മുഗാബെക്കെതിരായ സൈനിക നടപടി ഭരണഘടനാപരമെന്ന് സിംബാബ്‌വെ കോടതി
ഹരാരെ: മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുടെ രാജിയിലേക്കു നയിച്ച സൈനിക നടപടി നിയമപരമായി സാധുതയുള്ളതാണെന്ന് സിംബാബ്‌വെ ഹൈക്കോടതി. പുതിയ ഭരണകൂടത്തിനു കീഴില്‍ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെ കുറിച്ച് ആശങ്കകളുയര്‍ത്തുന്നതാണു കോടതി വിധി.
പ്രസിഡന്റ് മുഗാബെയുടെ അടുത്തയാളുകള്‍ തങ്ങളുടെ പദവി ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കാനായി രാജ്യത്തെ പ്രതിരോധ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടന്ന നടപടികള്‍ ഭരണഘടനാപരമാണെന്ന് കോടതി വ്യക്തമാക്കി. നിയമപരമായി തെരഞ്ഞെടുക്കപ്പെട്ടവര്‍ വഹിക്കേണ്ട അധികാരങ്ങള്‍ അല്ലാത്തവര്‍ കൈയാളുന്നത് തടയാനാണ് ഇത്തരമൊരു നീക്കമുണ്ടായതെന്നും, മുഗാബെയുടെ ഭാര്യ ഗ്രെയ്‌സിനെ പരോക്ഷമായി സൂചിപ്പിച്ച് കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ 15നായിരുന്നു മുഗാബെയെ വീട്ടുതടങ്കലിലാക്കി രാജ്യത്തിന്റെ അധികാരം സൈന്യം ഏറ്റെടുത്തത്. ഇതേതുടര്‍ന്ന് ഒരാഴ്ചയായി രാജ്യത്ത് തുടര്‍ന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥ ചൊവ്വാഴ്ച മുഗാബെ രാജിവച്ചതോടെയാണ് പൂര്‍വസ്ഥിതിയിലെത്തിയത്.
നേരത്തെ മുഗാബെ പുറത്താക്കിയ മുന്‍ വൈസ് പ്രസിഡന്റ് എമേഴ്‌സന്‍ എംനംഗാഗ്വ വെള്ളിയാഴ്ച പുതിയ പ്രസിഡന്റായി അധികാരമേറ്റിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഗാബെ എത്തിയിരുന്നില്ലെങ്കിലും അദ്ദേഹത്തെ രാഷ്ട്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളാണെന്ന് ചടങ്ങില്‍ എമേഴ്‌സന്‍ വിശേഷിപ്പിച്ചിരുന്നു. മുഗാബെയെ പ്രോസിക്യൂട്ട് ചെയ്യില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്നും എമേഴ്‌സന്‍ പ്രഖ്യാപിച്ചു.
സിംബാബ്‌വെയുടെ രണ്ടാം പ്രസിഡന്റാണ് എംനംഗാഗ്വ. 1980ല്‍ ബ്രിട്ടനില്‍നിന്നു സ്വാതന്ത്ര്യം നേടിയ സിംബാബ്‌വെയെ കഴിഞ്ഞയാഴ്ച വരെ നയിച്ചത് മുഗാബെയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."