20 വര്‍ഷമായി മുക്കുപണ്ട പണയതട്ടിപ്പ് നടത്തിവന്നയാള്‍ അറസ്റ്റില്‍
കൊട്ടാരക്കര: ഇരുപത് വര്‍ഷമായി മുക്കുപണ്ടങ്ങള്‍ പണയംവച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. തിരുവനന്തപുരം വട്ടിയൂര്‍കാവ് കാച്ചാണി യമുനാനഗറില്‍ വൈകുണ്ഠം വീട്ടില്‍ കൃഷ്ണകുമാറാ(57)ണ് പിടിയിലായത്. കൊട്ടാരക്കര ചന്തമുക്കിലെ നെടിയവിള ബാങ്കേഴ്‌സില്‍ വ്യാജസ്വര്‍ണം പണയം വച്ച് 45,000 രൂപ തട്ടിയെടുത്ത കേസിലാണ് കൃഷ്ണകുമാര്‍ കുടുങ്ങിയത്. കൂടല്‍ പൊലിസ് സ്റ്റേഷനില്‍ സമാനമായ തട്ടിപ്പുനടത്തിയ പ്രതിയെകുറിച്ചുള്ള വിവരത്തിന്റ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം കൃഷ്ണകുമാറിലേക്കെത്തിയത്. സി.സി ടി.വി ദൃശ്യങ്ങളും ഇയാളെ കുടുക്കാന്‍ വഴിയൊരുക്കി. സിനിമാക്കഥകളെപോലും വെല്ലുന്ന തട്ടിപ്പുകളാണ് പ്രതി തനിച്ച് നടത്തി വന്നിരുന്നതെന്ന് കൊട്ടാരക്കര ഡിവൈ.എസ്. പി: ബി.കൃഷ്ണകുമാര്‍ പറഞ്ഞു. ബിസിനസുകാരന്‍ എന്ന വ്യാജേനയാണ് വിവിധഭാഗങ്ങളില്‍ തട്ടിപ്പിനിറങ്ങിയത്. മാന്യമായ പെരുമാറ്റത്തിലൂടെയും സ്ഥാപനങ്ങളിലെ ജീവനക്കാരോട് ബഹുമാനത്തിലൂടെയും സംശയം തോന്നാത്ത രീതിയിലായിരുന്നു ഇടപാടുകള്‍. തിരിച്ചറിയല്‍ രേഖകള്‍ നല്‍കാതിരിക്കാനുള്ള അടവായിട്ടാണ് ഇയാള്‍ അടുത്ത് ഇടപഴകിയതെന്ന് പൊലിസ് പറഞ്ഞു.
സ്വര്‍ണത്തെ വെല്ലുന്ന തരത്തില്‍ മുക്കുപണ്ടത്തിനുമുകളില്‍ കനത്തില്‍ സ്വര്‍ണം പൂശി ഗുണമേന്മ ചിഹ്നം പതിച്ചാണ് ഇയാള്‍ പണം തട്ടിയിരുന്നത്. ഒറ്റനോട്ടത്തില്‍ ഇത് തിരിച്ചറിയാന്‍ കഴിയില്ല. ശാസ്ത്രീയ പരിശോധനയില്‍ മാത്രമെ മുക്കുപണ്ടമാണെന്ന് വ്യക്തമാകൂ.
തിരുവനന്തപുരം പാപ്പനംകോട്, കരമന, വലിയതുറ കൊല്ലം ജില്ലയിലെ കൊട്ടിയം തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാജപേരില്‍ സ്വര്‍ണം പണയംവച്ചതായി പ്രതി സമ്മതിച്ചിട്ടുണ്ട്. കൊല്ലം കുണ്ടറയിലെ ബെഹ്‌റൈന്‍ ഫൈനാന്‍സില്‍ നിന്നും 50,000 രൂപയും ചങ്ങനാശ്ശേരി വെണ്ണാലില്‍ ഫൈനാന്‍സില്‍ നിന്നും 50,000 രൂപയും സമാനമായ രീതിയില്‍ തട്ടിയെടുത്ത കേസും ഇയാളുടെ പേരിലുണ്ട്. പണം നഷ്ടപ്പെട്ട സ്ഥാപന ഉടമകള്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആറ്റുകാല്‍ ക്ഷേത്രത്തിന് സമീപം വൈകുണ്ഠം മിനി ടൂറിസ്റ്റ്‌ഹോം നടത്തി വരുന്ന പ്രതി തട്ടിച്ചെടുത്ത പണം വീട്ടിലെത്തിച്ചിരുന്നില്ലെന്നാണ് വീട്ടുകാര്‍ പൊലിസിന് മൊഴി നല്‍കിയത്.
വ്യാജമുക്ക് സ്വര്‍ണ ഉരുപ്പടികള്‍ ഉണ്ടാക്കാന്‍ കഴിവുള്ള തിരുവനന്തപുരം സ്വദേശി സഹായായി 1997ല്‍ ടൂറിസ്റ്റ് ഹോമില്‍ എത്തിയതോടെയാണ് കൃഷ്ണകുമാര്‍ തട്ടിപ്പ് തുടങ്ങിയത്. 2009ല്‍ ചങ്ങനാശ്ശേരി, ആറന്‍മുള, വള്ളിക്കുന്നം, അഞ്ചല്‍, പൂയപ്പള്ളി, ചാത്തന്നൂര്‍, പാരിപ്പിള്ളി, കിളികൊല്ലൂര്‍, മാന്നാര്‍, പത്തനംതിട്ട, തിരൂര്‍, വാരാപ്പുഴ, എറണാകുളം തുടങ്ങിയ സ്റ്റേഷനുകളില്‍ സമാനകേസില്‍ ഇയാള്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. പണം നഷ്ടപ്പെട്ടവര്‍ക്ക് പണം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കി ജാമ്യത്തിലിറങ്ങുകയാണ് പതിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."