ഒമാന്‍ ബജറ്റ് എയര്‍ലൈന്‍ ദോഹയിലേക്ക് സര്‍വിസ് തുടങ്ങുന്നു
ദോഹ: ഒമാന്റെ ബഡ്ജറ്റ് എയര്‍ലൈന്‍ സലാം എയര്‍ നവംബര്‍ മുതല്‍ ദോഹ സര്‍വിസ് ആരംഭിക്കും. മസ്ക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ദോഹ ഹമദ് വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ അഞ്ച് സര്‍വിസുകളാണ് നടത്തുക.
നവംബര്‍ 22 മുതല്‍ സര്‍വിസ് ആരംഭിക്കുമെന്ന് സലാം എയര്‍ സി.ഇ.ഒ ക്യാപ്റ്റന്‍ മുഹമ്മദ് അഹമ്മദിനെ ഉദ്ധരിച്ച് ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മേഖലയിലെ വിവിധ ടൂറിസ്റ്റ്, സാംസ്കാരിക, പൈതൃക കേന്ദ്രങ്ങള്‍ തമ്മില്‍ ബന്ധപ്പെടുത്തുക ലക്ഷ്യമിട്ടാണ് പുതിയ സര്‍വിസ് ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സലാം എയര്‍ സര്‍വിസ് നടത്തുന്ന എട്ടാമത് ഡസ്റ്റിനേഷനാണ് ദോഹ.സര്‍വിസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി 2018 ഓടെ ഒരു എ 320 എയര്‍ക്രാഫ്റ്റ് കൂടി കമ്പനിയുടെ വിമാനങ്ങളുടെ കൂട്ടത്തില്‍ പുതുതായെത്തുമെന്നും അദ്ദേഹം പറഞ്ഞു.
സലാം എയറിന്റെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദുബൈ അന്താരഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സര്‍വിസ് അടുത്തിടെ പുനരാരംഭിച്ചിരുന്നു. സലാല, സുഹാര്‍, ദുബൈ, ജിദ്ദ, കറാച്ചി, സിയാല്‍കോട്ട് എന്നിവിടങ്ങളിലേക്ക് സലാം എയര്‍ സര്‍വിസ് നടത്തി വരുന്നുണ്ട്.
മൂന്ന് ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും ഖത്തറിനെതിരെ ഉപരോധം ആരംഭിച്ചതിന് ശേഷം ഒമാന്‍ ഖത്തറിലേക്കുള്ള തങ്ങളുടെ കപ്പല്‍, വ്യോമ ഗതാഗതം വലിയ തോതില്‍ വര്‍ധിപ്പിച്ചിരുന്നു. ഒമാനിലെ സുഹര്‍ തുറമുഖത്ത് നിന്ന് ഹമദ് പോര്‍ട്ടിലേക്ക് നേരിട്ട് ചരക്ക് കപ്പല്‍ സര്‍വിസ് ആരംഭിക്കുകയും വ്യാപാര ബന്ധം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."