സംസ്ഥാന സര്‍ക്കാരിന്റെ സമ്മാനം; കേരളപ്പിറവി ദിനത്തില്‍ പിന്നാക്ക വിഭാഗ പ്രവാസികള്‍ക്ക് പുതിയ വായ്പാ പദ്ധതി
തിരുവനന്തപുരം: തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പിന്നാക്ക വിഭാഗത്തിലും മത ന്യൂനപക്ഷങ്ങളിലുംപെട്ട പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പുതിയ വായ്പാ പദ്ധതി കേരളപ്പിറവി ദിനത്തില്‍ പ്രഖ്യാപിച്ചു. റീ ടേണ്‍ എന്ന പേരില്‍ സ്വയം തൊഴില്‍ വായ്പാ പദ്ധതി പിന്നാക്ക വികസന കോര്‍പറേഷന്‍ വഴിയാണ് നടപ്പാക്കുകയെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.
വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭ്യമാക്കും. ഒരാള്‍ക്ക് പരമാവധി 20 ലക്ഷം രൂപവരെ വായ്പ ലഭിക്കും. ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് എത്ര തുക വേണമെങ്കിലും വായ്പ അനുവദിക്കും. പിന്നാക്ക വിഭാഗത്തിലോ, ന്യൂനപക്ഷ വിഭാഗത്തിലോ പെട്ട 18നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കും രണ്ടുവര്‍ഷം പ്രവാസ ജീവിതത്തിനു ശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയവര്‍ക്കും അപേക്ഷിക്കാം.
പദ്ധതിയടങ്കലിന്റെ 95 ശതമാനം തുക വായ്പയായി അനുവദിക്കും. പുരുഷന്‍മാര്‍ക്ക് അനുവദിക്കുന്നതിനേക്കാള്‍ കുറഞ്ഞ പലിശ നിരക്കിലാണ് സ്ത്രീകള്‍ക്കുള്ള വായ്പാ പലിശനിരക്ക്. വായ്പയെടുക്കുന്നവര്‍ക്ക് പദ്ധതി അടങ്കലിന്റെ 15 ശതമാനം മൂലധന സബ്‌സിഡിയായി നോര്‍ക്ക റൂട്ട്‌സും അനുവദിക്കും. നാല് വര്‍ഷം വരെ പ്രവര്‍ത്തിക്കുന്ന സംരംഭത്തിനു മാത്രമേ സബ്‌സിഡി ലഭിക്കൂ. തിരിച്ചടവിനുള്ള സംഖ്യ സംരംഭകനുതന്നെ നിര്‍ദേശിക്കാമെന്ന പ്രത്യേകതയുമുണ്ട്.
പദ്ധതിപ്രകാരം വായ്പ ലഭ്യമാകുന്നതിന് പ്രവാസികള്‍ നോര്‍ക്ക റൂട്ട്‌സിലാണ് ആദ്യം രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇവിടെനിന്ന് നോര്‍ക്ക ശുപാര്‍ശ ചെയ്യുന്നവര്‍ക്കാണ് പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ വായ്പ അനുവദിക്കുന്നത്. നോര്‍ക്ക റൂട്ട്‌സില്‍നിന്നുള്ള ശുപാര്‍ശക്കത്തുമായി കോര്‍പറേഷന്റെ ജില്ലാ, ഉപജില്ലാ ഓഫിസുകളെ സമീപിച്ചാല്‍ ഈ മാസം 10മുതല്‍ അപേക്ഷാ ഫോറം ലഭിച്ചുതുടങ്ങും. ഇത് പൂരിപ്പിച്ച് മതിയായ രേഖകള്‍ സഹിതമാണ് സമര്‍പ്പിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."