വിജയ ശില്‍പി
റയില്‍വേ എന്‍ജിന്‍ മുതല്‍ സാധാരണ ഉപ്പു വരെ നിര്‍മിച്ച് വ്യവസായത്തെ ഒരു ലോകം തന്നെയാക്കിയ ടാറ്റാ കുടുംബം ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴിലവസരം നല്‍കുകയും അങ്ങനെ അതികായനായ വ്യവസായപ്രമുഖനായി 50 വര്‍ഷത്തിലേറെ ആ സാമ്രാജ്യത്തിന്റെ അധിപനായി വാഴുകയും ചെയ്തു. ടാറ്റാ കോര്‍പറേറ്റ് എന്ന സ്ഥാപനത്തിന്റെ നായകനും വൈമാനികനുമായ ജഹാംഗീര്‍ രത്തന്‍ജി ദാദാഭായ് ടാറ്റ 1904 ജൂലൈ 29-ന് പാരീസിലാണ് ജനിച്ചത്.
ബാല്യ കാലം
രത്തന്‍ജി ദാദാഭായ് ടാറ്റ(1856 - 1926)യും ഫ്രഞ്ച്‌വനിത സൂസൈന്‍ സൂനിയുമായിരുന്നു മാതാപിതാക്കള്‍. അമ്മയുടെ സ്വദേശമായ പാരീസിലെ ജാന്‍സണ്‍ ഡി സൈലി സ്‌കൂളിലെ പഠനശേഷം ബോംബേയിലെ കത്തീഡ്രല്‍ സ്‌കൂളിലും ജോണ്‍ കാനന്‍ സ്‌കൂളിലും വിദ്യാഭ്യാസം നടത്തി. രത്തന്‍ ടാറ്റ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിനുളള ആഗ്രഹം പിതാവിനെ അറിയിച്ചെങ്കിലും അദ്ദേഹം ടാറ്റായുടെ ആഗ്രഹത്തെ നിരുത്സാഹപ്പെടുത്തി. പൈതൃകമായി കിട്ടിയ സ്റ്റീല്‍ യൂണിറ്റിന്റെ നേതൃത്വമേറ്റെടുക്കാനായി ഇന്ത്യയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഫ്രഞ്ച് ആര്‍മിയിലെ സേവനം മതിയാക്കി പിതാവിന്റെ ഇഷ്ടപ്രകാരം ടാറ്റ 1925-ല്‍ ഇന്ത്യയിലേക്ക് മടങ്ങി. 1926-ല്‍ പിതാവിന്റെ മരണത്തോടെ ഭാരിച്ച ഉത്തരവാദിത്വം ടാറ്റായുടെ ചുമലിലായി. ടാറ്റാസണ്‍സ് ലിമിറ്റഡിന്റെ ഒരു അസിസ്റ്റന്റായി, ജംഷഡ്പൂരിലെ സ്റ്റീല്‍ യൂണിറ്റില്‍, ജോണ്‍ പീറ്റര്‍സണ്ണിനു കീഴില്‍ ആറു വര്‍ഷം പരിശീലനം നേടി. അന്നു തുടങ്ങിയ അശ്രാന്തപരിശ്രമം 14 കമ്പനികളില്‍ നിന്ന് ടാറ്റാ ഗ്രൂപ്പിനെ 95 കമ്പനികളിലേക്ക് ഉയര്‍ത്തി.
വിജയ സ്മിതം
1938-ല്‍ ടാറ്റാ ഗ്രൂപ്പിന്റെ സാരഥിയായ അദ്ദേഹം വിവിധ സ്ഥാപനങ്ങളുടെ ഡയറക്ടര്‍, എം.ഡി, ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് അഞ്ച് പതിറ്റാണ്ടോളം ടാറ്റാ ഗ്രൂപ്പിനെ നയിച്ച് വ്യവസായ സാമ്രാജ്യം വിപുലീകരിച്ചു. 1991-ല്‍ ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് വിരമിച്ച ജെ.ആര്‍.ഡി.ടാറ്റാ, ടാറ്റായുടെ പിന്‍ഗാമിയായി രത്തന്‍ ടാറ്റായെ നിയമിക്കുകയും ചെയ്തു. പൈലറ്റാവുക എന്നതായിരുന്നു 10ാം വയസിലേ ജെ.ആര്‍.ഡി ടാറ്റായുടെ സ്വപ്‌നം. ഉന്നതവിദ്യാഭ്യാസത്തിനു ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ടാറ്റാ ബോംബേ ഫഌയിങ് ക്ലബില്‍ അംഗമായി.അതുവഴി പൈലറ്റ് ലൈസന്‍സ് നേടിയ ആദ്യത്തെ ഇന്ത്യക്കാരനുമായി. അദ്ദേഹത്തിന്റെ പരിശ്രമം മൂലമാണ് ടാറ്റാ എയര്‍ലൈന്‍സ് ഇന്ത്യയില്‍ ആരംഭിച്ചത്. ടാറ്റാ എയര്‍ലൈന്‍സിന്റെ ഉദ്ഘാടന പറക്കല്‍ ദിവസമായ 1932 ഒക്‌ടോബര്‍ 15-ന് ടാറ്റാ സ്വയം അദ്ദേഹത്തിന്റെ വിമാനം തപാല്‍ സാമഗ്രികളുമായി ബോംബെയില്‍ നിന്ന് കറാച്ചിവരെയും തിരിച്ച് ബോംബേയിലേക്കും പറത്തി. അതിനു മുന്‍പ് തന്നെ 1930-ല്‍ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമിടയ്ക്ക് ഒറ്റയ്ക്ക് അദ്ദേഹം വിമാനം പറത്തി. ടാറ്റാ എയര്‍ ലൈസന്‍സിന്റെ 50-ാം വാര്‍ഷികത്തില്‍, 1982-ല്‍ (ടാറ്റായുടെ 78-ാം വയസില്‍ ഒക്‌ടോബര്‍ 15-ന് വീണ്ടും കറാച്ചിയില്‍ നിന്ന് ബോംബേയിലേക്ക് അദ്ദേഹം ഒറ്റയ്ക്ക് വിമാനം പറത്തി ചരിത്രം സൃഷ്ടിച്ചു. വിമാന സര്‍വിസുകള്‍ ദേശസാല്‍ക്കരിച്ച ശേഷം ദീര്‍ഘകാലം ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും എയര്‍ ഇന്ത്യയുടെയും ചെയര്‍മാനായിരുന്നു അദ്ദേഹം.
എയര്‍ ലൈന്‍സിന്റെ പിതാവ്
ഇന്ത്യയിലെ പാര്‍സി-സൗരാഷ്ട്രിയന്‍ സമൂഹത്തിലെ ഒരംഗമായിരുന്ന ജെ.ആര്‍.സി. ടാറ്റ വ്യവസായ സാമ്രാട്ട് എന്ന നിലയില്‍ മാത്രമല്ല ഇന്നറിയപ്പെടുന്നത്. തൊഴിലാളികളുടെ ഉറ്റസ്‌നേഹിതന്‍ എന്ന നിലയില്‍ കൂടിയാണ്. തൊഴിലാളികളുടെ ക്ഷേമമാണ് ബിസിനസിന്റെ പരമപ്രധാന ലക്ഷ്യമെന്ന് വിശ്വസിച്ച ടാറ്റ അവരോട് സ്‌നേഹത്തോടെ പെരുമാറണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. കര്‍മനിരതവും നന്ദിയും കെട്ടുറപ്പുമുള്ള ബന്ധവും ഒരുമിച്ച് ചേര്‍ന്ന് ടാറ്റാ സ്റ്റീല്‍ എന്ന ബിസിനസ് സാമ്രാജ്യം തൊഴിലാളികളും ഭരണസാരഥിയും ഒന്നു ചേര്‍ന്നുളള 70 വര്‍ഷം സമാധാനത്തിലൂന്നിയ ഒരു ഭരണക്രമം ലോകത്തിനു മുന്നില്‍ കാഴ്ചവച്ചു.
1932-ല്‍ ടാറ്റാ തുടങ്ങിയ ടാറ്റ എയര്‍ലൈന്‍സ് ഇന്ത്യയുടെ വ്യോമഗതാഗതരംഗത്ത് ഒരു മുന്നേറ്റമായിരുന്നു. നിരവധി ഗവേഷണ സ്ഥാപനങ്ങള്‍ക്കും അദ്ദേഹം തുടക്കമിട്ടു. 1953-ല്‍ ടാറ്റാ എയര്‍ഇന്ത്യ ചെയര്‍മാനായി. പുതിയപുതിയ കാറുകളും മത്സരയോട്ടവും ടാറ്റായുടെ ഇഷ്ടങ്ങളായിരുന്നു. ജാക്ക് വിക്കജി എന്ന വക്കീലിന്റെ പുത്രിയായ തെല്‍മയെ ടാറ്റ വിവാഹം ചെയ്തു. ഈ ദമ്പതികള്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല.
തൊഴിലാളികളുടെ
സ്‌നേഹിതന്‍
വ്യവസായ സ്ഥാപനങ്ങള്‍ക്കു പുറമെ നിരവധി ശാസ്ത്രീയ-സാംസ്‌കാരിക-ആരോഗ്യ-ധര്‍മസ്ഥാപനങ്ങളുടെയും സ്ഥാപകനാണ് അദ്ദേഹം. ദേശീയപ്രസ്ഥാനവുമായി ടാറ്റായ്ക്ക് വളരെയധികം അടുപ്പുമണ്ടായിരുന്നു. ക്വിറ്റ്ഇന്ത്യ പ്രമേയം പാസാക്കിയ 1942-ലെ ബോംബെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. നെഹ്‌റുവുമായി ടാറ്റാ ആത്മബന്ധം പുലര്‍ത്തിയിരുന്നു. 1948-ല്‍ ഐക്യരാഷ്ട്ര ജനറല്‍ അസംബ്ലിയില്‍ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. ഗാന്ധി സ്മാരകനിധിയുടെയും കസ്തൂര്‍ബാ സ്മാരക ദേശീയ ട്രസ്റ്റിന്റെയും ട്രസ്റ്റിയുമായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ വ്യോമസേനയിലെ ഓണററി എയര്‍വേസ് മാര്‍ഷല്‍ പദവിയുളള ടാറ്റായ്ക്ക് ദുര്‍ഗാപ്രസാദ് ഖൈത്താന്‍ സ്വര്‍ണമെഡല്‍, ഹൈദരാബാദ് സര്‍വകലാശാലയുടെ ഓണററി ഡി.എസ്.സി ബിരുദം, കമാന്‍ഡര്‍ ഓഫ് ലീജിയന്‍ ഓഫ് ഓണര്‍(1983) തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
1955-ല്‍ പത്മഭൂഷണ്‍ നല്‍കി ടാറ്റയെ രാജ്യം ആദരിച്ചു. 1992-ല്‍ ഭാരതരത്‌നവും അതേവര്‍ഷം തന്നെ ഐക്യരാഷ്ട്ര സഭയുടെ പോപ്പുലേഷന്‍ അവാര്‍ഡും ടാറ്റാ നേടി. അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടും സത്യനിഷ്ഠയും പ്രസിദ്ധമാണ്. സ്വിറ്റ്‌സര്‍ലണ്ടിലെ ജനീവയില്‍ വച്ച് 1993 നവംബര്‍ 29-ന് ആ ഇതിഹാസ പുരുഷന്‍ ലോകത്തോട് വിട പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."