മാവോയിസ്റ്റ് ഭീഷണി: 20 പേര്‍ക്കായി ലുക്ക് ഔട്ട് നോട്ടിസ്
കാളികാവ്: നിലമ്പൂര്‍ പൊലിസ് വെടിവെപ്പിന്റെ ഒന്നാം വാര്‍ഷികത്തില്‍ അക്രമത്തിന് മാവോയിസ്റ്റുകള്‍ തയാറെടുക്കുന്നതായി സംസ്ഥാനത്തെ ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് സുരക്ഷ ശക്തമാക്കി.
ഇതിന്റെ ഭാഗമായി മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന 20 പേര്‍ക്കായി സംസ്ഥാനപൊലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. കേരള, കര്‍ണാടക, തമിഴ്‌നാട്, സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമാകുന്നുവെന്നും കപ്പു ദേവരാജ്, അജിത എന്നിവരെ കൊലപ്പെടുത്തിയ പോലിസിനെതിരേ ശക്തമായ നീക്കം നടത്തുന്നുണ്ടെന്നുമുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പുദേവ രാജും അജിതയും നിലമ്പൂര്‍ കരുളായി വനമേഖലയില്‍ പൊലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് 20 മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ അടങ്ങിയ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരിക്കുന്നത്.
ആറ് വനിതകളടക്കം 20 പേരുടെ ചിത്രങ്ങളാണ് പൊലിസ് പുറത്ത് വിട്ടത്. സംസ്ഥാനത്തെ പ്രധാന ടൗണുകള്‍, ബസ്സ്റ്റാന്റുകള്‍ എന്നിവിടങ്ങളിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
വിക്രം ഗൗഡ, സോമന്‍, സുന്ദരി, വേല്‍ മുരുകന്‍, മണിവാസകം, മൊയ്തീന്‍, സാവിത്രി, കവിത, ഉണ്ണി, ചന്ദ്രു, ഡാനിഷ്, ഗണേഷ്, അരവിന്ദ്, സന്തോഷ്, രാമന്‍, രവി, ശ്രീമതി, രമ, ജയണ്ണ, ലത എന്നിവരുടെ ചിത്രങ്ങളാണ് പോസ്റ്ററുകളിലുള്ളത്. നിലമ്പൂര്‍ വനത്തില്‍ വച്ച് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് പറയപ്പെടുന്ന ലതയുടെ ചിത്രവും പൊലിസ് പുറത്തിറക്കിയ പോസ്റ്ററിലുണ്ട്. ചിത്രത്തില്‍ കാണുന്നവര്‍ നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നും ഇവരെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പരിതോഷികം നല്‍കുമെന്നും പോസ്റ്ററിലുണ്ട്.
ഇവരെ കുറിച്ച് വിവരങ്ങള്‍ കൈമാറുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും പോസ്റ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്.
24 നാണ് നിലമ്പൂര്‍ ഏറ്റുമുട്ടലിന്റെ ഒന്നാം വാര്‍ഷികം. മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലങ്ങളില്‍ പൊലിസ് പട്രോളിങ് ശക്തമാക്കും. കൂടാതെ ബാങ്കുകള്‍, എ.ടി.എമ്മുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട സ്ഥാപന അധികൃതര്‍ക്കും പൊലിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന ബാങ്കുകള്‍, എ.ടി.എം. കൗണ്ടറുകള്‍, പെട്രോള്‍ പമ്പുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ തങ്ങളുടെ നിക്ഷേപവും പണവും മറ്റ് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാനും ബാങ്കില്‍ സുക്ഷിക്കുന്ന പണത്തിന്റെ അളവ് കുറയ്ക്കണമെന്നും പൊലിസ് നിര്‍ദേശിച്ചിട്ടുണ്ട്. കാവല്‍ക്കാരില്ലാത്ത സ്ഥലങ്ങളില്‍ ആളെ നിയമിക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാന അതിര്‍ത്തികളിലും ചെക്ക് പോസ്റ്റുകളിലും വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകളും പൊലിസിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."