ഇരുള്‍ പരക്കാത്ത സ്വരമാധുര്യം; കലോത്സവ വേദികളില്‍ വിസ്മയമായി സമീഹ
ഫറോക്ക്: ആകര്‍ഷകമായ സ്വരമാധുര്യത്താല്‍ ഇരുളിനെ വകഞ്ഞുമാറ്റി എട്ടു വയസുകാരി സ്‌കൂള്‍ കലോത്സവ വേദികളില്‍ വിസ്മയമാകുന്നു. രാമനാട്ടുകര വൈദ്യരങ്ങാടി വി.പി സിദ്ദീഖിന്റെ മകള്‍ കാഴ്ചശക്തിയില്ലാത്ത ആയിഷ സമീഹയാണ് മത്സര വേദികളില്‍ വിധികര്‍ത്താക്കളെയും ശ്രോതാക്കളെയും അമ്പരപ്പിക്കുന്ന പ്രകടനം നടത്തുന്നത്. ലളിതഗാനത്തിലും മാപ്പിളപ്പാട്ടിലും പങ്കെടുക്കുന്ന മത്സര വേദികളിലെല്ലാം ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് സമീഹയുടെ മടക്കം. മോയിന്‍കുട്ടി വൈദ്യരുടെ കിസ്സപ്പാട്ടുകളും മാപ്പിള ഇശലുകളും അകക്കണ്ണിന്റെ വെളിച്ചത്തില്‍ പഠിച്ചെടുത്ത് തനിമ ചോരാതെ ആലപിച്ചിറങ്ങുമ്പോള്‍ കാണികള്‍ ഈ കൊച്ചുകലാകാരിയെ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയാണ്. ഫറോക്ക് സബ്ജില്ലാ കലോത്സവത്തില്‍ പങ്കെടുത്ത അഞ്ചില്‍ നാലിനത്തിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് ഈ മിടുക്കി കാഴ്ചയുള്ളവരെ പോലും നിഷ്പ്രഭരാക്കിയത്.
കൊളത്തറ വികലാംഗ വിദ്യാലയത്തിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് സമീഹ. കണ്ണു കാണാനാകില്ലെങ്കിലും ചെറുപ്രായത്തില്‍ തന്നെ ഗാനങ്ങള്‍ ശ്രദ്ധയോടെ കേട്ട് മൂളുമായിരുന്നു. ഇതാണ് സ്‌കൂള്‍ കലോത്സവ വേദികളിലെ വിജയങ്ങള്‍ക്കു സമീഹക്ക് തുണയായത്. ഉപ്പയുടെയും ഉമ്മയുടെയും പ്രോത്സാഹനം കൂടിയായപ്പോള്‍ മത്സര വേദികളില്‍ വൈകല്യം മറന്ന് പാടിത്തിമിര്‍ക്കുകയാണ്. മാപ്പിളപ്പാട്ടിലും ലളിതഗാനത്തിലുമാണ് സമീഹയുടെ മിന്നും പ്രകടനം. ചെറുവണ്ണൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന സബ്ജില്ലാ കലോത്സവത്തില്‍ മാപ്പിളപ്പാട്ട്, ലളിതഗാനം, അറബിഗാനം, സംഘഗാനം എന്നീ ഇനങ്ങളിലാണ് ഒന്നാം സ്ഥാനം നേടിയത്. അറബി സംഘഗാനത്തില്‍ ഒന്നാം സ്ഥാനം നഷ്ടമായെങ്കിലും എ ഗ്രേഡ് സ്വന്തമാക്കി.
ബ്ലൈന്റ് ഫെഡറേഷന്‍ ഓഫ് കേരള സംസ്ഥാന കലോത്സവത്തില്‍ മാപ്പിളപ്പാട്ടിലും ലളിത ഗാനത്തിലും ഒന്നാം സ്ഥാനം സമീഹക്കായിരുന്നു. കൂടാതെ കഴിഞ്ഞ മാസം മണക്കാട് നടന്ന സംസ്ഥാന സ്‌പെഷല്‍ കലോത്സവത്തില്‍ മാപ്പിളപ്പാട്ടിലും ലളിതഗാനത്തിലും വിജയിച്ചു. കൊളത്തറ വികലാംഗ വിദ്യാലയത്തിലെ സംഗീത അധ്യാപകരായ കരീം, സീനത്ത് എന്നിവരാണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി സമീഹയെ പരിശീലിപ്പിക്കുന്നത്. ഗാനങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴിയും മറ്റും കേള്‍പ്പിച്ചും ബ്രൈല്‍ ലിപിയില്‍ എഴുതി തയാറാക്കി നല്‍കിയുമാണ് ഇവളെ പഠിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സബ്ജില്ലാ കലോത്സവത്തില്‍ ലളിതഗാനത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയെങ്കിലും ജില്ലാ കലോത്സവത്തിലേക്ക് അവസരം ലഭിക്കാത്തതില്‍ കടുത്ത നിരാശയിലായിരുന്നു സമീഹയും രക്ഷിതാക്കളും. എന്നാല്‍ ഈ വര്‍ഷം ഒന്നാം സ്ഥാനം നേടിയ ഇനങ്ങളില്‍ ജില്ലാ തലത്തില്‍ മത്സരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. പിതാവിന്റെ സുഹൃത്തിന്റെ മകളുടെ കല്യാണത്തിന് സമീഹ പാടിയ 'മിന്നും മിന്നാ മിനുങ്ങെ...' എന്നു തുടങ്ങുന്ന ഗാനം ഫേസ്ബുക്കില്‍ 10 ലക്ഷം പേരാണ് ഇതിനോടകം കണ്ടത്. രാമനാട്ടുകരയിലെ ഓട്ടോ ഡ്രൈവറാണ് പിതാവ്. ഉമ്മ പി.ഇ റൈഹാനത്ത്, സഹോദരങ്ങള്‍ കിയാസത്ത്, കല്‍ഫാന്‍, സലാമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."