ക്രിക്കറ്റ് ലഹരിയില്‍ ഗ്രീന്‍ഫീല്‍ഡ്
തിരുവനന്തപുരം: ഗ്രീന്‍ഫീല്‍ഡിലെ പുതുപുത്തന്‍ പിച്ചില്‍ കുട്ടി ക്രിക്കറ്റില്‍ പരമ്പര വിജയം മോഹിച്ച് ഇന്ത്യയും ഒന്നാം റാങ്ക് തിരികെ പിടിക്കാന്‍ ന്യൂസിലന്‍ഡും കലാശപ്പോരില്‍ ഏറ്റുമുട്ടും. കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് മൈതാനത്ത് ടി20 പരമ്പരയിലെ അവസാന പോരാട്ടത്തിനായി ഇന്ന് രാത്രി 6.45ന് ഇരു ടീമുകളും കളത്തിലിറങ്ങും.
ഏകദിന പരമ്പരക്ക് പിന്നാലെ ടി20 പരമ്പരയും നേടി വിജയം ഉജ്വലമാക്കാനായി ഇന്ത്യ ഒരുങ്ങി കഴിഞ്ഞു. ഡല്‍ഹിയിലെ ആദ്യ പോരില്‍ കിവികളെ വീഴ്ത്തി ഇന്ത്യ പരമ്പരയില്‍ മേല്‍ക്കൈ നേടിയെങ്കിലും രാജ്‌കോട്ടില്‍ തിരിച്ചടിച്ച് ന്യൂസിലന്‍ഡ് സമനില പിടിച്ചു. ഇന്ന് ഗ്രീന്‍ഫീല്‍ഡില്‍ നടാടെ അരങ്ങേറുന്ന രാജ്യാന്തര പോരാട്ടത്തില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20 പരമ്പര നേട്ടമെന്ന പെരുമയും കാത്തിരിക്കുന്നുണ്ട്.
ഇന്ത്യയുടെ പടയൊരുക്കം ബാറ്റ്‌സ്മാന്‍മാരെയും സ്പിന്നര്‍മാരെയും ആശ്രയിച്ചാണ്. നായകന്‍ വിരാട് കോഹ്‌ലി മുന്നില്‍ നയിക്കുമ്പോള്‍ പൊരുതാനുള്ള ചങ്കുറപ്പുണ്ട് ബാറ്റ്‌സ്മാന്‍മാര്‍ക്ക്. പുതുമുഖങ്ങളായ അക്‌സര്‍ പട്ടേലും യുസ്‌വേന്ദ്ര ചഹലും ഒരുക്കുന്ന സ്പിന്‍ മാന്ത്രികതയുമാണ് ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യയുടെ ആത്മവിശ്വാസം.
ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുമ്‌റയും നയിക്കുന്ന ബൗളിങ് നിരയില്‍ മൂന്നാം പേസറായി ഹര്‍ദിക് പാണ്ഡ്യ എത്തും. അരങ്ങേറ്റ പോരാട്ടത്തില്‍ നാലോവറില്‍ 53 റണ്‍ വിട്ടുകൊടുത്ത മുഹമ്മദ് സിറാജ് ടീമില്‍ ഇടം പിടിക്കാന്‍ സാധ്യത കുറവാണ്. ശിഖര്‍ ധവാനും രോഹിത് ശര്‍മയും ആദ്യ ടി20 ല്‍ 80 റണ്‍സ് വീതമെടുത്ത് ഓപ്പണിങില്‍ 158 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചിരുന്നു. അതേസമയം രണ്ടാം പോരില്‍ ഇരുവര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല.
ഇന്ന് മികച്ച തുടക്കം നല്‍കാന്‍ ഒപണര്‍മാര്‍ക്കായാല്‍ ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യക്ക് പിടിച്ചു നില്‍ക്കാനാവും. ഇന്ത്യന്‍ ബാറ്റിങ് നിരയുടെ കരുത്ത് നായകന്‍ വിരാട് കോഹ്‌ലി തന്നെ. ഏകദിന പരമ്പരിയില്‍ രണ്ട് സെഞ്ച്വറിയും ടി20 യില്‍ ഒരു അര്‍ധ സെഞ്ച്വറിയും നേടിയ കോഹ്‌ലി മിന്നുന്ന ഫോമിലാണ്. നായകന്റെ കിടയറ്റ ബാറ്റിങ് കാണാന്‍ കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
തിളങ്ങുമോ ശ്രേയസ്
ഇന്ത്യന്‍ ടീമിലെ മലയാളി സാന്നിധ്യം ശ്രേയസ് അയ്യര്‍ ഗ്രീന്‍ഫീല്‍ഡിലും പാഡണിയുമെന്ന പ്രതീക്ഷിക്കാം. ഡല്‍ഹിയില്‍ നടന്ന ആദ്യ ടി20 യില്‍ ടീമില്‍ അരങ്ങേറിയ ശ്രേയസിന് ബാറ്റിങിനിറങ്ങാന്‍ സാധിച്ചില്ല. രാജ്‌കോട്ടിലെ രണ്ടാം മത്സരത്തില്‍ ശ്രേയസ് ബാറ്റിങിനെത്തി.
രണ്ടാം ഓവറില്‍ ക്രീസില്‍ എത്തിയ ശ്രേയസ് 21 പന്തില്‍ 23 റണ്‍സുമായി മികച്ച സ്‌കോറിലേക്ക് നീങ്ങവേ പുറത്തായി. ഷോട്ട് സെലക്ഷനിലെ പിഴവാണ് ശ്രേയസിനെ കൂടാരം കയറ്റിയത്. കൂടുതല്‍ ഉത്തരവാദിത്വത്തോടെ സമ്മര്‍ദ്ദം മാറ്റിവച്ച് ശ്രേയസ് ഗ്രീന്‍ഫീല്‍ഡില്‍ മികവ് അടയാളപ്പെടുത്തുമെന്ന് കരുതാം.
ബൗളിങ് മികവിലേക്കെത്തണം
ആദ്യ രണ്ട് പോരിലും അക്‌സര്‍ പട്ടേലിനും യുസ്‌വേന്ദ്ര ചഹലിനും ന്യൂസിലന്‍ഡ് പടക്കെതിരേ മേധാവിത്വം നേടാന്‍ കഴിഞ്ഞില്ല. അവസാന ഓവറുകള്‍ നിയന്ത്രിച്ച് പന്തെറിയുന്നതില്‍ മിടുക്കന്‍മാരാണ് ഭുവനേശ്വറും ബുമ്‌റയും.
രാജ്‌കോട്ടില്‍ മണ്‍റോയും ഗുപ്റ്റിലും കത്തിക്കയറിയതോടെ പേസര്‍മാര്‍ക്ക് താളം പിഴച്ചു. ഇന്ത്യക്കെതിരേ കിവീസ് ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബോള്‍ട്ട് നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. അതേ പിച്ചില്‍ ഭുവനേശ്വറിനും ബുമിറയ്ക്കും വിക്കറ്റ് നേടാനായില്ല. അരങ്ങേറ്റത്തില്‍ ശരിക്കും തല്ല് കിട്ടിയ മുഹമ്മദ് സിറാജിനെ ഇറക്കണോ അതോ മറ്റൊരു ബാറ്റ്‌സ്മാനെ കളിപ്പിക്കണോ എന്ന ചിന്തയിലാണ് നായകന്‍ കോഹ്‌ലിയും പരിശീലകന്‍ രവി ശാസ്ത്രിയും.
ഒന്നാം റാങ്ക് കൊത്തി പറക്കാന്‍ കിവികള്‍
കിവികള്‍ ഗ്രീന്‍ഫീല്‍ഡില്‍ വിജയം കൊത്തി പറക്കാന്‍ മോഹിക്കുന്നത് ടി20 ലെ ഒന്നാം റാങ്ക് തിരിച്ചു പിടിക്കാനാണ്. ഡല്‍ഹിയിലെ തോല്‍വിയോടെ ന്യൂസിലന്‍ഡിന് രണ്ടാം റാങ്കിലേക്ക് ഇറങ്ങേണ്ടി വന്നിരുന്നു.
രാജ്‌കോട്ടില്‍ വിജയം തിരിച്ചു പിടിച്ചതോടെ ഒന്നാം റാങ്കിലേക്ക് തിരിച്ചു പറക്കാമെന്ന ആത്മവിശ്വാസമായി. ഗ്രീന്‍ഫീല്‍ഡില്‍ അവസാ ടി20 യില്‍ ഇന്ത്യയെ തോല്‍പ്പിക്കാനായാല്‍ കിരീടം മാത്രമല്ല ഒന്നാം റാങ്കും കിവികള്‍ക്ക് തിരികെ കിട്ടും. ഇന്ത്യയാകട്ടെ ഐ.സി.സി ടി20 റാങ്കിങില്‍ മൂന്നാം സ്ഥാനത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."