സമയത്തെയും ദൂരത്തെയും തോല്‍പ്പിച്ച് കുരുന്നു ജീവനുമായി അഖില്‍ദേവ് പറന്നെത്തി
കൊച്ചി: സമയത്തെയും ദൂരത്തെയും തോല്‍പ്പിച്ച് കുരുന്നു ജീവനുമായി അഖില്‍ദേവ് ആംബുലന്‍സുമായി കോഴിക്കോട് നിന്ന് കൊച്ചിയില്‍ പറന്നെത്തി. താനൂര്‍ സ്വദേശികളായ ദമ്പതികളുടെ മുപ്പത് ദിവസം മാത്രം പ്രായമുള്ള ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് അഖില്‍ദേവ് എന്ന ആംബുലന്‍സ് ഡ്രൈവര്‍ വെറും മൂന്ന് മണിക്കൂര്‍കൊണ്ട് എത്തിച്ചത്.
ഉച്ചക്ക് ഒരുമണിക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് പുറപ്പെട്ട ആംബുലന്‍സ് മൂന്നുമണിക്കൂര്‍ പിന്നിട്ട് നാലുമണിക്ക് കൊച്ചി ലിസി ആശുപത്രിയിലെത്തി.
അഞ്ച് മാസം മുന്‍പാണ് കോഴിക്കോട് ചേളന്നൂര്‍ സ്വദേശിയായ അഖില്‍ ആംബുലന്‍സ് ഡ്രൈവറായി ജോലിക്ക് കയറിയത്. നിരവധി തവണ രോഗികളെ ആശുപത്രികളിലേക്ക് ആടിയന്തരമായി എത്തിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇതുപോലൊരുവെല്ലുവിളി ഏറ്റെടുക്കുന്നതെന്ന് അഖില്‍ പറഞ്ഞു. ഇടപ്പള്ളിയില്‍ നിന്ന് ലിസി ഹോസ്പിറ്റല്‍വരെമാത്രമാണ് പൊലിസ് അകമ്പടിലഭിച്ചത്.
കുഞ്ഞിന്റെ ജീവനുമായി കുതിച്ചുപാഞ്ഞ ആംബുലന്‍സ് തൃശൂരും ഇടപ്പള്ളിയിലും ഗതാഗതക്കുരുക്കില്‍പെട്ടില്ലായിരുന്നെങ്കില്‍ ഇതിലും നേരത്തെ എത്താന്‍ സാധിക്കുമായിരുന്നുവെന്ന് അഖില്‍ പറഞ്ഞു. സ്‌കൂള്‍ വിട്ട് കുട്ടികള്‍ റോഡില്‍ ഇറങ്ങുന്നസമയമായതുംചെറിയതോതില്‍ ബുദ്ധിമുട്ടുണ്ടാക്കി. എന്നാലും താന്‍ മൂലം ഒരു കുരുന്നിന് പുതുജീവന്‍ ലഭിക്കുമെന്നതിന്റെ സന്തോഷത്തിലാണ് അഖില്‍.
മുപ്പത് ദിവസം മുന്‍പ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ജനിച്ചത്. കുറച്ച് ദിവസങ്ങള്‍ക്കു ശേഷം കടുത്ത ശ്വാസതടസം നേരിടുകയും ശരീരത്തില്‍ നീലനിറം വ്യാപിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വിശദമായ പരിശോധനയില്‍ ശുദ്ധരക്തവും അശുദ്ധ രക്തവും വഹിക്കുന്ന കുഴലുകള്‍ പരസ്പരം മാറിയിരിക്കുന്നതായി മനസിലാക്കിയ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിക്കുകയായിരുന്നു. കൂടാതെ പത്തു ദിവസമായി തുടരുന്ന വെന്റിലേറ്ററിന്റെ സഹായവും തുടര്‍ന്നുണ്ടായ കടുത്ത ന്യൂമോണിയയും സ്ഥിതി കൂടുതല്‍ ഗുരുതരമാക്കി. കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ കണക്കിലെടുത്ത് ഹൃദ്യം പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫിസര്‍ കുട്ടിയെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ശസ്ത്രക്രിയയ്ക്കായി ലിസി ആശുപത്രിയില്‍ എത്തിക്കുവാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.
കോഴിക്കോട് നിന്ന് കൊച്ചിയിലെത്തിച്ച കുട്ടിയെ ഉടന്‍ തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസത്തിനകം ഹൃദയ ശസ്ത്രക്രിയ നടത്തുവാനാണ് ഡോക്ടര്‍മാര്‍ തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."