പാലത്തിന്‍കാട് തോടിന് കുറുകെ പുതിയ പാലം; നടപടികള്‍ വൈകുന്നു
തേഞ്ഞിപ്പലം: മൂന്നിയൂര്‍- തേഞ്ഞിപ്പലം പഞ്ചായത്തുകള്‍ അതിരിടുന്ന മാതാപ്പുഴ പാലത്തിന്‍കാട് തോടിന് കുറുകെ പുതിയ പാലം സ്വപ്നമായി തന്നെ അവശേഷിക്കുന്നു. തോടിന് കുറുകെയുള്ള തടയണപ്പാലം മാസങ്ങള്‍ക്ക് മുന്‍പാണ് തകര്‍ന്ന് വീണത്. കാലപ്പഴക്കം കാരണം ദ്രവിച്ച് നിന്നിരുന്ന പാലത്തിന്റെ മാതാപ്പുഴ കരയോട് ചേര്‍ന്നുള്ള ഭാഗമാണ് മാസങ്ങള്‍ക്ക് മുന്‍പ് തകര്‍ന്നിരുന്നത്. ഇരുചക്രവാഹനങ്ങളും കാല്‍നടയാത്രക്കാരുമടക്കം നിരവധി പേര്‍ യാത്രചെയ്യുന്ന പാലമാണിത്. യാത്രക്കാരുടെ പ്രയാസം കണക്കിലെടുത്ത് പന ഉപയോഗിച്ച് പണിത താല്‍കാലിക പാലത്തെയാണ് നാട്ടുകാര്‍ ഇപ്പോള്‍ ആശ്രയിക്കുന്നത്.
ആറു പതിറ്റാണ്ട് പഴക്കമുള്ളതാണ് ചെര്‍ന്നൂര്‍ ചാലിതോട്ടിലെ ഈ തടയണ. ചാലിയില്‍ ഉപ്പുവെള്ളം കയറുന്നത് തടയാന്‍ നിര്‍മിച്ച തടയണ രണ്ടുപതിറ്റാണ്ടിലേറെയായി നോക്കുകുത്തിയാണ്. കാലപ്പഴക്കം കാരണം ഉപയോഗിക്കാനും തരമില്ലാത്ത അവസ്ഥയാണ്. ഇത് കണക്കിലെടുത്ത് തൊട്ടടുത്ത് പുതിയ പുതിയ വി.സി.ബി കം ബ്രിഡ്ജ് പണിയാനുള്ള നീക്കമുണ്ട്. ഇതിനായി എം.എല്‍.എ ഫണ്ട് 60 ലക്ഷം രൂപ ഉപയോഗപ്പെടുത്താനുള്ള തീരുമാനവുമുണ്ടായിരുന്നു. തയ്യിലക്കടവ് കരയില്‍ റോഡ് നിര്‍മാണം കുറച്ചുകൂടി പൂര്‍ത്തിയാകാനുണ്ട്. ജില്ലാ പഞ്ചായത്ത് നല്‍കുന്ന 20 ലക്ഷം രൂപ ചെലവിട്ട് റോഡിന്റെ ബാക്കി ഭാഗം പൂര്‍ത്തീകരിക്കുമെന്നും പ്രഖ്യാപനമുണ്ടായതാണ്. എന്നാല്‍ തുടര്‍ നടപടികള്‍ വൈകുന്നതായി ആക്ഷേപമുണ്ട്. അതേ സമയം വി.സി.ബി കം ബ്രിഡ്ജ് പണിയാനുള്ള ടെണ്ടര്‍ നടപടികള്‍ നടന്നു വരുന്നതായി തേഞ്ഞിപ്പലം പഞ്ചായത്തംഗം കള്ളിയില്‍ സവാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."