്‍ രാമവര്‍മ തമ്പുരാനും സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ഗണേശ അയ്യരുമാണ് ആദ്യമേളക്കു നേതൃത്വം നല്‍കിയത്.
1975ല്‍ കോഴിക്കോട്ട് നടന്ന കലോത്സവമാണ് മേളച്ചരിത്രത്തില്‍ വഴിത്തിരിവായത്. കഥകളി, മോഹിനിയാട്ടം തുടങ്ങി കേരളീയകലകള്‍ ഇതില്‍ ഉള്‍പ്പെടുത്തി. സാംസ്‌കാരിക ഘോഷയാത്രയും ഇതേവര്‍ഷം ആരംഭിച്ചു. എന്നാല്‍ വരാനിരിക്കുന്ന മേളയില്‍ നിന്ന് ഘോഷയാത്ര ഒഴിവാക്കിയിട്ടുണ്ട്.
മത്സര ഇനങ്ങള്‍
അതതു വര്‍ഷങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ നിയമാവലികളില്‍ വരുത്താറുണ്ട്. ഈ വര്‍ഷവും ചെറിയ മാറ്റങ്ങള്‍ വരുത്തി. പുതിയ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാലു കാറ്റഗറികളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
കാറ്റഗറി 1) എല്‍.പി തലം 23 ഇനങ്ങള്‍
കാറ്റഗറി 2) യു.പി തലം 38 ഇനങ്ങള്‍
കാറ്റഗറി 3) ഹൈസ്‌കൂള്‍ തലം 15 വിഭാഗങ്ങളിലായി
89 ഇനങ്ങള്‍
കാറ്റഗറി 4) ഹയര്‍ സെക്കന്‍ഡറി തലം 14 വിഭാഗങ്ങളില്‍ 99 ഇനങ്ങളിലായി മത്സരങ്ങള്‍ നടത്തുന്നു.
സംസ്‌കൃതോത്സവം
സംസ്‌കൃതം ഒന്നാം ഭാഷയായി മേളക്ക് അഞ്ചു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ജനറല്‍ മേളയ്ക്ക് പുറമെ 19 ഇനങ്ങളിലും, എട്ടു മുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 19 ഇനങ്ങളിലുമാണ് മത്സരം. ഉപജില്ലാതലം മുതല്‍ സംസ്ഥാനതലം വരെ കലോത്സവത്തോടനുബന്ധിച്ച് തന്നെ ഈ മത്സരം സംഘടിപ്പിക്കുന്നു.
അറബി സാഹിത്യോത്സവം
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ അംഗീകൃത സ്‌കൂളുകളില്‍ അറബി പഠിക്കുന്ന കുട്ടികള്‍ക്കാണ് അറബി സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനുള്ള അവസരം. മൂന്നു കാറ്റഗറികളിലായി എല്‍.പി തലത്തില്‍ ഒന്‍പതും യു.പിയില്‍ 13 ഉം ഹൈസ്‌കൂള്‍ തലത്തില്‍ 19ഉം ഇനങ്ങളാണ് മത്സരത്തിനായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഉപജില്ലാ തലം മുതല്‍ സംസ്ഥാനതലം വരെ കലോത്സവത്തോടനുബന്ധിച്ച് ഈ മത്സരവും സംഘടിപ്പിക്കുന്നു.
പുതുതായി കൂട്ടിച്ചേര്‍ത്തവ
കാലോചിതമായി പുതിയ ഇനങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും കലോത്സവ മാന്വലില്‍ പരിഷ്‌കരണം വരുത്തുകയും ചെയ്യാറുണ്ട്. ഈ വര്‍ഷം പുതുതായി ചില ഇനങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും മാന്വലില്‍ പരിഷ്‌കരണങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. തമിഴ്-കന്നട പ്രസംഗങ്ങള്‍, ഇംഗ്ലിഷ്,തമിഴ്-കന്നട കവിതാലാപനം, ഇംഗ്ലിഷ് ആംഗ്യപ്പാട്ട് എന്നിവ എല്‍.പി തലത്തില്‍ കൂട്ടിച്ചേര്‍ത്തവയാണ്.
യു.പി വിഭാഗത്തില്‍ തമിഴ്-കന്നട പ്രസംഗങ്ങള്‍, ഉര്‍ദു-ഹിന്ദി-തമിഴ്-കന്നട പദ്യം ചൊല്ലല്‍, ഇംഗ്ലിഷ് സ്‌കിറ്റ്, ഉറുദു സംഘഗാനം എന്നിവ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലിഷ് സ്‌കിറ്റ് മത്സരം ഉള്‍പ്പെടുത്തി. അറബി സമൂഹഗാനത്തിന് അഞ്ച് അംഗങ്ങള്‍ എന്നത് ഏഴ് അംഗങ്ങളാക്കി. ജനറല്‍ വിഭാഗത്തിലുണ്ടായിരുന്ന ഗാനമേള സംഘഗാന മത്സരമാക്കി മാറ്റി. കഥ, ഓട്ടന്‍തുള്ളല്‍, നാടോടി നൃത്തം, കേരള നടനം, മോണോ ആക്ട്, മിമിക്രി എന്നിവയിലെ ആണ്‍-പെണ്‍ വെവ്വേറെ മത്സരങ്ങള്‍ ഒഴിവാക്കി.
മാര്‍ക്കിന്റെ മാനദണ്ഡങ്ങള്‍
ഒരോ വിഭാഗത്തിനും മാര്‍ക്കിന്റെ മാനദണ്ഡങ്ങള്‍ പ്രത്യേകമായി നിശ്ചയിച്ചിട്ടുണ്ട്. ഓരോ ഇനത്തിനും വിവിധ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി നൂറുവീതം മാര്‍ക്കാണ് ഒരു വിധി കര്‍ത്താവ് നല്‍കുക.
ആനുകാലികതയ്ക്ക് ഓരോ വിഷയത്തിലും പ്രധാന്യമുണ്ട്. 60ന് മുകളില്‍ മാര്‍ക്ക് ലഭിക്കുന്നതിനെ എ,ബി,സി എന്നിങ്ങനെ ഗ്രേഡ് ചെയ്യും. 80ഓ അതിലധികമോ ലഭിക്കുന്നത് എ ഗ്രേഡായും70 മുതല്‍79 വരെ ബി ഗ്രേഡായും 60 മുതല്‍ 69വരെ സി ഗ്രേഡായും പരിഗണിക്കും. അത് പ്രകാരം എ ഗ്രേഡിന് അഞ്ചു മാര്‍ക്കും ബി ഗ്രേഡിന് മൂന്നു മാര്‍ക്കും സി ഗ്രേഡിന് ഒരു മാര്‍ക്കും ലഭിക്കും. എ ഗ്രേഡ് നേടി ടോപ് സ്‌കോര്‍ നേടിയാല്‍ മാത്രമേ മേല്‍തല മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ.
അപ്പീല്‍
ഓരോ മത്സരം പൂര്‍ത്തിയാകുമ്പോഴും പരാതികള്‍ പതിവാണ്. ഇവ പരിഹരിക്കുന്നതിനായി സ്‌കൂള്‍തലം മുതല്‍ അപ്പീല്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് സ്‌കൂള്‍തല അപ്പീല്‍ കമ്മിറ്റി. മത്സരം നടന്ന് ഒരുമണിക്കൂറിനകം 500 രൂപ സഹിതം നിശ്ചിത ഫോറത്തില്‍ പ്രധാനാധ്യാപകന് പരാതി നല്‍കണം.
ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് ഉപജില്ലാ അപ്പീല്‍ കമ്മിറ്റി.1000 രൂപയാണ് ഫീസ്. ഒരുമണിക്കൂറിനകം തന്നെ പരാതി നല്‍കേണ്ടതുണ്ട്. ജനറല്‍ കണ്‍വീനര്‍ വശമാണ് പരാതി നല്‍കേണ്ടത്.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അധ്യക്ഷതയില്‍ വിവിധ കലകളിലെ വിദഗ്ധര്‍ ഉള്‍പ്പെടെ ഒന്‍പത് അംഗങ്ങളാണ് ജില്ലാതല അപ്പീല്‍ കമ്മിറ്റിയില്‍. ഒരുവര്‍ഷം വരെ ഈ കമ്മിറ്റിക്ക് കാലാവധി ഉണ്ടായിരിക്കും. മത്സരഫലം വന്ന് ഒരുമണിക്കൂറിനകം 2000 രൂപ സഹിതം ജനറല്‍ കണ്‍വീനര്‍ക്കാണ് പരാതി നല്‍കേണ്ടത്.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചെയര്‍മാനായുള്ള സംസ്ഥാനതല അപ്പീല്‍ കമ്മിറ്റിയില്‍ പതിനൊന്ന് അംഗങ്ങളായിരിക്കും ഉള്‍പ്പെടുക. 2500 രൂപ ഫീസ് സഹിതം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് പരാതി നല്‍കേണ്ടത്.
വിധികള്‍ അനുകൂലമായാല്‍ പരാതിക്കൊപ്പം നല്‍കിയ സംഖ്യ തിരിച്ചുലഭിക്കും. ജില്ലാതല അപ്പീലിലൂടെ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥി10000 രൂപ നിരതദ്രവ്യം കെട്ടിവയ്‌ക്കേണ്ടതാണ്. സ്‌കോര്‍ മെച്ചപ്പെടുത്തിയില്ലെങ്കില്‍ തുകയും സര്‍ട്ടിഫിക്കറ്റും ലഭിക്കില്ല. മത്സരാര്‍ഥിക്കും ടീം മാനേജര്‍ക്കും മാത്രമാണ് പരാതി നല്‍കാനുള്ള അധികാരം.
മേളകളുടെ നടത്തിപ്പ്
സ്‌കൂള്‍ കലോത്സവം ജനകീയ മത്സരമാക്കി മാറ്റണമെന്നാണ് പൊതുനിര്‍ദേശം. അതിനായി ഉപജില്ലാതലം തൊട്ട് ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി സംഘാടക സമിതികള്‍ രൂപീകരിക്കണം. രക്ഷാധികാരികളും പ്രധാന നിര്‍വാഹക സമിതിയും കൂടാതെ15 ഉപസമിതികളും ഇതിനായി രൂപീകരിക്കണം. മേളകളുടെ നടത്തിപ്പിനാവശ്യമായ പണം അതത് മേഖലകളില്‍ നിന്ന് കണ്ടെത്തേണ്ടതാണ്.
ഗ്രേഡിങ്
മേളകളില്‍ ഏറ്റവും കൂടുതല്‍ വൃക്തിഗത പോയിന്റ് നേടുന്ന പെണ്‍കുട്ടിക്ക് കലാതിലകം എന്ന പട്ടവും ആണ്‍കുട്ടിക്ക് കലാപ്രതിഭ എന്ന പട്ടവും നല്‍കിയിരുന്നു. അതോടൊപ്പം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും ഒരോ മത്സരത്തിനും ലഭിച്ചിരുന്നു. വിവിധ സമയങ്ങളിലായി പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്ന് കലാതിലകവും കലാപ്രതിഭയും ആദ്യ മൂന്ന് സ്ഥാനം നേടുക എന്നതും ഒഴിവാക്കി. തുടര്‍ന്ന് എ,ബി, സി എന്ന ഗ്രേഡുകള്‍ നടപ്പാക്കി. പഠനരംഗത്ത് ഗ്രേഡിങ് വന്നതാണ് ഈ മാറ്റത്തിന് കാരണമായത്.
സ്‌കൂള്‍ യുവജനോത്സവം എന്ന പേരിലറിയപ്പെട്ടിരിന്ന ഈ കലാമേള 2009 മുതല്‍ കേരള സ്‌കൂള്‍ കലോത്സവം എന്ന പേരില്‍ അറിയപ്പെടാനും തുടങ്ങി.
സ്വര്‍ണക്കപ്പ്
1986 മുതലാണ് ഹൈസ്‌കൂള്‍ തലത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന റവന്യൂ ജില്ലക്ക് സ്വര്‍ണക്കപ്പ് നല്‍കിത്തുടങ്ങിയത്. 117.5 പവനുള്ള സ്വര്‍ണക്കപ്പാണ് ഇതിനായി തയാറാക്കപ്പെട്ടത്. 2009 മുതല്‍ ഹയര്‍ സെക്കന്‍ഡറികൂടി ഉള്‍പ്പെടെ ഏറ്റവും കുടുതല്‍ പോയിന്റ് നേടുന്ന റവന്യൂ ജില്ലക്കാണ് സ്വര്‍ണക്കപ്പ് നല്‍കിവരുന്നത്.
വിജയികള്‍ ഇതുവരെ
സ്‌കൂള്‍ കലോത്സവങ്ങള്‍ വീറും വാശിയും നിറഞ്ഞതാണ്. കഴിഞ്ഞ 57 മേളകളില്‍ 19 തവണ വിജയം നേടിയ കോഴിക്കോട് ജില്ലയാണ് വിജയികളില്‍ മുന്നില്‍. 17 തവണ വിജയം നേടി തിരുവനന്തപുരം ജില്ല രണ്ടാം നിരയിലുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോട്ടയം തുടങ്ങിയ ജില്ലകള്‍ അഞ്ചും മൂന്നും തവണകളായി കപ്പുകള്‍ നേടിയവരാണ്. 2007 മുതല്‍ കോഴിക്കോട് ജില്ലയാണ് ചാംപ്യന്മാര്‍, 2015ല്‍ പാലക്കാട് ജില്ലയും ഒന്നാം സ്ഥാനം പങ്കിട്ടിട്ടുണ്ട്.
തുടരുന്ന പരിഷ്‌കരണങ്ങള്‍
മേളകളുടെ നടത്തിപ്പില്‍ കാലാനുസൃത പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഉപജില്ലാ തലത്തിലുള്ള സ്‌കൂളുകളുടെ ബാഹുല്യം കാരണം എല്‍.പി തല മത്സരങ്ങള്‍ പഞ്ചായത്ത് തല മത്സരങ്ങളാക്കി നടന്നുവരുന്നു. അതോടൊപ്പം അധ്യയനഷ്ടം കുറയ്ക്കുന്നതിനായി വെക്കേഷന്‍ കാലയളവിലേക്ക് മേളകളെ മാറ്റുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
ഏഴുദിവസങ്ങളിലായി നടന്നിരുന്ന സംസ്ഥാനമേള ഈ വര്‍ഷം അഞ്ചു ദിവസങ്ങളിലായിട്ടാണ് നടത്തുന്നത്. പ്ലാസ്റ്റിക് വിമുക്തമായ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണ്. രണ്ടു വര്‍ഷം ഒാരോ ഇനത്തില്‍ വിധികര്‍ത്താക്കളായവര്‍ തുടര്‍ന്ന് ആ വിഷയത്തില്‍ തന്നെ വിധിനിര്‍ണയിക്കരുതെന്നും ഈ വര്‍ഷത്തെ പരിഷ്‌കരണങ്ങളില്‍ ഉള്‍പ്പെട്ടതാണ്.
കലാരൂപങ്ങള്‍
By: ദീപ കെ. ടി
സ്‌കൂള്‍ കലോത്സവങ്ങളിലെ ചില പ്രധാനപ്പെട്ട മത്സരയിനങ്ങളെ പരിചയപ്പെടാം. അവയുടെ നിയമങ്ങളും നിബന്ധനകളെയും അറിയാം
വഞ്ചിപ്പാട്ട്
തുഴക്കാരുടെ താളത്തിനൊത്ത് വഞ്ചിയിലിരുന്ന് പാടുന്ന പാട്ടുകളാണ് വഞ്ചിപ്പാട്ട്. തിരുവിതാംകൂറിലെ മാര്‍ത്താണ്ഡവര്‍മ രാജാവ് വൈക്കം ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ രാമപുരത്തുവാര്യരെയും കൂട്ടി അലങ്കരിച്ച തോണിയിലൂടെ യാത്രയായി. ഈ യാത്രയില്‍ രാമപുരത്തുവാര്യര്‍ എഴുതിയ ശ്ലോകങ്ങള്‍ രാജാവിനെ കേള്‍പ്പിച്ചു. ഇതാണ് പിന്നെ വഞ്ചിപ്പാട്ടായി മാറിയത്. കുട്ടനാടന്‍ ശൈലി, ആറന്മുള ശൈലി എന്നിങ്ങനെ രണ്ടുതരത്തിലായി ഇത് വേദിയില്‍ അവതരിപ്പിക്കപ്പെടുന്നു. പത്തു മിനുട്ടാണ് കലോത്സവത്തിലനുവദിക്കപ്പെടുന്ന സമയം.
തിരുവാതിരക്കളി
മലയാളി സ്ത്രീകളുടെ തനത് സംഘനൃത്തമാണ് തിരുവാതിരക്കളി. തിരുവാതിരനാളിന്റെ രാത്രിയിലാണ് ഇത് പൊതുവെ അവതരിപ്പിക്കപ്പെടുന്നത്. ശ്രീപാര്‍വതിയുടെ തപസ്സിനെ തുടര്‍ന്ന് ധനുമാസത്തിലെ തിരുവാതിരനാളില്‍ ശ്രീപരമേശ്വരന്‍ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട സങ്കല്‍പമാണ് ഈ ദിവസത്തെ തിരുവാതിരക്കളി. ലളിതവും കേരളീയവുമായിരിക്കണം വേഷം. പത്തു പെണ്‍കുട്ടികളാണ് കലോത്സവ മത്സര സംഘത്തിലുണ്ടായിരിക്കേണ്ടത്. പത്തു മിനുറ്റാണ് മത്സര സമയം. താളം, വേഷം, ചലനം, ചുവട് എന്നിവ പ്രധാനമാണ്.
ഭരതനാട്യം
സമകാലിക നൃത്തകലകളില്‍ അതിപുരാതനമായ കലാരൂപമായ ദാസ്യനാട്യം എന്നറിയപ്പെട്ടിരുന്ന ഭരതനാട്യം തമിഴ്‌നാട്ടിലാണ് തുടക്കംകുറിച്ചത്. ഒരാള്‍ തന്നെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണിതിലൂടെ.
ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട അഭിനയ ദര്‍പ്പണം എന്ന ഗ്രന്ഥമാണ് ഭരതനാട്യത്തിന് ആധാരം. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ചിന്നയ്യ സഹോദരന്മാരാണ് ദാസിയാട്ടം പരിഷ്‌കരിച്ച് ഭരതനാട്യം എന്ന കലയെ പ്രതിഷ്ഠിച്ചത്. രംഗപൂജയോടെയാണ് ഇതിന്റെ ആരംഭം. പാട്ടിനൊപ്പം മൃദംഗം, ഹാര്‍മോണിയം, വയലിന്‍, ഓടക്കുഴല്‍, കുഴിത്താളം എന്നീ വാദ്യോപകരണങ്ങളും ഉപയോഗിച്ചുവരുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വെവ്വേറെ മത്സരമുണ്ട്. പത്തു മിനുട്ടാണ് സമയദൈര്‍ഘ്യം.
മോഹിനിയാട്ടം
കേരളത്തിന്റെ ശാസ്ത്രീയമായ സ്ത്രീകലാരൂപമായ മോഹിനിയാട്ടം ലാസ്യഭംഗിയേറിയതാണ്. സാവധാനത്തിലുള്ള രംഗചലനങ്ങള്‍, കൈമുദ്രകള്‍, നേത്രഭാവങ്ങള്‍ എന്നിവ ഇതിനെ ശ്രദ്ധേയമാക്കുന്നു. കേരളീയരുടെ പരമ്പരാഗത വേഷമായ കസവുകരയുള്ള വെളുത്ത സാരിയാണ് വേഷം. ക്ഷേത്രങ്ങളില്‍ പ്രാചീനകാലത്ത് നിലനിന്നിരുന്ന ദേവദാസി നൃത്തപാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് മോഹിനിയാട്ടം.
ആദ്യകാലത്തെ ദേവദാസി നൃത്തത്തെ പരിഷ്‌കരിച്ച് മോഹിനിയാട്ടമെന്ന പേരില്‍ പുതുജീവന്‍ നല്‍കിയത് തിരുവിതാംകൂര്‍ രാജാവായിരുന്ന സ്വാതിതിരുനാളാണ്. മോഹിനിയാട്ടത്തെ ഇന്നുകാണുന്ന രീതിയില്‍ പരിഷ്‌കരിച്ചത് കേരള കലാമണ്ഡലത്തിന്റെ സ്ഥാപകന്‍ കൂടിയായ മഹാകവി വള്ളത്തോള്‍ ആണ്. പത്തു മിനുട്ടാണ് സമയദൈര്‍ഘ്യം
ഓട്ടന്‍തുള്ളല്‍
സാധാരണക്കാരന്റെ കഥകളി എന്നറിയപ്പെടുന്ന ഓട്ടന്‍തുള്ളല്‍ കവി കുഞ്ചന്‍ നമ്പ്യാരാണ് ആദ്യമായി ആവിഷ്‌കരിച്ചത്. സാമൂഹിക വിഷയങ്ങളെ നര്‍മത്തോടെയും ആക്ഷേപഹാസ്യത്തോടെയും വിശകലനം ചെയ്ത് രചിച്ച നാടന്‍പാട്ടുകള്‍ക്കൊപ്പമുള്ള രംഗചലനമാണിത്. നൃത്തം ചവിട്ടിയും പാട്ടുപാടിയും ഹസ്തമുദ്രകളിലും ആംഗ്യത്തിലും കൂടെ കഥ ചൊല്ലിപ്പോകുന്ന സമ്പ്രദായമാണ് തുള്ളല്‍കലയിലുള്ളത്.
നൃത്തത്തിനു ചേരുംവിധം രചിക്കപ്പെട്ടിട്ടുള്ളതിനാല്‍ തുള്ളലിലെ സംഗീതം താളപ്രധാനമാണ്. മദ്ദളത്തിനു പകരം ഇപ്പോള്‍ മൃദംഗവും കൈമണിയുമാണ് വാദ്യങ്ങള്‍. അടന്ത, ചെമ്പട, ചമ്പ, പഞ്ചാരി, ഏകം, കാരിക, ലക്ഷ്മി, കുണ്ടനാച്ചി, കുംഭം എന്നിവ താളങ്ങളുമാണ്. കിരീടം, ശരീരത്തെയും വയറിനെയും മറയ്ക്കുന്ന മാര്‍മാല, കഴുത്താര, കൈയില്‍ തോള്‍ക്കൂട്ടം, അരയില്‍ തുണിനാടകള്‍ കൊണ്ടുണ്ടാക്കിയ പാവാട, കരമുണ്ട്, ചിലങ്കകള്‍ എന്നിവയാണ് ഓട്ടന്‍തുള്ളലിലെ വേഷം. പറയന്‍തുള്ളല്‍, ഓട്ടന്‍തുള്ളല്‍, ശീതങ്കന്‍ തുള്ളല്‍ എന്നിവയാണ് മേളയില്‍ ആടേണ്ടത്. പത്തുമിനുട്ടാണ് സമയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."