രാജ്യത്ത് വര്‍ഗീയചേരിതിരിവിനുള്ള ശ്രമം തിരിച്ചറിയണം: മുജാഹിദ് ലീഡേഴ്‌സ് മീറ്റ്
കോഴിക്കോട്: രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള ശ്രമങ്ങള്‍ തടയാന്‍ കരുതലോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് അഭിപ്രായപ്പെട്ടു. വിദ്വേഷരാഷ്ട്രീയത്തിന് നിലം പാകപ്പെടുത്താനാണ് ഫാസിസ്റ്റുകള്‍ ശ്രമിക്കുന്നത്. ഇത് തിരിച്ചറിയാന്‍ യുവാക്കള്‍ക്ക് സാധിക്കണം. വര്‍ഗീയ പ്രചാരണം കൊണ്ട് വര്‍ഗീയ ശക്തികള്‍ക്കു മാത്രമേ ഗുണം ലഭിക്കുകയുള്ളൂ എന്ന് മനസിലാക്കണം. യുവാക്കളെ റാഞ്ചുന്ന മതമൗലികവാദികള്‍ക്കും വര്‍ഗീയശക്തികള്‍ക്കുമെതിരേ സഹിഷ്ണുതയുടെ സന്ദേശം വ്യാപിപ്പിക്കണമെന്ന് സംഗമം ചൂണ്ടിക്കാട്ടി.
മതംമാറ്റത്തിന്റെ പേരിലുള്ള അനാവശ്യ മത്സരങ്ങള്‍ ആസൂത്രിതമാണ്. ഈ മതമത്സരം കൊണ്ട് വിഭാഗീയ ശക്തികള്‍ക്കു മാത്രമേ നേട്ടമുണ്ടാവൂ. ഇസ്‌ലാമിന്റെ സങ്കേതിക ശബ്ദമായ ജിഹാദ് ദുര്‍വ്യാഖ്യാനം ചെയ്ത് മതതീവ്രവാദത്തിനും വര്‍ഗീയ പ്രചാരണത്തിനും തെളിവു നിര്‍മിക്കുന്നത് അപഹാസ്യമാണ്. വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്നതിനെ ഭയപ്പെടുന്നത് വര്‍ഗീയ ശക്തികള്‍ മാത്രമാണ്. മതനിരാസത്തിനും തീവ്ര ആത്മീയതക്കുമെതിരേ യുവാക്കളുടെ കര്‍മ ശേഷി വിനിയോഗിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
കെ.എന്‍.എം. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എ. അസ്ഗറലി ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം. പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. കണ്‍വീനര്‍ പി.കെ. സകരിയ്യ സ്വലാഹി അദ്ധ്യക്ഷനായി. കെ.സി. നിഅ്മത്തുല്ല ഫാറൂഖി, നിസാര്‍ ഒളവണ്ണ, പി.സി. മന്‍സൂര്‍ എളകൂര്‍, അനീസ് പുത്തൂര്‍, ഫസലുദ്ദീന്‍ തേങ്ങാട്, അബ്ദുല്‍ഖാദര്‍ കടവനാട്, അബ്ദുല്‍ ജലീല്‍, ഹമീദലി അരൂര്‍, ടി.വി. അഹമ്മദ് വേങ്ങര തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."